ADVERTISEMENT

പേര്: റഷീദാബാനു.
വയസ്സ്: 52.
ജനനം: പാക്കിസ്ഥാനിലെ കറാച്ചിയിൽ.
ജീവിതം: ഇന്ത്യയിലെ തലശ്ശേരി കതിരൂരിൽ.
ആഗ്രഹം: ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കാരിയായി ജീവിക്കാൻ.
പോരാട്ടം: ഇന്ത്യക്കാരിയാണെന്നു തെളിയിക്കാനുള്ള രേഖകൾ കിട്ടാൻ.
പോരാട്ടക്കാലം: 16 കൊല്ലം.

ഞാനൊരു ഇന്ത്യൻ എന്നുറക്കെപ്പറയാൻ നമുക്ക് ഒരുപാടു രേഖകളുണ്ട്. ജനിച്ചുവീഴുമ്പോൾ ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റിൽ വരെ ദേശം ഏതെന്നു ചേർത്തിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ ദേശമേതെന്നു ചോദിച്ചാൽ റഷീദാബാനുവിന് ഉത്തരമുണ്ട്, പക്ഷേ, തെളിയിക്കാൻ രേഖയൊന്നുമില്ല. സ്വന്തം കാൽക്കീഴിൽ ഉറച്ചുനിൽക്കുന്ന മണ്ണ് ഏതെന്നു പറയാൻ, ഈ ഭൂമിയിൽ എവിടെയാണെന്നു തെളിച്ചു പറയാൻ റഷീദാബാനുവിനു കഴിയില്ല. കാരണം എവിടെയാണു ജീവിക്കുന്നതെന്നു പറയാൻ ഒരു രേഖയും അവർക്കില്ല. 

അതു സ്ഥാപിച്ചെടുക്കാനുള്ള റഷീദയുടെ സഹനയാത്ര തുടങ്ങിയിട്ട് വർഷം 16 ആയി. ഇന്ത്യക്കാരിയാണെന്നു പറയണമെങ്കിൽ പൗരത്വരേഖ ലഭിക്കണം. കണ്ണൂർ കലക്ടറേറ്റ് മുതൽ ന്യൂഡൽഹിയിലെ ആഭ്യന്തര മന്ത്രാലയം വരെയുള്ള റഷീദയുടെ വർഷങ്ങൾ നീണ്ട പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഉമ്മയുടെ ചികിത്സയ്ക്കു സഹായം ലഭിക്കണമ െങ്കിൽ, പേരക്കുട്ടിയെ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകണമെങ്കിൽ റഷീദയ്ക്കിനി പൗരത്വരേഖ ലഭിക്കണം. 

വിഭജനത്തിനു മുൻപ്

കതിരൂർ സ്വദേശിയായ കെ.വി.ഹസൻ ഒൻപതാം വയസ്സിൽ കറാച്ചിയിലെത്തുന്നതു വീട്ടിലെ ദാദിദ്ര്യം കാരണമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും എന്ന വേർതിരിവില്ലാത്ത കാലത്ത് അമ്മാവൻ ഹോട്ടൽ ജോലിക്കു കൊണ്ടുപോയതാണു ഹസനെ. രണ്ടുപേരും എല്ലുമുറിയെ പണിയെടുത്തു. കുറച്ചുകാലത്തിനു ശേഷം പാൻ കച്ചവടത്തിലേക്കു തിരിഞ്ഞു. തിരൂർ വെറ്റില നാട്ടിൽ നിന്നെത്തിച്ചായിരുന്നു കച്ചവടം. ഒന്നു നിവർന്നുനിൽക്കുമ്പോഴേക്കും രാജ്യം വിഭജിക്കപ്പെട്ടിരുന്നു. ഹസനും അമ്മാവനും പാക്കിസ്ഥാനിൽത്തന്നെ തുടർന്നു. 

1960ൽ ഹസൻ നാട്ടിലെത്തി കതിരൂരുകാരിയായ ഫാത്തിമയെ വിവാഹം കഴിച്ചു തിരികെപ്പോയി. വീസ നിയന്ത്രണമുണ്ടായിരുന്നതിനാൽ 1970ലാണു ഫാത്തിമ ഭർത്താവിന്റെ അടുത്തേക്കു പോകുന്നത്. 1972ൽ റഷീദാബാനു ജനിച്ചു. മകളെയും കൂട്ടി നാട്ടിലേക്കു പോകാൻ ഫാത്തിമ ആഗ്രഹിച്ചെങ്കിലും അത് എളുപ്പമായിരുന്നില്ല. ഇരുരാജ്യങ്ങൾക്കിടയിലുമുണ്ടായ പ്രശ്നങ്ങൾ ഇവരുടെ യാത്രയെയും ബാധിച്ചു. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം യാത്രയ്ക്കു വിലങ്ങായി.

ഒടുവിൽ ശ്രീലങ്കയിലെത്തിയശേഷമാണു ഫാത്തിമയും ഹസനും നാലു വയസ്സുകാരി മകളെയും കൂട്ടി നാട്ടിലെത്തുന്നത്. ഒരു കൊല്ലം ഇവിടെ കഴിഞ്ഞ ശേഷം ഹസനും കുടുംബത്തിനും പാക്കിസ്ഥാനിലേക്കു തന്നെ തിരിച്ചുപോകേണ്ടി വന്നു. പാക്കിസ്ഥാനിലെ കച്ചവടം ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല. പോകുമ്പോൾ അനാഥരായ മൂന്നു കുട്ടികൾ കൂടെയുണ്ടായിരുന്നു, മരിച്ചുപോയ സഹോദരിയുടെ മക്കൾ. അവരെ ഇവിടെ യതീംമക്കളായി ഉപേക്ഷിക്കാൻ ഹസന്റെ മനസ്സ് അനുവദിച്ചില്ല. 

വീണ്ടും കറാച്ചിയിലെ ജീവിതം. ഹസനും സഹോദരിയുടെ മക്കളും കച്ചവടത്തിൽ ശ്രദ്ധിച്ചു. സഹോദരിയുടെ മൂത്തമകൻ മെഹ്റൂഫ് കഠിനാധ്വാനിയായിരുന്നു. അവിടെ കച്ചവടം ചെയ്തു ജീവിക്കാൻ പൗരത്വം ആവശ്യമായിരുന്നു. അങ്ങനെ എല്ലാവരും പാക്കിസ്ഥാൻ പൗരത്വമെടുത്തു. വിവാഹപ്രായമെത്തിയപ്പോൾ റഷീദയെ മെഹ്റൂഫിനു വിവാഹം ചെയ്തുകൊടുത്തു. 

നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് റഷീദയ്ക്കും മെഹ്റൂഫിനും. അഫ്ഷാൻ, സാദിയ, മുഹമ്മദ് കാസിം, സുമൈറ, മറിയം, മുഹമ്മദ് ഇസ്മായീൽ. കുട്ടികൾക്കെല്ലാം ഇന്ത്യയിൽ ജീവിക്കാനായിരുന്നു ആഗ്രഹം. മൂത്തമകൾക്കു വിവാഹപ്രായമായപ്പോൾ പാക്കിസ്ഥാനിലെ കച്ചവടമെല്ലാം നിർത്തി കതിരൂരിലേക്കു പുറപ്പെടാൻ അവർ തീരുമാനിച്ചു. ഏറെ പ്രയാസപ്പെട്ടാണെങ്കിലും 2008ൽ ആറു മക്കളും റഷീദയും മെഹ്റൂഫും ഹസനും ഫാത്തിമയും നാട്ടിലെത്തി.

പൗരത്വത്തിനായുള്ള പോരാട്ടം

നാട്ടിലെത്തി എല്ലാവരും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചു. ഫാത്തിമ ഇന്ത്യയിലാണു ജനിച്ചതെന്നു തെളിയിക്കാനുള്ള ജനന സർട്ടിഫിക്കറ്റ് വേണം. ഇതിനിടെ എല്ലാവരും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണം. കണ്ണൂരിലെ പൊലീസ് സൂപ്രണ്ട് ഓഫിസിൽ പോകണം. അങ്ങനെ തിരിച്ചെത്തിയ അന്നുമുതൽ റഷീദ സർക്കാർ ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങി. നടപടിക്രമങ്ങൾ നീണ്ടപ്പോൾ ഇവിടെ ജോലിയൊന്നും ലഭിക്കാതിരുന്ന മെഹ്റൂഫ് പാക്കിസ്ഥാനിലേക്കു തിരിച്ചുപോയി. 

കറാച്ചിയിൽ പാൻ കച്ചവടം ചെയ്തു ജീവിക്കാനാണു മെഹ്റൂഫ് പോയത്.

കറാച്ചിയിലെ കടയും വീടുമെല്ലാം വിറ്റുകിട്ടിയ പണം കൊണ്ട് നാട്ടിൽ ചെറിയൊരു വീടു വാങ്ങാമെന്ന് റഷീദ കരുതിയെങ്കിലും നടന്നില്ല. ഇന്ത്യക്കാരിയാണെന്ന രേഖയൊന്നും അവരുടെ കൈവശമില്ലായിരുന്നു. ഒടുവിൽ ബന്ധു അദ്ദേഹത്തിന്റെ പേരിൽ വീടും സ്ഥലവും വാങ്ങിനൽകുകയായിരുന്നു. 

ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ പാക്കിസ്ഥാനിലെ പാസ്പോർട്ടും മറ്റു രേഖകളും പാക് എംബസിയിൽ ഏൽപിക്കണം. അതെല്ലാം നൽകിയതോടെ ഔദ്യോഗിക രേഖകളൊന്നും കയ്യിലില്ലാതായി. പൗരത്വം ലഭിക്കാനുള്ള നടപടികൾ നീണ്ടതോടെ റഷീദയും മക്കളും തിരുവനന്തപുരത്തെയും ന്യൂഡൽഹിയിലെ ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങി. ന്യൂഡൽഹിയിലെ കൊടും തണുപ്പിൽ കിടക്കാനൊരിടമില്ലാതെ കഴിഞ്ഞ നാളുകളെക്കുറിച്ച് സങ്കടത്തോടെ മാത്രമേ റഷീദയ്ക്കു പറയാൻ കഴിയൂ. പൗരത്വ പ്രശ്നമായതിനാൽ ഉദ്യോഗസ്ഥർ പലരും ഒഴിഞ്ഞുമാറി.

3 പേർക്കു പൗരത്വം

2018ൽ മൂത്ത മൂന്നു മക്കൾക്കു പൗരത്വം ലഭിച്ചു. അവർക്കൊപ്പം അപേക്ഷ നൽകിയ റഷീദയ്ക്കും  മറ്റു മൂന്നു മക്കൾക്കും ലഭിച്ചില്ല. ഒരു വീട്ടിലെ ആറു മക്കളിൽ മൂന്നുപേർ ഇന്ത്യക്കാരാണെന്ന രേഖയോടെ ജീവിക്കുമ്പോൾ മൂന്നുപേർ എവിടെയാണെന്നറിയാതെ ശൂന്യതയിൽ നിൽക്കുന്നു.

മക്കൾക്കൊപ്പം അപേക്ഷ നൽകിയ റഷീദയുടെ കാര്യത്തിൽ ഒരു തീരുമാനവുമായില്ല. ഉമ്മയുടെ ജനന സർട്ടിഫിക്കറ്റ് മൂന്നുവർഷത്തെ പ്രയത്നത്തിനൊടുവിലാണ് റഷീദയ്ക്കു ലഭിക്കുന്നത്. അതെല്ലാം ആഭ്യന്തര വകുപ്പിൽ സമർപ്പിച്ചെങ്കിലും അതിനെക്കുറിച്ച് പിന്നീടൊരു വിവരവുമില്ല. ഫാത്തിമയുടെ ജനന സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ അവരുടെ പേരിലെങ്കിലും റേഷൻ കാർഡ് എടുക്കാമായിരുന്നു. അതും സാധിക്കുന്നില്ല.

ഇതിനിടെ മറവിരോഗം വന്ന് ഹസൻ കിടപ്പിലായി. ഫാത്തിമയ്ക്കു വൃക്കരോഗവും. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തണം. സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് വേണമായിരുന്നു. അതില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ കൂടുതൽ പണം നൽകി വേണം ഡയാലിസിസ്. ആറു മാസം മുൻപ് ഹസൻ മരിച്ചു.

റഷീദയുടെ നാലു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. പൗരത്വ പ്രശ്നം അറിയിച്ചുകൊണ്ടുതന്നെയാണ് എല്ലാവരെയും വിവാഹം കഴിപ്പിച്ചത്. കുടുംബത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയത് മൂന്നാമത്തെ മകൾ സുമേറയുടെ മകൻ ഹംദാന്റെ രോഗമാണ്. ആറാം മാസത്തിൽ തന്നെ കരൾമാറ്റ ശസ്ത്രക്രിയ, ഹൃദയശസ്ത്രക്രിയ, തലച്ചോറിൽ ശസ്ത്രക്രിയ എന്നിങ്ങനെ 90 ലക്ഷം രൂപ ചെലവുവരുന്ന ചികിത്സ വേണ്ടിവന്നു.

ചികിത്സയെല്ലാം കേരളത്തിനു പുറത്തുള്ള ആശുപത്രിയിലായിരുന്നു. കേരളത്തിനു പുറത്തേക്കു പോകുമ്പോൾ റഷീദയും മകളും ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് നിരാക്ഷേപ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങണം. കുഞ്ഞിനു പെട്ടെന്ന് അസുഖം വന്നു കൊണ്ടുപോകുമ്പോഴും ഇതു വാങ്ങണം. റഷീദയുടെ കഷ്ടപ്പാട് അറിയുന്നതിനാൽ ഉദ്യോഗസ്ഥരെല്ലാം സഹായിക്കും. 

നാലു വയസ്സുകാരൻ ഹംദാന്റെ തുടർചികിത്സ ഇനിയുള്ളത് ഓസ്ട്രേലിയയിലാണ്. അവിടെ പോകണമെങ്കിൽ സുമേറയ്ക്കു പാസ്പോർട്ട് വേണം. പൗരത്വമില്ലാത്തവർക്ക് എങ്ങനെ പാസ്പോർട്ട് ലഭിക്കും?

ചക്രവ്യൂഹത്തിലെ റഷീദ

നാലുഭാഗത്തുനിന്നും പ്രശ്നങ്ങൾ വന്നു വരിഞ്ഞുമുറുക്കിയാൽ എന്തു ചെയ്യും? അങ്ങനെയൊരു പ്രതിസന്ധി ഘട്ടത്തിലാണ് റഷീദ. പൗരത്വം ലഭിക്കാനായി നൽകിയ രേഖകളെക്കുറിച്ചൊരു വിവരവുമില്ല. ആഭ്യന്തര വകുപ്പിന്റെ പോർട്ടലിൽ നോക്കുമ്പോൾ ‘സംസ്ഥാന ആഭ്യന്തര വകുപ്പിലേക്ക് അയച്ചു’ എന്നാണു കാണിക്കുന്നത്. തിരുവനന്തപുരത്ത് അന്വേഷിക്കുമ്പോൾ അവിടെ എത്തിയിട്ടുമില്ല.

ന്യൂഡൽഹിയിൽ പോയി അന്വേഷിച്ചപ്പോൾ കോവിഡ് കാലത്ത് അയച്ച കുറെ തപാൽ ഉരുപ്പടികൾ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്നും അതിൽപ്പെട്ടിരിക്കാമെന്നുമാണ് ഒരുദ്യോഗസ്ഥൻ മറുപടി നൽകിയത്. ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഒരു മറുപടിയിൽ മാത്രം ഒതുങ്ങുന്ന കാര്യമാണെങ്കിൽ റഷീദയ്ക്കിതു ജീവന്മരണ പോരാട്ടമാണ്. കാൽക്കീഴിലെ മണ്ണേതാണെന്നു തെളിയിക്കുന്നതിനുള്ള പോരാട്ടം.

പൗരത്വപ്രശ്നം രാഷ്ട്രീയവിഷയമായി വൻ ചർച്ചയാകുമ്പോൾ റഷീദയുടെ ഉള്ളിൽ തീയാളുകയാണ്. റഷീദയ്ക്കൊപ്പം അപേക്ഷ നൽകിയ കുടുംബങ്ങൾക്കെല്ലാം ഇന്ത്യൻ പൗരത്വം ലഭിച്ചു. അവരെയെല്ലാം നിർബന്ധിച്ച് അപേക്ഷ കൊടുപ്പിച്ചത് റഷീദയായിരുന്നു. 

കേന്ദ്ര സർക്കാരിന്റെ പൗരത്വനിയമ പ്രകാരമെങ്കിലും തനിക്കും മക്കൾക്കും പൗരത്വം ലഭിച്ചിരുന്നെങ്കിൽ എന്നാണ് റഷീദ പ്രാ‍ർഥിക്കുന്നത്. ആ പ്രാർഥന ദൈവത്തോടു മാത്രമല്ല, ആഭ്യന്തര വകുപ്പ് കാര്യാലയങ്ങളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരോടുകൂടിയാണ്.

English Summary:

Sunday Special about Rasheeda banu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com