94 വയസ്സ്, 46 ദിവസം ഗ്രോ വാസു പഠിച്ചതും പഠിപ്പിച്ചതും
Mail This Article
ഏഴരപ്പതിറ്റാണ്ടു കാലമായി തുടരുന്ന രാഷ്ട്രീയ പ്രവർത്തനം. എണ്ണമില്ലാത്ത തൊഴിലാളിസമരങ്ങൾ. വർഷങ്ങളുടെ ജയിൽവാസം. എന്നിട്ടും ഈ തൊണ്ണൂറ്റിനാലാം വയസ്സിലും, അയിനൂർ വാസു എന്ന ഗ്രോ വാസു കോഴിക്കോട് നഗരത്തിൽ നിന്നു പൊറ്റമ്മലങ്ങാടിയിലെ ഒറ്റമുറിവീട്ടിലേക്ക് ബസിലാണു പോയിരുന്നത്. നഗര വീഥിയിലൂടെ കൈവീശി നടക്കാനും മടിയില്ല.
ഇന്നിപ്പോൾ, ഭരണകൂടഭീകരതയ്ക്കെതിരെ പ്രതിഷേധിച്ചതിനു കേസിൽ പെട്ട്, ജാമ്യം വേണ്ടെന്നു പറഞ്ഞ് 46 ദിവസം ജയിലിൽ കിടന്നു പുറത്തിറങ്ങിയ വാസുവേട്ടനു മാവൂർ റോഡിൽ ‘സ്വൈരമായി' ബസ് കാത്തുനിൽക്കാനാവില്ല. എന്തിനധികം, എറണാകുളത്തും ആലുവയിലും കൊച്ചി മെട്രോയിൽ പോലും ‘സമാധാനമായി' യാത്ര ചെയ്യാനാവുന്നില്ല. വാസുവേട്ടനെക്കാണുമ്പോൾ ചെറുപ്പക്കാർ ചുറ്റംകൂടുന്നു. സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നു. പോരാട്ടത്തിന് ഐക്യദാർഢ്യം അറിയിക്കുന്നു. 'എട്ടു മനുഷ്യരെ വെടിവച്ചു കൊന്നവർക്കെതിരെ കേസില്ല, അതിനെ ചോദ്യം ചെയ്ത എനിക്കെതിരെ എന്തിനാണു കേസ്?' എന്ന കോടതിമുറിയിലെ ചോദ്യം പുതുതലമുറ ഏറ്റെടുക്കുന്നു. ഒരു മനുഷ്യായുസ്സു നീളുന്ന പോരാട്ടത്തെ ഒന്നര മാസത്തെ തടവുജീവിതത്തിലൂടെ അവർ തിരിച്ചറിയുന്നു. ഭരണകൂട ഭീകരതയ്ക്കും നീതിനിഷേധത്തിനുമെതിരെ ശബ്ദമുയർത്തുന്ന നിർഭയത്വമായും ജനാധിപത്യത്തിന്റെ കാവലാളായുമാണ് അവർ വാസുവേട്ടനെ കാണുന്നത്.
പുതിയകാലത്തിനു രാഷ്ട്രീയ ബോധ്യങ്ങളില്ലെന്ന വിമർശനത്തെ ഈ ദിവസങ്ങളിലെ സാമൂഹികാനുഭവങ്ങളിലൂടെ തിരുത്തുകയാണു ഗ്രോ വാസു. 2016ൽ നിലമ്പൂർകാടുകളിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനെത്തിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിക്കു മുൻപിൽ കൂട്ടംകൂടി നിന്നതിനും മുദ്രാവാക്യം മുഴക്കിയതിനുമെടുത്ത കേസിൽ വാസുവിനെ 7 വർഷത്തിനു ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിലല്ല, പൊലീസിന്റെ ഏകപക്ഷീയമായ വെടിവയ്പിലാണു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് എന്നാണ് അന്നും ഇന്നും ഗ്രോ വാസു വിശ്വസിക്കുന്നത്. കോടതിയിൽ വിളിച്ചു പറഞ്ഞതും അതു തന്നെ. ജാമ്യമെടുക്കില്ലെന്നു പറഞ്ഞ് ജയിലിൽ പോയ വാസുവിനെ 46 ദിവസത്തിനു ശേഷം കേസ് റദ്ദാക്കി കോടതി വിട്ടയയ്ക്കുകയായിരുന്നു. തങ്ങൾക്കു പറയാനുള്ളത് ഇതാ ഇവിടെയൊരാൾ വിളിച്ചുപറഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവും അതിലെ സാഹോദര്യവുമാണു കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഈ ദിവസങ്ങളിൽ നേരിട്ടനുഭവിക്കാനായതെന്നു ഗ്രോ വാസു പറയുന്നു. കൊച്ചിയിലും കണ്ണൂരിലുമടക്കം പലയിടങ്ങളിലായി നടന്ന സ്വീകരണങ്ങളിൽ ജനങ്ങളുടെ അഭൂതപൂർവമായ സ്നേഹവും കരുതലും ഏറ്റുവാങ്ങിയാണ് അദ്ദേഹം കോഴിക്കോട്ടെ വീട്ടിൽ തിരിച്ചെത്തിയത്.
‘‘എന്തുമാത്രം ദുരനുഭവങ്ങളിലൂടെയാണു ജനം കടന്നുപോകുന്നതെന്നു വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രതികരണം. വർഗസമരത്തിൽ പങ്കെടുത്തപോലൊരു അനുഭവത്തിന്റെ വെള്ളിവെളിച്ചത്തിലാണ് ഞാനിപ്പോൾ. എവിടെയും ചർച്ച ഭരണകൂടത്തിന്റെ നെറികേടുകൾ മാത്രമായിരുന്നു. രോഷം തിളച്ചുമറിയുന്ന മനുഷ്യരുടെ ഉള്ളിൽ നിന്ന് അതു പുറത്തേക്കൊഴുകുന്നതു നേരിട്ടനുഭവിച്ചു. എതിരായി ഒരാളും എവിടെയുമുണ്ടായിരുന്നില്ല, ഈ ആൾക്കൂട്ടത്തെ നേരിടാൻ’’– വാസു പറയുന്നു.
ഞാൻ കണ്ടിട്ടുണ്ട്; ഇന്നത്തെ കമ്യൂണിസ്റ്റുകാർ കണ്ടിട്ടില്ല അക്കാലം
ഗ്രോ വാസു തുടരുന്നു: 50 വർഷം മുൻപ് ഞാൻ പറഞ്ഞതാണ്, ഇവരുടെ റൂട്ട് ശരിയല്ലെന്ന്. ഇന്നതു പൂർണ യാഥാർഥ്യമായിരിക്കുന്നു. 1940കളിലെ കമ്യൂണിസം രക്തസാക്ഷികളുടേതായിരുന്നു. 1940ലാണ് 44 പേരെ സേലം ജയിലിൽ വെടിവച്ചുകൊന്നത്. അവർ കെട്ടിപ്പടുത്ത പ്രസ്ഥാനമാണിത്. അവരുടെ ത്യാഗത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ് ഇന്നും പിണറായി വിജയനും മറ്റും. ആ കാലം പിണറായി വിജയൻ കണ്ടിട്ടില്ല. ഈ മന്ത്രിസഭയിലാരും കണ്ടിട്ടില്ല. പക്ഷേ, ഞാൻ കണ്ടിട്ടുണ്ട്. രക്തസാക്ഷികളാണു ചരിത്രത്തെ മുന്നോട്ടുനയിക്കുന്നത്. അവരെ ബഹുമാനിക്കണം. ശത്രുക്കൾ ആടയാഭരണങ്ങളോടെ രാജകീയമായി നിറഞ്ഞു നിൽക്കുന്ന അവസരത്തിൽ അവരെ നേരിടരുത്. ആടയാഭരണങ്ങൾ കീറിപ്പറിഞ്ഞ്, അവരുടെ വ്രണങ്ങൾ കാണുന്ന അവസരത്തിലാണ് അവരെ അടിക്കേണ്ടത്. 46 ദിവസം ജയിലിൽ കിടന്ന എനിക്കു കിട്ടിയത് അത്തരമൊരു അവസരമായിരുന്നു. എല്ലാ അർഥത്തിലും കീറിപ്പറിഞ്ഞ കമ്യൂണിസ്റ്റു ഭരണമാണ് ഇന്നു കേരളത്തിൽ. അവരെ ജനം പുച്ഛിച്ചു തള്ളുകയാണ്. എന്നെ കേൾക്കാൻ കേരളത്തിൽ പലരുമുണ്ട്. പണ്ടാണെങ്കിൽ കേൾക്കാൻ നക്സലുകൾ മാത്രമാണുണ്ടായിരുന്നത്.
ജനപിന്തുണയില്ലാത്ത ഒളിപ്പോരുകൾ വേണ്ട
നിർധനരായ കർഷകത്തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിനെതിരെ എ.വർഗീസിന്റെ നേതൃത്വത്തിൽ 1970ൽ നടന്ന തിരുനെല്ലി-തൃശ്ശിലേരി നക്‌സൽ ആക്‌ഷനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഗ്രോ വാസു 1977ലാണു ജയിൽമോചിതനായത്. (വാസുദേവ അഡിഗ എന്ന ജന്മിയും ചേക്കു എന്ന വ്യാപാരിയും അന്നു കൊല്ലപ്പെട്ടു). 1978ൽ വാസു കോഴിക്കോട് ടൗൺഹാളിലൊരു പൊതുസമ്മേളനം വിളിച്ചുചേർത്തു. ഹാളും റോഡും നിറഞ്ഞു കവിഞ്ഞാണ് അന്ന് ആൾക്കൂട്ടമെത്തിയതെന്ന് അദ്ദേഹം ഓർക്കുന്നു. ഒളിവിൽ മാത്രം പ്രവർത്തിച്ചുപോന്ന നക്സലൈറ്റുകളെ അന്നാദ്യമായാണ് ജനം നേരിൽ കണ്ടത്. മാർക്സിസ്റ്റ് പാർട്ടിക്കാരായിരുന്നു ഹാളിലെ മുൻനിരയിൽ. ചോദ്യം ചോദിക്കാൻ അവസരം കൊടുത്തപ്പോൾ എഴുതിക്കിട്ടിയ 112 ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു നാലര മണിക്കൂറും അദ്ദേഹം. അന്നു വിദ്യാർഥി പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്ന സി.പി.ജോൺ ഉൾപ്പടെ നിരവധി പേർ ചോദ്യങ്ങളുമായെത്തി. അക്കാലത്ത് ഇഎംഎസിന്റെ ചോദ്യോത്തരങ്ങളുമായി പ്രസിദ്ധീകരിച്ച 5 ഗ്രന്ഥങ്ങൾ വായിച്ചുപഠിച്ചശേഷമാണ് വാസു പൊതുയോഗത്തിനെത്തിയത്. ഇഎംഎസിന്റെ വാദങ്ങൾ ഖണ്ഡിക്കുന്നതായിരുന്നു യോഗത്തിലെ ആദ്യഭാഗം. അതിനെ നേരിടാൻ ആർക്കുമായില്ലെന്ന് വാസു പറയുന്നു. എഴുതിക്കിട്ടിയ അന്നത്തെ 112 ചോദ്യങ്ങൾ ഇന്നും വാസുവിന്റെ കൈവശമുണ്ട് .എങ്കിലും സ്റ്റേജിൽ കയറാൻ ഇന്നും പേടിയാണ്. തോക്കു കണ്ടാൽ വിറയ്ക്കില്ല, പക്ഷേ സ്റ്റേജിൽ കയറുമ്പോൾ ഇന്നും മുട്ടു വിറയ്ക്കുമെന്നും വാസു പറയുന്നു.
എട്ടാം വയസ്സിൽ കൂടെക്കൂടിയ ചെങ്കൊടി
കോഴിക്കോട് കോട്ടൂളിക്കടുത്ത കേലാട്ടുകുന്നിൽ 1929ലാണു വാസുവിന്റെ ജനനം. ദീപാവലിയുടെ പിറ്റേന്നാണു വരയ്ക്കൽ വാവ്. അന്നു പുലർച്ചെ നാലിനാണ് പ്രസവിച്ചതെന്നാണ് അമ്മ പറഞ്ഞത്. അയിനൂർ എന്നാണ് തറവാട്ടുപേര്. അമ്മ ആർച്ചക്കുട്ടി. അച്ഛൻ അപ്പു. കല്ലുകൊത്തലും, കൊത്തിയെടുത്ത കല്ല് വിൽക്കലുമായിരുന്നു അച്ഛന്റെ ജോലി. അക്കാലം ദാരിദ്ര്യമായിരുന്നു. അഞ്ചാം ക്ലാസ് വരെ പഠിച്ചു. അച്ഛനു പണിയില്ലാത്ത കാലത്ത് പട്ടിണി തന്നെ. വീട് കെട്ടി മേയാത്ത രണ്ടും മൂന്നും വർഷങ്ങളുണ്ടായിരുന്നു. പതിമൂന്നാം വയസ്സിലാണ് പൊറ്റമ്മലിൽ അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം വാടകയ്ക്കു താമസിക്കാനെത്തുന്നത്. അന്ന് പൊറ്റമ്മൽ നൂറേക്കർ വയൽ സർക്കസ് കമ്പനികളുടെ തമ്പും രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗ കേന്ദ്രവുമായിരുന്നു. അവിടെ താമസിച്ച മൂന്നു വർഷമാണ് വാസുവിനെ മാറ്റിമറിച്ചത്. പിൽക്കാലത്ത് പ്രശസ്ത നടനായി മാറിയ നെല്ലിക്കോട് ഭാസ്‌കരൻ, നെല്ലിക്കോട് കരുണാകരൻ എന്നിവരായിരുന്നു അടുത്ത കൂട്ടുകാർ. രാഷ്ട്രീയപ്പാർട്ടികളുടെ പൊതുയോഗങ്ങൾക്ക് പന്തിപ്പായ വിരിക്കൽ കുട്ടികളുടെ ജോലിയായിരുന്നു.
പതിമൂന്നാം വയസ്സിലാണ് വാസുവിനെയും നെല്ലിക്കോട് ഭാസ്‌കരനെയും മറ്റും ബാലസംഘത്തിൽ ചേർക്കുന്നത്. കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിൽ സമരം കാരണം പട്ടിണിയിലായ തൊഴിലാളികൾക്കായി വീടുകൾതോറും കയറിയിറങ്ങി അരിയും പച്ചക്കറികളും സമാഹരിച്ച് കോട്ടപ്പറമ്പ് ആശുപത്രിക്ക് എതിർവശത്തെ നെയ്ത്തുതൊഴിലാളി യൂണിയൻ ഓഫിസിൽ എത്തിച്ചുകൊടുത്തത് അക്കാലത്താണ്. തുടർന്ന് യുവജനസംഘത്തിലായി പ്രവർത്തനം. അക്കാലത്ത് എകെജി എവിടെ പ്രസംഗിക്കാനുണ്ടെന്നു കേട്ടാലും സൈക്കിളിൽ വാസുവും കൂട്ടുകാരും ജാഥയായി പോകും. പതിനാലാം വയസ്സിലാണ് ദേശപോഷിണി വായനശാലയിൽ അംഗത്വമെടുത്തത്. 20 വയസ്സോടെ അവിടത്തെ ഭൂരിഭാഗം പുസ്തകങ്ങളും വായിച്ചുതീർത്തിരുന്നു. പതിനാറാം വയസ്സിൽ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിൽ ജോലിയിൽ പ്രവേശിച്ചു. 25 വർഷത്തെ തൊഴിലാളി ജീവിതത്തിനൊടുവിൽ 1970ൽ കോംട്രസ്റ്റിൽ നിന്നു രാജിവച്ചു. കൂലിവർധനയ്ക്കു വേണ്ടി തൊഴിലാളികൾ നടത്തിയ സമരത്തിൽ വിജയം കണ്ടാണ് വാസു അവിടെനിന്നു വിട പറയുന്നത്.
മന്ദാകിനി പറഞ്ഞു; ഗ്രോ വാസുവായി
തൊഴിൽസമരത്തിന്റെ പേരിൽ സിപിഎമ്മുമായി ഏറ്റുമുട്ടിയ ശേഷമാണ് നക്സൽ പ്രസ്ഥാനത്തിൽ സജീവമായത്. കോംട്രസ്റ്റിൽനിന്ന് രാജിവയ്ക്കുന്ന സമയമാകുമ്പോഴേക്കും വയനാട്ടിലെ ഒളിവുപ്രവർത്തനങ്ങൾക്ക് ആസൂത്രണവും ധനസമാഹരണവും തുടങ്ങുന്ന നിലയിലേക്കെത്തിയിരുന്നു. കോംട്രസ്റ്റിൽ നിന്നു ലഭിച്ച ആനുകൂല്യമായ 4000 രൂപയുമായാണ് തൃശ്ശിലേരി-തിരുനെല്ലി ആക്‌ഷന് പുറപ്പെടുന്നത്. 1970 ഫെബ്രുവരി ആദ്യവാരമാണ് വയനാട്ടിലെത്തുന്നത്. എത്തിയതിന്റെ പിറ്റേന്നു തന്നെ ആക്രമണവും നടന്നു. ജയിൽവാസത്തിനുശേഷം കോഴിക്കോട്ട് തിരിച്ചെത്തി 1981 വരെ നക്സൽ പ്രസ്ഥാനത്തിൽ തന്നെയായിരുന്നു. ടൗൺഹാളിലെ യോഗം, മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരായ ജനകീയ വിചാരണ എന്നിവയ്ക്കു നേതൃത്വം കൊടുത്തശേഷമാണ് മറ്റുള്ളവർക്കു നേതൃത്വം കൈമാറിയത്. തുടർന്നു നടന്നത് തന്നെ തേജോവധം ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങളായിരുന്നുവെന്ന് ഗ്രോ വാസു ഓർക്കുന്നു. അതു തന്നെ ആത്മഹത്യയുടെ വക്കിലെത്തിക്കുക വരെ ചെയ്തു. അതോടെ എല്ലാറ്റിൽ നിന്നും വിട്ടുനിന്നു. ആ സമയത്താണ് മാവൂരിൽ ഗ്വാളിയോർ റയോൺസിൽ തൊഴിലാളി പ്രശ്നം ഉയരുന്നത്. വിവിധ തൊഴിലാളി സംഘടനകളിലെ വിപ്ലവചിന്താഗതിക്കാരായ തൊഴിലാളികൾ ചേർന്ന് പുതിയൊരു സംഘടനയ്ക്ക് രൂപം കൊടുത്തു-ഗ്വാളിയോർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്സ് (ഗ്രോ). സംഘടനയ്ക്കൊരു നേതാവിനെത്തേടി നടന്ന അവർ പല തവണ സമീപിച്ചെങ്കിലും വാസു അതിനു തയാറായില്ല. ആ സമയത്താണ് വാസുവിന്റെ വീട്ടിൽ 'മാ'യും (കുന്നിക്കൽ നാരായണന്റെ പത്‌നി മന്ദാകിനി) മകൾ അജിതയും ഭർത്താവ് യാക്കൂബും ഏതാനും ദിവസം താമസിക്കാനെത്തിയത്. ഗ്രോ തൊഴിലാളികളുടെ ആവശ്യം നിരസിക്കരുതെന്നു മന്ദാകിനി ഉപദേശിച്ചു. അങ്ങനെയാണു വാസു ഗ്രോ യൂണിയന്റെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. 2001ൽ കമ്പനി പൂട്ടും വരെ വാസുവായിരുന്നു ജനറൽ സെക്രട്ടറി. കൂലി പ്രശ്‌നത്തിന്റെയും മുള ക്ഷാമത്തിന്റെയും മറ്റും പേരിൽ മാനേജ്‌മെന്റ് 80 കളുടെ അവസാനം ഗ്വാളിയോർ റയോൺസ് അടച്ചുപൂട്ടിയപ്പോൾ, തുറക്കണമെന്നാവശ്യപ്പെട്ട് മോയിൻബാപ്പുവുമൊത്ത് നടത്തിയ ഒരു മാസത്തിലധികം നീണ്ട നിരാഹാര സമരത്തിലൂടെയാണ് വാസു നക്‌സൽ കാലത്തിനു ശേഷം വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. നിരാഹാരം മൂലം തലച്ചോറിന്റെ പ്രവർത്തനം മന്ദിച്ച് അദ്ദേഹത്തിന് ആഴ്ചകളോളം ഓർമ പൂർണമായി നഷ്ടപ്പെടുക വരെ ചെയ്തിരുന്നു. ഓർമകൾ പിന്നീടൊരിക്കലും പഴയ ഉന്മേഷത്തോടെ തിരികെ വന്നതുമില്ല. ഗ്രോ വാസു എന്ന പേരു വീണത് ഏതോ പത്രക്കാരന്റെ ബുദ്ധിയിൽ നിന്നാണ്. തന്റെ ഈ പുതിയ പേര് പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും ഗ്രോ വാസു പറയുന്നു. കോഴിക്കോട് സർവകലാശാലാ ഹോസ്റ്റലിലെ പാചകത്തൊഴിലാളികളെ ഇടതുപക്ഷ സിൻഡിക്കറ്റ് പിരിച്ചുവിട്ടതിനെതിരെ തൊണ്ണൂറുകളുടെ അവസാനം ആഴ്ചകളോളം നിരാഹാരം കിടന്നപ്പോൾ ഗ്രോ വാസുവിന് എഴുപതിനടുത്തുണ്ട് പ്രായം.
അംബേദ്കറെ ഉൾക്കൊള്ളാനാകാത്ത പാത്രങ്ങൾ
മാർക്സ്, എങ്ഗൽസ്, ലെനിൻ എന്നതാണു കമ്യൂണിസ്റ്റുകാരുടെ വീടുകളിൽ ചിത്രങ്ങളുടെ ക്രമമെങ്കിൽ ഗ്രോ വാസുവിന്റെ ഒറ്റമുറിവീട്ടിലെ ചുമരിൽ ഫോട്ടോകളുടെ ക്രമത്തിൽ ചെറിയൊരു മാറ്റമുണ്ട്. അവിടെ ഒന്നാം സ്ഥാനത്ത് അംബേദ്കറാണ്. എന്താണ് അതിനു കാരണമെന്ന് അന്വേഷിച്ചാൽ 3000 വർഷത്തെ ഇന്ത്യൻ ചരിത്രത്തെ ഗുളികരൂപത്തിലാക്കിയ ചിന്തയാണ് അംബേദ്കറുടേതെന്നു മറുപടി. ഇന്ത്യൻ ദലിത് ഫെഡറേഷൻ 1990ൽ കോട്ടയത്തു സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിലാണ് ഗ്രോ വാസുവിനു കല്ലറ സുകുമാരൻ ഈ ചിത്രം സമ്മാനിച്ചത്. ഇന്ത്യയെ പഠിക്കാൻ മാർക്സിസ്റ്റുകാർ ആദ്യം അംബേദ്കറെ പഠിക്കട്ടെ. മാർക്സിസത്തിന്റെ വണ്ടി അംബേദ്കർ തെളിച്ച വഴിയിലൂടെ ഓടിക്കുകയാണ് വേണ്ടതെന്ന് വാസു സമർഥിക്കുന്നു. ഇഎംഎസ് മുതൽ ഡാങ്കെ വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ അംബേദ്കറെ അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹത്തിന് ആരോപണമുണ്ട്.
മുഷ്ടി ചുരുട്ടുന്ന കുടകൾ
കുട ഉണ്ടാക്കി വിറ്റാണ് ഗ്രോ വാസു ഇപ്പോൾ ജീവിതമാർഗം കണ്ടെത്തുന്നത്. 1956-57ൽ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറിയിൽ തൊഴിലാളി യൂണിയൻ നേതാവായിരിക്കെയാണ് തൊഴിലാളികൾക്ക് കുട ലഭ്യമാക്കാനായി കുടക്കുറി നടത്തിയത്. അന്നൊരു കുടയ്ക്ക് 12 രൂപയാണ് വില. അതിനായി കുട വാങ്ങാൻ പോയ അവസരത്തിലാണ് കുടനിർമാണത്തെക്കുറിച്ച് കുടക്കമ്പനിയിലെ തൊഴിലാളി സുഹൃത്തുക്കൾ പറഞ്ഞത്. അങ്ങനെയാണ് കുടനിർമാണം പഠിക്കുന്നത്.
അതു പിന്നീട് ജീവിതവഴിയിൽ തുണയായി മാറി– മാരിവിൽ മാർക്ക് കുടകൾ. വയസ്സാംകാലത്തെപ്പോളോ, സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു കുടുംബജീവിതത്തിനു ശ്രമിക്കാതിരുന്നില്ല. തോറ്റു പോയ ചില സമരങ്ങൾ പോലെ ആ ശ്രമവും പരാജയപ്പെട്ടു.
എങ്കിലും പൊറ്റമ്മലിലെ പീടികക്കെട്ടിടത്തിനു മുകളിൽ, കുടയുണ്ടാക്കുകയും കഞ്ഞിവച്ചു കഴിയുകയും കിടന്നുറങ്ങുകയും ചെയ്യുന്ന ഒറ്റമുറിവീട്ടിൽ വാസുവേട്ടൻ ഒറ്റയ്ക്കല്ല.
മുൻപുണ്ടായിരുന്നതിലും എത്രയോ മടങ്ങ് സ്‌നേഹാഭിവാദ്യങ്ങൾ ആ ഒറ്റമുറിയിലെ താമസക്കാരനെ തേടിയെത്തുന്നു.