ADVERTISEMENT

കാൻപുർ ∙ എപ്പോഴും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇസ്രയേൽ–നിർമിത ടൈം മെഷീൻ’ ഉണ്ടെങ്കിലോ? ഇല്ലാത്ത അങ്ങനെയൊരെണ്ണം ഉണ്ടെന്നു‌ വിശ്വസിപ്പിച്ച് ആളുകളിൽനിന്നു ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ. ഉത്തർപ്രദേശിലെ കാൻപുരിലാണു വൻ തട്ടിപ്പ് അരങ്ങേറിയത്. രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവർക്കെതിരെയാണു കേസ്. ഒളിവിൽപ്പോയ ഇരുവരും വിദേശത്തേക്കു കടന്നതായി സംശയിക്കുന്നു.

‘റിവൈവൽ വേൾഡ്’ എന്ന പേരിൽ കാൻപുരിലെ കിദ്വായ് നഗർ പ്രദേശത്തു രാജീവും രശ്മിയും തെറപ്പി സെന്റർ ആരംഭിച്ചിരുന്നു. ഇസ്രയേലിൽനിന്ന് ഇറക്കുമതി ചെയ്ത ‘ടൈം മെഷീൻ’ തെറപ്പി സെന്ററിലുണ്ടെന്നും 60 വയസ്സുള്ളയാളെ 25 വയസ്സുകാരനാക്കാൻ ഇതുകൊണ്ടു സാധിക്കുമെന്നും എല്ലാവരോടും പറഞ്ഞു. ‘ഓക്സിജൻ തെറപ്പി’ വഴി വയോധികരെ ചെറുപ്പമാക്കാൻ സാധിക്കുമെന്ന് ഉപയോക്താക്കൾക്കു ദമ്പതികൾ വാഗ്ദാനം ചെയ്തു. ഇതോടെ സ്ത്രീപുരുഷ ഭേദമില്ലാതെ തെറപ്പി സെന്ററിലേക്ക് ആളുകൾ ഇടിച്ചുകയറി.

പ്രദേശത്തെ മലിനവായു കാരണം ആളുകൾക്കു പെട്ടെന്നു പ്രായമായെന്നും ഓക്സിജൻ തെറപ്പിയിലൂടെ മാസങ്ങൾക്കുള്ളിൽ യൗവനത്തിലേക്കു മടക്കിക്കൊണ്ടു വരാമെന്നും ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 10 സെഷന്റെ പാക്കേജിന് 6,000 രൂപയാണ് ഈടാക്കിയത്. 90,000 രൂപയ്ക്കു 3 വർഷത്തേക്കുള്ള പ്രത്യേക പാക്കേജും വാഗ്ദാനം ചെയ്തു. തന്റെ കയ്യിൽനിന്നു ദമ്പതികൾ ഇത്തരത്തിൽ 10.75 ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതിക്കാരിലൊരാളായ രേണു സിങ് പറഞ്ഞു. നൂറുകണക്കിനു പേരിൽനിന്നായി 35 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായാണു നിഗമനം. കേസെടുത്തെന്നും ദമ്പതികളെ തിരയുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary:

Revival World Scam: Fake "Time Machine" Used to Dupe People in Kanpur, India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com