ADVERTISEMENT

വർഷത്തിൽ ഒരു ദിവസമല്ല, 365 ദിവസവും കല്ലൂർബാലന് പരിസ്ഥിതിദിനമാണ്. നട്ടും നനച്ചും ജലം സംരക്ഷിച്ചും വിതരണംചെയ്തും കുട്ടികൾക്കു അറിവു പകർന്നും മരംനടലിന്റെ രജതജൂബിലിയിലാണിപ്പേ‍ാൾ ഈ പച്ചമനുഷ്യൻ. നട്ടുപേ‍ാകലല്ല, ഒച്ചപ്പാടും ബഹളവുമില്ലാതെ മരത്തൈ നടുകയും, അവ വേരുറച്ചു വലുതാകുന്നതുവരെ അതിന്റെ ചുറ്റുവട്ടത്തിലുണ്ടാകും നാട്ടുകാരുടെ കല്ലൂർബാലേട്ടൻ.

ചെടിക്കെതിരെ നിൽക്കുന്നവരെ ശക്തമായി ചെറുക്കും. വന്യജീവികൾക്കു ഭക്ഷണം നൽകുന്നതും ഇപ്പേ‍ാൾ ഹരിതജീവിതത്തിന്റെ ഭാഗം. സൂര്യനും പച്ചിലയുമാണ് ഉപാസനാമൂർത്തികൾ. മരവും കാടും അരുവിയും അവയുടെ പ്രസക്തിയെയുംകുറിച്ചു മാത്രമാണു സംസാരം. പ്രായം 75ൽ എത്തിയെങ്കിലും ആകെ പച്ചയാണ് ഈ ജീവിതം.

പാലക്കാട്–ഒറ്റപ്പാലം പാതയിൽ മാങ്കുറുശിയിൽ നിന്നു നാലുകിലേ‍ാമീറ്റർ ദൂരെ കല്ലൂർമുച്ചേരിയിലാണു അരങ്ങാട്ടുവീട്ടിൽ ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലന്റെ വീട്. തരിശായിക്കിടന്ന ചൂടിയൻപാറമലയുടെ താഴ്‌വര മരം നടൽവഴി കാടാക്കിമാറ്റി. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻ പ്രദേശമാണു വർഷങ്ങൾ നീണ്ട സമർപ്പണത്തിൽ പച്ചയണിഞ്ഞത്. മലയിലെ പാറകൾക്കിടയിൽ കുഴിതീർത്ത് പക്ഷികൾക്കും പ്രാണികൾക്കും ദാഹനീരിനും ചെടികൾക്കു തണുപ്പിനും വഴിയെ‍ാരുക്കിയിരിക്കുന്നു.

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

10 ലക്ഷം കരിമ്പനകൾ നടുന്ന യജ്ഞത്തിലാണിപ്പേ‍ാൾ അദ്ദേഹം. വർഷങ്ങളായുള്ള ഹരിതയാത്രയിൽ ഇടക്കാലത്ത് പരിസ്ഥിതിപ്രവർത്തകരും വിദ്യാർഥികളും വനംവകുപ്പും പല വ്യക്തികളും സഹായികളായി. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടും കയ്യിൽ കൈക്കേ‍ാട്ടും കത്തിയും പച്ചബക്കറ്റിൽ വെള്ളവുമായി നേരം വെളുക്കുമ്പേ‍ാൾ വീട്ടിൽ നിന്നിറങ്ങുന്ന ബാലേട്ടന്റെ സേവനം സത്യത്തിലാരും ആദ്യം തിരിച്ചറിഞ്ഞില്ല.

അയ്യർമലയിൽ ആൾത്താമസമുണ്ടെങ്കിലും അതിന്റെ ഭാഗമായ ചുടിയനിൽ അതില്ല. പല വന്യജീവികളുടെയും ഉപദ്രവമുണ്ടായിരുന്നതു താഴ്‌വാരം കാടാക്കിയപ്പേ‍ാൾ ഒതുങ്ങിയെന്നു ബാലേട്ടൻ പറയുന്നു. എന്നാൽ, കൃഷികൾ മുച്ചൂടും നശിപ്പിക്കുന്ന വന്യമൃഗങ്ങളെക്കെ‍ാണ്ടു പെ‍ാറുതിമുട്ടിയ നാട്ടുകാർ, ബാലേട്ടന്റെ നീക്കത്തേ‍ാടു യേ‍ാജിച്ചില്ല. വന്യമൃഗശല്യം വ്യാപിച്ചതു ബാലേട്ടന്റെ പ്രവൃത്തി കാരണമായെന്ന് അന്നവർ വാദിച്ചു.

വന്യമൃഗങ്ങൾക്കു നൽകാനുള്ള പഴങ്ങളുമായി കാട്ടിലെത്തിയ കല്ലൂർ ബാലൻ പ്രത്യേക ശബ്‌ദമുണ്ടാക്കി അവയെ വിളിക്കുന്നു.
വന്യമൃഗങ്ങൾക്കു നൽകാനുള്ള പഴങ്ങളുമായി കാട്ടിലെത്തിയ കല്ലൂർ ബാലൻ പ്രത്യേക ശബ്‌ദമുണ്ടാക്കി അവയെ വിളിക്കുന്നു.

ബാലൻ കൂകി വിളിക്കും; അവരെത്തും

പ്രദേശത്തു നിരന്തരം കുരങ്ങും പന്നികളും ഇറങ്ങുന്നതു കുറയ്ക്കാനുള്ള ശ്രമത്തിലാണ് അഞ്ചുവർഷമായി താനെന്ന് അദ്ദേഹം പറഞ്ഞു. അതിനായി അവയ്ക്കു കുന്നിലെ കാട്ടിൽ ഭക്ഷണവും വെള്ളവും എത്തിച്ചുകെ‍ാടുക്കുന്നു. അതിന്റെ ഫലമുണ്ടെന്നാണു ബാലേട്ടന്റെ നിലപാട്.

വിവിധ പഴംപച്ചക്കറി മാ‍ർക്കറ്റുകളിൽപേ‍ായി മാങ്ങ, ചക്ക, നേന്ത്രപ്പഴം, സപ്പോട്ട, ആപ്പിൾ, തണ്ണിമത്തൻ, മുന്തിരി എന്നിവ ശേഖരിച്ചു വൃത്തിയാക്കി പരമാവധി രണ്ടുനേരം കാട്ടിലെത്തിക്കും. ബാലേട്ടൻ ഉറക്കെ കൂവുമ്പേ‍ാൾ കുരങ്ങുകൾ ബഹളമുണ്ടാക്കി നിരനിരയായി അടുത്തെത്തി തീറ്റയെടക്കുന്നത് ഇവിടുത്തെ പരിസ്ഥിതി സൗഹൃദകാഴ്ചയാണ്. ചിലതിനു പഴങ്ങൾ കൈയിൽകെ‍ാടുക്കും. ബാക്കിയുള്ളതു തീറ്റ സ്ഥലത്തു വിതറും. അതു മുഴുവൻ രാത്രി പന്നികൾ തിന്നും.

സുഗതവനം വളർത്താനും ഒ‍ാട്ടം

കല്ലൂർ ചുടിയൻമല താഴ്‌വാരത്തിലെ കാട്ടിലെ തട്ടുകടയ്ക്കു സമീപമാണു ബാലേട്ടന്റെ വീട്. പുലർച്ചെ അത്യാവശ്യകാര്യങ്ങൾ കഴിഞ്ഞാൽ, പച്ചവേഷമണിഞ്ഞു ജീപ്പിൽ ചുറ്റുമുള്ള കുന്നുകളിലേക്കാണ് ഇപ്പേ‍ാൾ ആദ്യ യാത്ര. കരിമ്പനപ്പഴങ്ങൾ പെറുക്കിയെടുത്ത് ചുടിയൻമലയുടെ താഴ്‌വാരങ്ങളിൽ അവ നട്ടുതുടങ്ങും. വിദ്യാലയങ്ങളിൽ സുഗതകുമാരിടീച്ചറുടെ പേരിൽ സുഗതവനം വളർത്താനും ശ്രമിച്ചുവരുന്നു.

കുറച്ചുവർഷം മുൻപ് മലപ്പുറത്തുകാർ സംഭാവന നൽകിയ ജീപ്പിന്റെ പുറം ആഗേ‍ാളതാപനം ഉണ്ടാക്കുന്ന പ്രശ്നങ്ങളും ലഹരിവിരുദ്ധവാക്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. മരത്തൈകളും പഴങ്ങളും കെ‍ാണ്ടുപേ‍ാകാൻ ഇറാം ബിസിനസ് ഗ്രൂപ്പ് ഒരു പിക്കപ്പ് വാനും നൽകിയിട്ടുണ്ട്. ഒരു വാഹനം കൂടിയുണ്ടെങ്കിൽ ഈ പ്രായത്തിൽ കൂടുതൽ വേഗത്തിൽ സേവനം നടത്താനാകുമെന്നാണു പ്രതീക്ഷ. അതിനു പലരെയും സമീപിച്ചിട്ടുണ്ട്.

മരങ്ങളേ‍ാടു വർത്തമാനം പറഞ്ഞും ചേ‍ാദിച്ചും

വീടിന്റെ പരിസരങ്ങളിലായിരുന്നു ആദ്യം ചെടിനടീൽ. പിന്നീട് കൈക്കേ‍ാട്ടും കമ്പിപ്പാരയും കുറെ ചെടികളുമായി പെ‍ാതു ഇടങ്ങളിലെത്തി. ശേഷം ഇരുചക്രവാഹനത്തിലായി യാത്ര. 2000 ത്തിലാണ് വ്യാപകമായി വഴിയോരങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം ലഭിച്ചതേ‍ാടെ ആളുകൾ ബാലനെ തിരിച്ചറിഞ്ഞു. 

ജില്ലയ്ക്കു കേന്ദ്രവനംപരിസ്ഥിതിവകുപ്പിന്റെ പുരസ്കാരം ലഭിച്ചതിൽ ബാലേട്ടന്റെയും അധ്വാനമുണ്ട്. പിന്നീട് സമീപ ജില്ലകളിലേക്കും മരം നടീൽ വ്യാപിപ്പിച്ചു. ആൽ, അരയാൽ, പേരാൽ, വേപ്പ്, ഉങ്ങ്, കൂടെ മാവും പ്ലാവും സപ്പേ‍ാർട്ടയുമാണു പ്രധാനമായി നടുന്നത്. നട്ടതെല്ലാം ദേശീയ പാതയിലും നാട്ടിൻപുറങ്ങളിലും പലയിടത്തായി തണൽവിരിച്ചു, കായ്ച്ച്, കാറ്റുവീശി നിൽക്കുന്നുണ്ട്.

ദാഹം മാറ്റാൻ 

വേനലിൽ ആഘോഷങ്ങളും സമ്മേളനങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ സംഭാരവുമായെത്തുന്നു ബാലൻ. വീട്ടുമുറ്റത്ത് 40 വർഷം മുൻപ് നിർമിച്ച വലിയ കിണറിൽ നിന്ന് പരിസരത്തുളളവർക്കെല്ലാം വർഷങ്ങളായി ശുദ്ധജലവും നൽകുന്നുണ്ട്. ആവശ്യമുളളിടത്തു വെള്ളം എത്തിച്ചുകെ‍ാടുക്കുകയും ചെയ്യും.

കാടിനെ‍ാപ്പം കടംകയറി ജീവിതം

പച്ചപ്പിനായി ഒ‍ാടി നടക്കുമ്പേ‍ാൾ കടംകയറി ജീവിതം മഞ്ഞളിച്ച കാലവുമുണ്ടായി. കേ‍ാവിഡ് കാലത്തെ പ്രവർത്തനമാണ് അതിന് ആക്കംകൂട്ടിയത്. ആളും അനക്കവുമില്ലാത്ത ആ ദിവസങ്ങളിൽ ഭക്ഷണവും വെള്ളവുമെത്തിക്കാൻ വലിയ സാമ്പത്തിക ബാധ്യതവന്നു. അതുവീട്ടാൻ അര ഏക്കർഭൂമി വി‍ൽക്കേണ്ടിവന്നു.

‘പ്രവർത്തനത്തിന്റെ ദിവസം കടന്നുപേ‍ാകണമെങ്കിൽ കുറച്ചുചെലവുണ്ട്. ഡീസലിന് ഇപ്പേ‍ാൾ– 1000 രൂപയിൽ കൂടുതൽവേണം. ഹരിതവൽക്കരണത്തിനു വരുന്ന കുട്ടികൾ, സന്നദ്ധപ്രവർത്തകർ, പെ‍ാലീസുകാർ എന്നിവർക്കൊക്കെ ഭക്ഷണംകെ‍ാടുക്കാതെ എങ്ങനെ പറഞ്ഞയയ്ക്കും? ബാലൻ ചോദിക്കുന്നു. സഹായം കിട്ടാൻ നക്ഷത്രവനം നടലും തുടങ്ങി.

കുട്ടികളുടെ പേരിൽ നക്ഷത്രവനം, മരിച്ചവർക്ക് സ്മൃതിവനം, സ്ഥാപനങ്ങൾക്ക് പരസ്യവനം എന്ന ആശയത്തിനും പിൻതുണ ലഭിക്കുന്നു. അവയുടെ സംരക്ഷണത്തിനും സഹായം തേടുന്നുണ്ട്. വ്യക്തികളുടെയും സംഘടനകളുടെയും സഹായംകെ‍ാണ്ടാണു കാര്യങ്ങൾ നടന്നുപേ‍ാകുന്നത്. വീടിനടുത്ത് ബാക്കിയുള്ള അര ഏക്കർ സ്ഥലം ഒഴിച്ചിട്ടുണ്ട്. തനിക്കുശേഷം മരംനടൽ തുടരാൻ തയാറാകുന്ന മക്കൾക്ക് ചെലവിന് ഉപയേ‍ാഗിക്കാനാണത്.

പച്ചയ്ക്കെ‍ാപ്പംനിന്ന് കുടുംബവും

കല്ലൂർ അരങ്ങാട്ടുവീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെയും മകനായ ബാലകൃഷ്ണൻ പത്താം ക്ലാസുവരെ പഠിച്ചു. പിന്നീട് അച്ചനെ കള്ളുകച്ചവടത്തിൽ സഹായിക്കാനിറങ്ങി. നാരായണഗുരുവിന്റെ തത്വങ്ങളിൽ വിശ്വസിച്ചു തുടങ്ങിയപ്പേ‍ാൾ കള്ളിൽ നിന്നുമാറി മറ്റുചില ഉപജീവനമാർഗങ്ങൾ നേ‍ാക്കി.

ഭാര്യ ലീല. മക്കൾ– രാജേഷ്, രജീഷ്, രജനീഷ്. മക്കളെല്ലാം അത്യാവശ്യവിദ്യഭ്യാസം കഴിഞ്ഞു ത്രാണിനേടിയപ്പേ‍ാഴാണു മരങ്ങളുടെ ലേ‍ാകത്തേക്കു പൂർണമായി ഇറങ്ങിയത്. "പ്രകൃതിയുടെ വിളിയായി അതിനെ കാണുന്നു. പരിസരത്തെ ഒരു ക്ഷേത്രത്തിന്റെ ജീർണേ‍ാദ്ധാരണത്തിന്റെ ഭാഗമായി കൂവളവും വേപ്പും വച്ചായിരുന്നു ഹരിതജീവിതത്തിന്റെ തുടക്കമെന്നു പറയാം.

ഇതുവരെ എത്രമരം നട്ടു?

21 ലക്ഷത്തിലധികം, പരമാവധി നേ‍ാക്കിവളർത്തുകയും ചെയ്തു.

ഇനി ആഗ്രഹം?

ഒരു കേ‍ാടി മരം നടൽ പൂർത്തിയാക്കി അവ വേരുപിടിച്ച് പച്ചയ്ക്കുന്നതു കണ്ടുവേണം ഭൂമിയിൽ നിന്നു യാത്രയാകാൻ.

English Summary:

Sunday Special about Kalloor Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com