വെല്ലുവിളിയായി പ്രശാന്ത് കിഷോർ; ജൻ സുരാജിനെ നേരിടാൻ കൺസൽറ്റൻസി സ്ഥാപനങ്ങളെ സമീപിച്ച് ആർജെഡി
Mail This Article
പട്ന ∙ ജൻ സുരാജ് പാർട്ടിയുടെ വോട്ടു ഭിന്നിപ്പിക്കൽ തന്ത്രം നേരിടാൻ ആർജെഡി പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ സഹായം തേടും. തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ സ്ഥാപിച്ച ജൻ സുരാജ് പാർട്ടി ഉയർത്തുന്ന വെല്ലുവിളി ആർജെഡി നേതൃത്വം ഉൾക്കൊണ്ടിട്ടുണ്ട്. ഐപാക് പൊളിറ്റിക്കൽ കൺസൾട്ടൻസിയിൽ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചിരുന്ന ചിലരെ ആർജെഡി നേതൃത്വം ഇതിനായി സമീപിച്ചു.
അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിയുടെ പ്രചരണ തന്ത്രങ്ങൾ ആവിഷ്കരിക്കുക പ്രഫഷനൽ ഏജൻസിയാകും. മുസ്‌ലിം വോട്ടു ലക്ഷ്യമിട്ടുള്ള ജൻ സുരാജ് പാർട്ടി നയസമീപനം ബിഹാറിൽ ഇന്ത്യാമുന്നണിക്കു ഭീഷണിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി 40 മുസ്‌ലിം സ്ഥാനാർഥികളെ മൽസരിപ്പിക്കുമെന്നു പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിട്ടുണ്ട്.
ആർജെഡി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു മുസ്‌ലിം നേതാവിനെ നിയോഗിക്കാനാണ് പാർട്ടിയുടെ ആലോചന. ആർജെഡി വിട്ടു പോയ ചില മുതിർന്ന നേതാക്കളെ തിരികെയെത്തിക്കാനുള്ള നീക്കങ്ങളും നേതൃത്വം ആരംഭിച്ചു.