ADVERTISEMENT

ഗാസ / ജറുസലം ∙ ഗാസയിൽ ആംബുലൻസ് വ്യൂഹത്തിനു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതര പരുക്കു മൂലം ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകവെയാണ് രോഗികൾ ആക്രമിക്കപ്പെട്ടത്. ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫയുടെ കവാടത്തിൽവച്ചും ഗാസയിൽ തന്നെ അൻസാർ സ്ക്വയറിനു സമീപവും ആക്രമണമുണ്ടായി. 

ഗുരുതര യുദ്ധക്കുറ്റമായി വിലയിരുത്തപ്പെടുന്ന സംഭവത്തിൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നു മാത്രമാണ് ഇസ്രയേൽ പ്രതികരിച്ചത്. കഴിഞ്ഞമാസം 17ന് അൽ അഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. 

കര, കടൽ, ആകാശ മാർഗങ്ങളിലൂടെ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിൽ കമാൻഡർ മുസ്തഫ ദാലുൽ ഉൾപ്പെടെ ഒട്ടേറെ ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9227 ആയി. ഇവരിൽ കുട്ടികൾ 3826. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ വ്യോമാക്രമണത്തിൽ പലസ്തീൻ ടിവി റിപ്പോർട്ടറും 9 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ 10 പേർ കൂടി കൊല്ലപ്പെട്ടു.

സ്ഥാനപതിയെ തിരിച്ചുവിളിച്ച് ബഹ്റൈൻ

ഇസ്രയേലിലെ സ്ഥാനപതിയെ തിരിച്ചുവിളിച്ച ബഹ്റൈൻ, സാമ്പത്തിക ബന്ധം വിഛേദിച്ചു. ബഹ്റൈനിലെ ഇസ്രയേൽ സ്ഥാനപതി രാജ്യം വിട്ടതായും സ്ഥിരീകരിച്ചു. 2020ലാണ്  ബഹ്റൈൻ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്.

English Summary:

Massacre in Gaza; Israel Attack on ambulances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com