ADVERTISEMENT

ഗാസ ∙ വെടിനിർത്തൽ പ്രതീക്ഷ മങ്ങുന്നതിനിടെ, അവശേഷിക്കുന്ന ബന്ദികളിലൊരാളെ ഇസ്രയേൽ സേന മോചിപ്പിച്ചു. തെക്കൻ ഗാസയിൽ, ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ തുരങ്കത്തിൽനിന്നാണ് ഖയിദ് ഫർഹാൻ അൽഖാദി(52)യെ രക്ഷപ്പെടുത്തിയത്. ഇസ്രയേൽ സേനയും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെറ്റും ചേർന്നു നടത്തിയ സങ്കീർണമായ നീക്കത്തിലൂടെയാണു മോചനം. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ണ്. രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അഭിനന്ദിച്ചു. ബാക്കിയുള്ള ബന്ദികളും വീടണയും വരെ ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്നും അറിയിച്ചു. 

കഴിഞ്ഞവർഷം ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തി ബന്ദികളാക്കിയവരിൽ 108 പേർ ഇനിയും ഗാസയിൽ ശേഷിക്കുന്നതായാണു കണക്കുകൾ. ആകെ 251 പേരെയാണ് ഹമാസ് അന്നു ബന്ദികളാക്കി ഗാസയിൽ കൊണ്ടുവന്നത്. 36 പേർ മരിച്ചെന്നാണ് കണക്കുകൾ. ഇസ്രയേൽ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹമാസ് പറയുന്നു. 

ഇതിനിടെ, മധ്യ ഗാസയിലെ ദെയ്‍ർ അൽബലയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമായി ഇസ്രയേൽ ആക്രമണങ്ങളിൽ 22 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണിൽ 3 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ് തു.

ഖാൻ യൂനിസിൽ ആക്രമണമുണ്ടായ വീട്ടിൽനിന്ന് 6 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഗാസ അധികൃതർ പറഞ്ഞു. പരുക്കേറ്റ 7 പേരെ അവശിഷ്ടങ്ങൾക്കിടയി‍ൽനിന്നു രക്ഷപ്പെടുത്തി. ഇതുവരെ 40,476 പലസ്തീൻകാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 93,647 പേർക്കു പരുക്കേറ്റു. 

തെക്കൻ, മധ്യ ഗാസ മേഖലകളിൽ ഹമാസിനെതിരെ പോരാടാനായി പലസ്തീൻകാരെ ഇസ്രയേൽ ഒഴിപ്പിക്കുന്നതു തുടരുകയാണ്. പലരും കടൽക്കരയിൽ കഴിഞ്ഞുകൂടേണ്ട സാഹചര്യമാണ്. 

ഇതേസമയം, കയ്റോയിലെ ചർച്ചകൾ തുടരുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പറഞ്ഞു. വെടിനിർത്തൽ വ്യവസ്ഥകളിൽ ഐക്യമുണ്ടാക്കുന്നതിനു തടസ്സമായി നിൽക്കുന്നവയിലൊന്ന് ഗാസയിലെ 2 സുപ്രധാന ഇടനാഴികളുടെ നിയന്ത്രണാവകാശം സംബന്ധിച്ചുള്ള തർക്കമാണ്.

ഇതിനിടെ, ചെങ്കടലിൽ കഴിഞ്ഞ 23ന് ഹൂതി ആക്രമണത്തിനിരയായ ഗ്രീക്ക് എണ്ണക്കപ്പലിലെ തീ ഇതുവരെ അണയ്ക്കാനായിട്ടില്ല. 1,50,000 ടൺ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്.

English Summary:

Israel frees hostage from tunnel in Rafah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com