ADVERTISEMENT

കോഴിക്കോട്∙ വർഗീയ ശക്തികൾക്ക് നാക്ക് വാടകയ്ക്ക് കൊടുത്ത് എന്തും വിളിച്ചു പറയാം എന്ന് കരുതരുതെന്ന് പി.വി.അൻവറിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുതലക്കുളം മൈതാനത്ത് അൻവർ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചതിന് ക്രിസ്ത്യൻ കോളജ് മൈതാനത്താണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

കടത്ത് പിടികൂടുമ്പോൾ ചിലർക്ക് പൊള്ളുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വിവാദ വിഷയങ്ങളിലേക്ക് കടന്നത്. അൻവറിന്റേത് ദുരുദ്ദേശ്യപരമായ നീക്കമാണെന്ന പാർട്ടി നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. അൻവർ എൽഡിഎഫിന്റെ ഭാഗമായിരുന്നപ്പോളാണ് ആരോപണം ഉന്നയിച്ചത്. പാർട്ടി അത് വളരെ ഗൗരവത്തിലെടുത്ത് സംസ്ഥാന പൊലീസ് മേധാവിയെ തന്നെ അന്വേഷണത്തിന് നിയോഗിച്ചു. റിപ്പോർട്ട് വരാൻ ഒരുമാസം കാത്തുനിൽക്കാതെ അൻവർ മറ്റ് ലക്ഷ്യങ്ങളുമായി രംഗത്തിറങ്ങി. അന്വേഷണ റിപ്പോർട്ട് വന്നാൽ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കും. വഴിയിൽനിന്ന് വായിൽതോന്നിയത് വിളിച്ചു പറഞ്ഞാൽ അതിന്റെ ഭാഗമായി തീരുമാനങ്ങളിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

അൻവറിനെയും ആരോപണങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മലപ്പുറം ജില്ലയെ ഒരു തലത്തിലും ഒരു ഘട്ടത്തിലും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവച്ചു. അൻവറിന്റേത് വർഗീയ അജൻഡയാണെന്ന് സ്ഥാപിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചത്. വർഗീയ അജൻഡയുടെ പുകമറ സൃഷ്ടിക്കാനാണ് നീക്കം. ആരെയാണോ ചേർത്തുനിർത്താൻ ശ്രമിക്കുന്നത് അവർ ആദ്യം തള്ളിപ്പറയും. മലപ്പുറത്തിന്റെ  മതനിരപേക്ഷ മനസ്സ് വർഗീയ താൽപര്യങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘ദ് ഹിന്ദു’ പത്രത്തിൽ വന്ന അഭിമുഖം, മലപ്പുറത്തെ സ്വർണം, ഹവാല കടത്തിന്റെ കണക്കുകൾ, തൃശൂരിലെ തോൽവി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം വിശദീകരിച്ചു. എന്നാൽ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി എം.ആർ.അജിത് കുമാർ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചു പരാമർശിക്കാൻ മുഖ്യമന്ത്രി തയാറായില്ല. പി.ശശിക്കെതിരെ അൻവർ നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവിട്ടിട്ടും ഒന്നും പറയാൻ മുതിർന്നില്ല. 

ഇസ്രയേൽ അധിനിവേശത്തെക്കുറിച്ചും ഇന്ത്യയുടെ മുൻ നിലപാടുകളെക്കുറിച്ചുമെല്ലാം ദീർഘനേരം പ്രസംഗിച്ചു. അമേരിക്കയോട് ഇന്ത്യ സ്വീകരിക്കുന്ന വിധേയത്വത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം മോദിയുടെ റഷ്യ, യുക്രെയ്ൻ സന്ദർശനത്തെക്കുറിച്ചും വിശദീകരിച്ചു. മുസ്‌ലിംകൾ രാജ്യത്ത് അതിക്രമം നേരിടുന്നുവെന്നും ആർഎസ്എസ് ആണ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ ശക്തിയെന്നും പറഞ്ഞു.

ഇസ്രയേൽ അധിനിവേശത്തിൽ തുടങ്ങിയ പ്രസംഗം ഒന്നേകാൽ മണിക്കൂറാണ് നീണ്ടത്. ഇതിൽ ഭൂരിഭാഗം സമയവും രാജ്യാന്തര കാര്യങ്ങളും ദേശീയ കാര്യങ്ങളും വിശദീകരിക്കാനാണ് ഉപയോഗിച്ചത്. മറ്റു വിശദാംശങ്ങളെക്കുറിച്ച് പിന്നീട് പറയുമെന്ന് മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തു.

English Summary:

Chief Minister Pinarayi Vijayan replay against PV Anvar's controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com