ADVERTISEMENT

കോട്ടയം ∙ ‘കോട്ടയം ബിസിഎം കോളജിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്’...  1964ൽ ‘മലയാള മനോരമ’യുടെ ക്ലാസിഫൈഡ്സ് കോളത്തിൽ ഈ പരസ്യവുമായി തുടങ്ങിയ കേരള പബ്ലിസിറ്റി ബ്യൂറോയുടെ (കെപിബി) യാത്ര 60 വർഷം പിന്നിടുന്നു. ഇടപാടുകാർക്ക് ഇന്നും ആവശ്യമുള്ള പരസ്യ ഏജൻസിയായി കെപിബി വജ്രജൂബിലി തിളക്കത്തോടെ ജൈത്രയാത്ര തുടരുന്നു. കാലം ചോർത്താത്ത വിശ്വാസ്യതയും പുതിയ കാലത്തെ പരസ്യ ദാതാക്കളുടെ സംതൃപ്തിയുമാണു പരസ്യരംഗത്ത്  കേരളത്തിലെ ആദ്യ അക്രഡിറ്റഡ് ഏജൻസിയായ കെപിബിയെ പ്രസക്തമാക്കുന്നത്. 

1964ൽ കോട്ടയത്ത് ആരംഭിച്ച കെപിബി, കേരളം ഏറ്റുപാടിയ അനേകം പരസ്യ വാചകങ്ങളിലൂടെ സ്ഥാപനങ്ങളുടെയും ഇഷ്ടപ്പേരായി. സഹോദരൻമാരായ ടി.ഒ.കുര്യാക്കോസ്, ടി.ഒ.ഫിലിപ് എന്നിവരുടെ സാരഥ്യത്തിലായിരുന്നു മുന്നേറ്റം. 

ആർട് ഡിപ്പാർട്‌മെന്റോടു കൂടിയ ആദ്യ പരസ്യ ഏജൻസി എന്ന സവിശേഷതയോടെ കെപിബി 1967ൽ കൊച്ചിയിലുമെത്തി. 1973ൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും ഡയറക്‌ടറേറ്റ് ഓഫ് അഡ്വർടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റിയും കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് പരസ്യ ഏജൻസിയായി കെപിബിയെ അംഗീകരിച്ചു. 1984ൽ ഇന്ത്യൻ പരസ്യമേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഏജൻസികളിൽ 11–ാം സ്ഥാനം നേടി. അക്കാലത്ത് ഇന്ത്യയിൽത്തന്നെ ശ്രദ്ധനേടിയ പല ലോഗോകളും രൂപകൽപന ചെയ്തതോടെ പരസ്യദാതാക്കളുടെ  പ്രിയപ്പെട്ട ഏജൻസിയായി. 1990ൽ ആകാശവാണി, ദൂരദർശൻ അംഗീകാരങ്ങളും നേടി. 

ഗുണമേന്മയുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ പല ഉൽപന്നങ്ങളുടെയും തലവര കുറിക്കുകൊള്ളുന്ന പരസ്യവാചകങ്ങളിലൂടെ മാറ്റിവരയ്ക്കാൻ കെപിബിക്കായി. 150ൽ ഏറെ കമ്പനികളുമായി ദശാബ്ദങ്ങളായി തുടരുന്ന ആത്മബന്ധം തന്നെയാണ് തങ്ങളുടെ വിജയരഹസ്യമെന്നു കെപിബിയുടെ രണ്ടാം തലമുറയിലെ സാരഥികൾ പറയുന്നു. 

പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിബ് അവാർഡ്, ഫുക്ക ക്രിയേറ്റീവ് അവാർഡ്, ഒട്ടേറെ പെപ്പർ അവാർഡുകൾ, റാപാ അവാർഡ് എന്നിവയെല്ലാം മികവിന്റെ സാക്ഷ്യപത്രങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നു. 

കേരള പബ്ലിസിറ്റി ബ്യൂറോ എന്ന പേരിൽ കോട്ടയത്തും കെപിബി അഡ്വർടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിലും ചെന്നൈയിലും സ്ഥാപനം പ്രവർത്തിക്കുന്നു. മാറുന്ന അഭിരുചികൾക്കൊപ്പവും നവമാധ്യമങ്ങളിലൂടെയും കമ്പോള മനസ്സറിഞ്ഞ് മുന്നേറുകയാണു കെപിബി. വിശ്വാസ്യതയിൽ വിട്ടുവീഴ്ചയോ ബന്ധങ്ങളിൽ വിള്ളലോ വീഴ്ത്താതെ വിജയിച്ചും വിജയിപ്പിച്ചുമുള്ള യാത്ര...

English Summary:

Kerala Publicity Bureau

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com