ADVERTISEMENT

ഗാസ/ജറുസലം/ബെയ്റൂട്ട് ∙ ഇസ്രയേലിനെതിരെ നിർണായകമായ തുറന്ന യുദ്ധത്തിനു തുടക്കമിട്ടതായി ഹിസ്ബുല്ല നേതാക്കൾ പ്രഖ്യാപിച്ചു. ലെബനനിലെ ബെയ്റൂട്ടിൽ വെള്ളിയാഴ്ച നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡറുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഹിസ്ബുല്ല ഡപ്യൂട്ടി സെക്രട്ടറി ജനറൽ നയീം ഖാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലെബനനിൽ പേജർ, വോക്കി ടോക്കി പൊട്ടിത്തെറികൾ ഹിസ്ബുല്ല അംഗങ്ങളുടെയടക്കം ജീവനെടുത്തതിനു പിന്നാലെയാണ് യുദ്ധപ്രഖ്യാപനം.  വടക്കൻ ഇസ്രയേലിൽ ഇന്നലെ കനത്ത ഡ്രോണാക്രമണവും റോക്കറ്റാക്രമണവും നടന്നു. ബെയ്റൂട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. ഇസ്രയേൽ ആക്രമണങ്ങൾക്കു മുന്നിൽ ഉലയാതെ  മുന്നോട്ടുനീങ്ങുന്ന ഹിസ്ബുല്ലയെ ഗാസയിലെ ഹമാസ് പ്രകീർത്തിച്ചു. ‌

വടക്കൻ ഇസ്രയേലിലെ ആശുപത്രികൾ ഏതു സാഹചര്യവും നേരിടാൻ തയാറെടുക്കണമെന്ന് സർക്കാർ നിർദേശം നൽകി. ഒരിക്കലും വിചാരിക്കാത്ത വഴികളിലൂടെയാണ് ഹിസ്ബുല്ലയ്ക്കു നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങളെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല ഇനിയും മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഉടൻ തന്നെ മനസ്സിലായിക്കോളും എന്നും സൂചിപ്പിച്ചു. 

ഇതിനിടെ, ഖത്തർ സർക്കാർ ധനസഹായം നൽകുന്ന അൽ ജസീറ ചാനലിന്റെ യുദ്ധ റിപ്പോർട്ടിങ്ങിന് കടിഞ്ഞാണിടാൻ ഇസ്രയേൽ നീക്കങ്ങൾ തുടരുന്നു. വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ പ്രവർത്തിച്ചിരുന്ന ബ്യൂറോ പൂട്ടാൻ ഉത്തരവിറക്കി. ബ്യൂറോ ഓഫിസിലെ ക്യാമറകളും പിടിച്ചെടുത്തു. അൽ ജസീറ ഇവിടെ 45 ദിവസത്തേക്ക് പ്രവർത്തനം നിർത്തിവച്ചു. ഹമാസിന്റെയും ലെബനനിലെ ഹിസ്ബുല്ലയുടെയും വക്താക്കളാണ് അൽ ജസീറയെന്ന് ആരോപിച്ചാണ് ഇസ്രയേൽ നടപടി. ഇത്തരം സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ചാനൽ പ്രതികരിച്ചു. ഗാസ സിറ്റിയിലെ അൽ ഷാത്തി അഭയാർഥി ക്യാംപിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 40 പേരാണ് ഗാസയിൽ ഇന്നലെ കൊല്ലപ്പെട്ടത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗാസയിൽ ആരംഭിച്ച ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 41,431 പലസ്തീൻകാർ. 95,818 പേർക്കു പരുക്കേറ്റു.

English Summary:

Hezbollah starting open war against Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com