ADVERTISEMENT

കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ. മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും നിർദേശം. മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയത്.

പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയിൽ വച്ചാണെന്നും മകൾ ആശാ ലോറൻസ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ലോറൻസിന്റെ എല്ലാ മക്കളുടെയും ‍മാമോദീസ നടന്നത് പള്ളിയിൽ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറൻസ് ഹർജിയിൽ പറഞ്ഞു.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാൻ മറ്റു 2 മക്കളും തീരുമാനിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടർന്നാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് മകൻ അഡ്വ. എം.എൽ.സജീവൻ വ്യക്തമാക്കിയത്. പാർട്ടി ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മൃതദേഹം എന്തു ചെയ്യണമെന്നത് എം.എം.ലോറൻസിന്റെ കുടുംബം തീരുമാനിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും വ്യക്തമാക്കിയിരുന്നു.

താനും സഹോദരി സുജാതയും മൃതദേഹം കൈമാറുന്നതിന് സമ്മതപത്രം നൽകിയിരുന്നു എന്നാണ് മകൻ എം.എൽ.സജീവൻ പറയുന്നത്. ‘‘എങ്ങനെ വേണമെന്നുള്ളത് അപ്പച്ചൻ പറഞ്ഞിട്ടുണ്ട്. അത് പാർട്ടിയെ അറിയിച്ചു. ഇളയ പെങ്ങളുടെ നീക്കത്തിനു പിന്നിൽ ആർഎസ്എസുകാരാണ്. അപ്പച്ചന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതിയിൽ പോയിരുന്നു. ഞാൻ പാർട്ടിക്കാരനാണ്, ഞാനാണ് അത് തയാറാക്കുന്നത്. അന്നത്തെ അഭിഭാഷകൻ ബിജെപി ബന്ധമുള്ളയാളായിരുന്നു. അപ്പച്ചന് ഇക്കാര്യം അറിയാമായിരുന്നു.’’ സജീവൻ പറഞ്ഞു.

എന്നാൽ സജീവന്റെ വാദത്തെ തള്ളുകയാണ് സഹോദരി ആശ. ‘‘കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ ആചാരപ്രകാരം അടക്കണമെന്നാണ് ആഗ്രഹം. മൃതദേഹം മെ‍ഡിക്കൽ കോളജിനു കൊടുക്കാൻ പിതാവ്  പറഞ്ഞിട്ടില്ല. അമ്മയെയും മരിച്ചു പോയ സഹോദരനെയും സംസ്കരിച്ചിരിക്കുന്നതും മതാചാരപ്രകാരമാണ്. സഹോദരൻ സിപിഎം അംഗമാണ്. അതുകൊണ്ട് പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്’’, ആശ ലോറൻസ് പറഞ്ഞു.

English Summary:

CPM Leader's Body Donation Sparks Family Dispute, Daughter Moves High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com