ADVERTISEMENT

ന്യൂഡൽഹി ∙ വയനാട്ടിലേക്ക് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഫെയ്സ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചാണ് രാഹുലിന്റെ അഭ്യർഥന. ഉപജീവനത്തിനായി ടൂറിസ്റ്റുകളെ ആശ്രയിക്കുന്ന വയനാട്ടുകാർ സഹായത്തിനായി കാത്തിരിക്കുന്നു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിധാരണ മാറ്റുവാനാണ് രാഹുലിന്റെ പോസ്റ്റ്.

‘‘വയനാടിന്റെ സൗന്ദര്യം തർക്കമില്ലാത്തതാണ്. പക്ഷേ അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നും ആകർഷിച്ചത്. വിനോദസഞ്ചാരത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകൾ നിങ്ങളുടെ എല്ലാവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെയുണ്ടായ ദുരന്തം മുണ്ടക്കൈ പ്രദേശത്തെ മാത്രം ബാധിച്ചപ്പോൾ, വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിധാരണയുണ്ടായി.

ഇത് വിനോദ സഞ്ചാരമേഖലയിൽ വലിയ ഇടിവുണ്ടാക്കി. വയനാട് ഇപ്പോഴും ചടുലവും സ്വാഗതാർഹവുമാണ്, അതിന്റെ ചൈതന്യം തകർക്കപ്പെടാത്തതാണ്. വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാർഗങ്ങൾ പുനർനിർമിക്കാനും അതിന്റെ ഉന്മേഷം വീണ്ടെടുക്കാനും സഹായിക്കാൻ, വയനാടിന്റെ സൗന്ദര്യം സന്ദർശിക്കാനും അനുഭവിക്കാനും നിങ്ങളോട് അഭ്യർഥിക്കുന്നു’’ – രാഹുൽ പറഞ്ഞു.

കേരള ഹോംസ്‌റ്റേ ആൻഡ് ടൂറിസം സൊസൈറ്റി പ്രതിനിധി വിനോദ് രവീന്ദപ്രസാദ്, ഡിടിപിസി ജീവനക്കാരന്‍ ലൂക്ക ഫ്രാന്‍സിസ്, ടാക്‌സി ഡ്രൈവര്‍ ഉണ്ണി കല്‍പറ്റ, വനിതാഹോട്ടല്‍ ഉടമ ശാന്ത നന്ദനന്‍, ഓട്ടോഡ്രൈവര്‍ മുസ്തഫ തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ സഹിതമാണ് രാഹുലിന്റെ പോസ്റ്റ്.

English Summary:

Rahul Gandhi Urges Tourists to Support Wayanad's Recovery Post-Landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com