ADVERTISEMENT

തിരുവനന്തപുരം∙ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. ഡിജിപിക്ക് ഇന്നലെ റിപ്പോർട്ട് കൈമാറി. പൂരം നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന എം.ആർ.അജിത്കുമാർ പൊലീസിനെ ന്യായീകരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകിനെതിരെ വിമർശനമുള്ളപ്പോൾ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് പരാമർശങ്ങളില്ലെന്നാണ് ലഭിക്കുന്ന വിവരം.

പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. കോടതി നിർദേശങ്ങളുടെ ഭാഗമായാണ് പൊലീസ് സുരക്ഷാ നടപടികൾ സ്വീകരിച്ചത്. പൊലീസിന്റെ നടപടിക്രമങ്ങൾ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. സുരക്ഷ ഒരുക്കിയതിന്റെ ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂരത്തിലെ ചില ചടങ്ങുകൾ വൈകിയതിൽ പ്രതിഷേധം ഉയർന്നെന്നും അതിനു പിന്നിൽ പൊലീസിന്റെ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഗൂഢാലോചന നടന്നതിനു തെളിവുമില്ല. ദേവസ്വം അധികൃതരും ഗൂഢാലോചന നടന്നതായി പറഞ്ഞിട്ടില്ല.

തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ കുറ്റപ്പെടുത്തിയാണ് റിപ്പോർട്ട്. മലയാളിയായിട്ടും ഉത്സവച്ചടങ്ങ് നടത്തേണ്ടത് എങ്ങനെയാണെന്ന് കമ്മിഷണർക്ക് മനസിലാക്കിയില്ല. കമ്മിഷണർ അനുഭവ പരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നു. സഹായത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. കമ്മിഷണർ ജനങ്ങളോട് അനുനയത്തിൽ ഇടപെട്ടില്ല. കാര്യങ്ങൾ കൈവിട്ടിട്ടും സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല.

മുൻപ് പൂരം നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ദേവസ്വം അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണുമായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്. ആരോപണങ്ങളെത്തുടർന്ന് പൂരം അവസാനിച്ചയുടൻ അങ്കിത് അശോകിനെ കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പായതിനാൽ ഒന്നര മാസത്തോളം വൈകിയതിനുശേഷമാണ് അങ്കിത് അശോകിനെ മാറ്റിയത്.

2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വൻ വിവാദത്തിലായത്. 21ന് പുലർച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേ‍ഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പൊലീസിനെ ചോദ്യം ചെയ്തു. ആൾക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്നും പരാതിയുയർന്നു. പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു. 

English Summary:

No Conspiracy in Thrissur Pooram Fiasco, ADGP Report Points to Police Missteps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com