ADVERTISEMENT

കൊച്ചി ∙ ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 79,000 പോയിന്റിനു മുകളിലേക്ക്. മത്സരമെന്ന മട്ടിൽ കുതിച്ചുയർന്ന നിഫ്റ്റി 24,000 പോയിന്റിനു മുകളിൽ സർവകാല ഔന്നത്യത്തിന്റെ വിജയപതാക ഉയർത്തി.

തുടർച്ചയായ നാലാം ദിവസമാണു സെൻസെക്സിലെയും നിഫ്റ്റിയിലെയും കുതിപ്പ്. ഇരു സൂചികകളും റെക്കോർഡ് തിരുത്തിക്കുറിക്കുന്നത് ഈ മാസം ഇതു പത്താം തവണ. 2023 ഡിസംബറിനു ശേഷം വില സൂചികകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മാസമാണിത്. നിഫ്റ്റി 50 സൂചികയിൽ പ്രാതിനിധ്യമുള്ള പകുതിയോളം ഓഹരികളും ഈ മാസം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു.

സെൻസെക്സ് അവസാനിച്ചത് 568.93 പോയിന്റ് ഉയർന്ന് 79,243.18 പോയിന്റിലാണ്. നിഫ്റ്റി 175.71 പോയിന്റ് നേട്ടത്തോടെ 24,044.50 നിലവാരത്തിലെത്തി. നിഫ്റ്റിക്ക് 23,000 പോയിന്റിൽനിന്ന് 24,000 നിലവാരത്തിലെത്താൻ വേണ്ടിവന്നത് 23 വ്യാപാര ദിനങ്ങൾ മാത്രം.

ബാങ്ക് ഓഹരികളുടെ ആരോഗ്യ മാപിനിയായ ബാങ്ക് നിഫ്റ്റി സൂചിക റെക്കോർഡ് നിലവാരമായ 53,180.75 പോയിന്റിലേക്ക് ഉയർന്ന ദിവസംകൂടിയാണു കടന്നുപോയത്. 

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം വർഷങ്ങൾക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരമായ 2.8 ശതമാനത്തിലേക്കും അറ്റ കിട്ടാക്കടം 0.6 ശതമാനത്തിലേക്കും താഴ്ന്നിരിക്കുന്നുവെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്ന ദിവസമാണു ബാങ്ക് നിഫ്റ്റിയിലെ നേട്ടം എന്ന പ്രത്യേകതയുണ്ട്.

വില സൂചികകളിലെ കുതിപ്പിനെ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിനു ശേഷമുള്ള പ്രസരിപ്പിന്റെ തുടർച്ചയെന്നോ സമ്പൂർണ ബജറ്റിൽ കണ്ണുവച്ചുള്ള മുന്നേറ്റമെന്നോ നിർവചിക്കാനാകാത്ത അവസ്ഥയാണ്.

ഭരണത്തുടർച്ച മാത്രമല്ല ആവേശക്കുതിപ്പിന് അടിസ്ഥാനം. 

രാജ്യത്തെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതും കറന്റ് അക്കൗണ്ട് കമ്മി 30 മാസത്തിനു ശേഷം മിച്ച നിലയിലെത്തിയതും ഓഹരി വിപണിക്കു വലിയ തോതിൽ ആശ്വാസം പകർന്നു. 

വിദേശ ധനസ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായതാണു മറ്റൊരു നേട്ടം. ഇവയ്ക്കെല്ലാം പുറമെ അടുത്ത മാസം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ സുപ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ വിപണി പ്രതീക്ഷിക്കുന്നുമുണ്ട്..

English Summary:

Sensex and nifty review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com