ADVERTISEMENT

വാഷിങ്ടൻ∙  ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽവച്ചായിരുന്നു സംഭവം. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം പേടകത്തിൽ അഭയം തേടിയതായി നാസ അറിയിച്ചു. ഈ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷൻ ചെയ്തത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട്.

അതേസമയം, രാജ്യാന്തര നിലയത്തിലേക്കു പോയ സുനിത വില്യംസിന്റെയും ബച്ച് വിൽമോറിന്റെയും മടക്കയാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബോയിങ് സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതിക തകരാറാണ് തടസ്സമായത്.

ബഹിരാകാശനിലയം തരിപ്പണമാക്കാൻ മസ്ക്

∙രാജ്യാന്തര ബഹിരാകാശ നിലയം കാലാവധി പൂർത്തിയാക്കുമ്പോൾ തകർത്തുതരിപ്പണമാക്കേണ്ട ചുമതല ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ് കമ്പനിക്ക്. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാൻ കരുത്തുള്ള വാഹനം കമ്പനി നിർമിക്കും. അടുത്ത പതിറ്റാണ്ടിന്റെ ആദ്യമാണ് ഇതു വേണ്ടിവരിക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോൾ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തിൽ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത്. ഇതിനുള്ള ഒരുക്കങ്ങൾക്കായി 7032 കോടി രൂപയുടെ കരാർ ബുധനാഴ്ച പ്രഖ്യാപിച്ചു.

പ്രായമേറുന്നതിനാൽ രാജ്യാന്തര നിലയം 2031 ൽ തിരിച്ചിറക്കുമെന്ന് കഴിഞ്ഞ വർഷം നാസ പ്രഖ്യാപിച്ചിരുന്നു. 1998 ൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റാണ് സ്പേസ് സ്റ്റേഷൻ നിർമാണത്തിനുള്ള ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിച്ചത്.

English Summary:

Russian satellite explodes near space station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com