ADVERTISEMENT

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മ അന്തരിച്ചതും ലബനനിലെ പേജർ സ്ഫോടനത്തിൽ ബൾഗേറിയയിലെ മലയാളിയുടെ കമ്പനിക്ക് പങ്കുണ്ടെന്നുള്ള റിപ്പോർട്ടുമടക്കമുള്ളവയാണ് വെള്ളിയാഴ്ചത്തെ പ്രധാനവാർത്തകൾ.

അർബുദ രോഗബാധിതയായി എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 5.33നാണ് കവിയൂർ പൊന്നമ്മയുടെ അന്ത്യം. സംസ്കാരം ശനിയാഴ്ച.

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിന്‍സൻ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പേജർ സ്ഫോടനങ്ങളിൽ റിൻസൻ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനു പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി പിന്നീട് വ്യക്തമാക്കി.

തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് പൊലീസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി.

പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടത്തുക.

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകുമെന്ന് സൂചന. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ. തോമസ് മന്ത്രിയാകും. ഒരാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകും. മുംബൈയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി സ്ഥാനം ഒഴിയാന്‍ എ.കെ.ശശീന്ദ്രന്‍ സന്നദ്ധത അറിയിച്ചു.

English Summary:

Today's News Wrap: 2024 September 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com