ADVERTISEMENT

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട്-സെല്ലർമാരുമായ ഹിൻഡെൻബെർഗ് റിസർച്ച് 2023ന്‍റെ തുടക്കത്തിൽ തൊടുത്തുവിട്ട ആരോപണശരങ്ങൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാവുന്നു. വിഷയത്തിൽ അന്വേഷണം നടത്തിയ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI) ഇക്കഴിഞ്ഞ ജൂൺ 27ന് അയച്ച കാരണംകാണിക്കൽ നോട്ടീസിന് ഹിൻഡെൻബെർഗ് മറുപടി നൽകിയതോടെയാണ് വിഷയം വീണ്ടും സജീവമായത്.

നികുതിബാധ്യതയില്ലാത്ത രാജ്യങ്ങളിൽ കടലാസ് കമ്പനികൾ രൂപീകരിച്ച്, സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരിവില പെരുപ്പിച്ചെന്നും ഇത്തരത്തിൽ വില കയറിയ ഓഹരികൾ ഈടാക്കി വായ്പകൾ ഉൾപ്പെടെ സ്വന്തമാക്കിയെന്നുമാണ് 2023 ജനുവരിയിൽ ഹിൻഡെൻബെർഗ് ആരോപിച്ചത്. ഇത് ഇന്ത്യയിൽ വൻ രാഷ്ട്രീയ, സാമ്പത്തിക കോലാഹലങ്ങൾക്ക് വഴിവയ്ക്കുകയും അദാനി ഗ്രൂപ്പ് ഓഹരികൾ ഒന്നടങ്കം വിൽപന സമ്മർദ്ദത്തിൽ മുങ്ങുകയും ചെയ്തു. 

ഹിൻഡെൻബെർഗ് ആരോപണങ്ങളെ തുടർന്ന് ഒറ്റയടിക്ക് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞുപോയത് 15,000 കോടി ഡോളറായിരുന്നു (ഏകദേശം 12.5 ലക്ഷം കോടി രൂപ). പിന്നീട് കടങ്ങൾ കാലാവധിക്ക് മുമ്പേ തിരിച്ചടച്ചും പുതിയ വികസന പദ്ധതികളിലേക്ക് പ്രവേശിച്ചും അദാനി ഗ്രൂപ്പ് മെല്ലെ നിക്ഷേപക വിശ്വാസവും കൈവിട്ട വിപണിമൂല്യത്തിൽ മുന്തിയപങ്കും തിരികെപ്പിടിച്ചു. എന്നാൽ, ഇതേസമയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരെ എത്തിയ കേസിൽ സെബി അന്വേഷണവും തുടങ്ങിയിരുന്നു.

വീണ്ടും ഉയരുന്ന വിവാദം
 

അദാനി ഗ്രൂപ്പിന്‍റെ അമേരിക്കയിലുള്ള കടപ്പത്രങ്ങളിൽ 'ഷോർട്ട്-സെല്ലിങ്' നടത്തി ലാഭമുണ്ടാക്കിയ ശേഷമാണ് ഹിൻഡെൻബെർഗ് ആരോപണങ്ങൾ ഉന്നയിച്ചതെന്നായിരുന്നു കഴിഞ്ഞവർഷം ഉയർന്നൊരു മറുവാദം. ഈ വിഷയങ്ങളെല്ലാം അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞമാസം ഹിൻഡെൻബെർഗിന് സെബി കാരണംകാണിക്കൽ നോട്ടീസ് അയച്ചത്.

2062864934

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾക്ക് പിന്നിലെ കാരണങ്ങളും ഷോർട്ട്-സെല്ലിങ് നടപടികളും വിശദീകരിക്കണമെന്നാണ് നോട്ടീസിലുള്ളത്. 

എന്നാൽ, ഇതിനെതിരെ ശക്തമായ മറുപടിയുമായി ഹിൻഡെൻബെർഗ് രംഗത്തുവരികയായിരുന്നു. നോട്ടീസ് അയച്ച സെബിയുടെ നടപടി സംശയാസ്പദമാണെന്നും അദാനിക്കുവേണ്ടിയാണ് ഇതെന്നും ഹിൻഡെൻബെർഗ് തിരിച്ചടിച്ചു. അദാനിക്കെതിരായ ആരോപണങ്ങളിൽ പലതും അന്വേഷണത്തിന്‍റെ തുടക്കത്തിൽ സെബി അംഗീകരിച്ചതാണെന്നും പിന്നീട് മലക്കംമറിഞ്ഞുവെന്നും ഹിൻഡെൻബെർഗ് ആരോപിക്കുന്നു. ശരിയായി അന്വേഷണം നടത്താതെ, അദാനിയെ സഹായിക്കുന്ന നിലപാടാണ് സെബി എടുക്കുന്നതെന്നും ഹിൻഡെൻബെർഗ് ആരോപിച്ചിട്ടുണ്ട്. ഇന്ത്യയിലെ നിയമങ്ങൾക്ക് അനുസൃതമായാണ് അദാനി ഗ്രൂപ്പിന്‍റെ കടപ്പത്രങ്ങളിൽ ഷോർട്ട്-സെല്ലിങ് നടത്തിയതെന്നും പൊതുമധ്യത്തിൽ ലഭ്യമായ വിവരങ്ങൾ പ്രകാരമാണ് അദാനിക്കെതിരെ ഗവേഷണം നടത്തി കഴിഞ്ഞവർഷം ആരോപണങ്ങൾ ഉന്നയിച്ചതെന്നും അവർ വ്യക്തമാക്കി.

ഷോർട്ട്-സെല്ലിങ്ങിനെ ചൊല്ലി തർക്കം
 

ഉയർന്ന വിലയുള്ള ഓഹരി/കടപ്പത്രം കടമായി വാങ്ങിയശേഷം മറ്റൊരാൾക്ക് താരതമ്യേന കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും അതുവഴി വീണ്ടും വില കുറയുന്ന ഓഹരി വാങ്ങിയശേഷം നേരത്തേ കടംതന്ന ആൾക്ക് തന്നെ തിരികെക്കൊടുത്ത് ലാമുണ്ടാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് ഷോർട്ട്-സെല്ലിങ്. ഇത്തരം ഷോർട്ട്-സെല്ലിങ് നടത്തി ലാഭമുണ്ടാക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ഹിൻഡെൻബെർഗിന്‍റെ ആരോപണങ്ങളെന്നായിരുന്നു ഒരു വാദം. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എന്നാൽ, വെറും 31,000 ഡോളറാണ് (26 ലക്ഷം രൂപ) അദാനിയുടെ കടപ്പത്രങ്ങളുടെ ഷോർട്ട്-സെല്ലിങ് വഴി കിട്ടിയ നേട്ടമെന്ന് ഹിൻഡെൻബെർഗ് പറയുന്നു. 41 ലക്ഷം ഡോളറായിരുന്നു ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കിട്ടിയ ആകെ വരുമാനം. രണ്ടുവർഷത്തോളം നീണ്ട ഗവേഷണം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, നിയമപരമായ ചെലവുകൾ എന്നിവ കിഴിച്ചാൽ കാര്യമായ ലാഭം ഉണ്ടായിട്ടില്ല.

Image: Shutterstock/LookerStudio
Image: Shutterstock/LookerStudio

അദാനിക്കെതിരായ ഗവേഷണത്തിലൂടെ ഹിൻഡെൻബെർഗിലെ 12-16 നിക്ഷേപക പങ്കാളികൾ കോടികളുടെ ലാഭമുണ്ടാക്കിയെന്ന ആരോപണവും ശരിയല്ല. കമ്പനിക്ക് ആകെയൊരു നിക്ഷേപക പങ്കാളിയേ അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നും ഹിൻഡെൻബെർഗ് പ്രതികരിച്ചു.

സെബിയുടെ അന്വേഷണങ്ങളുടെ വിവരങ്ങൾ തേടി ഹിൻഡെൻബെർഗ് വൈകാതെ വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കുമെന്നാണ് സൂചനകൾ. അദാനി ഗ്രൂപ്പിനോട് സെബി ഉന്നയിച്ച ചോദ്യങ്ങൾ അറിയുകയാണ് മുഖ്യലക്ഷ്യം. അതേസമയം, ഹിൻഡെൻബെർഗിന്‍റെ മറുപടിയോട് സെബി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓഹരികൾ സമ്മിശ്രം
 

ഹിൻഡെൻബെർഗ് വിവാദം വീണ്ടും ഉയർന്ന പശ്ചാത്തലത്തിലും അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. എസിസി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ എന്നിവ 0.5 മുതൽ 2.2 ശതമാനം വരെ നേട്ടത്തിലേറിയപ്പോൾ അദാനി എന്‍റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി പവർ, അംബുജ സിമന്‍റ് എന്നിവ 0.3 ശതമാനം മുതൽ 1.11 ശതമാനം വരെ നഷ്ടത്തിലാണുള്ളത്.

English Summary:

Hindenberg Responds to SEBI’s Show Cause Notice Amid Adani Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com