ADVERTISEMENT

സെൻസെക്സും നിഫ്റ്റിയും ഇന്ന് വിൽപനസമർദ്ദത്തിൽ അകപ്പെട്ട് നഷ്ടത്തിലാണെങ്കിലും റെയിൽവേ ഓഹരികളിൽ വ്യാപാരം പുരോഗമിക്കുന്നത് നേട്ടത്തിന്‍റെ ട്രാക്കിൽ. നിരവധി റെയിൽവേ ഓഹരികൾ ഇന്ന് 52-ആഴ്ചത്തെ ഉയരവും കണ്ടു. റെയിൽ വികാസ് നിഗം (RVNL), ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (IRFC), ടെക്സ് റെയിൽ, ഇർകോൺ ഇന്‍റർനാഷണൽ, റെയിൽടെൽ, ഐആർസിടിസി എന്നിവ 2 മുതൽ 15 ശതമാനം വരെ ഇന്ന് ഇൻട്രാ-ഡേയിൽ നേട്ടത്തിലേറി.

ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ റെയിൽവേക്ക് മികച്ച പരിഗണന കിട്ടുമെന്ന വിലയിരുത്തലുകൾ ഊർജമാക്കിയാണ് ഈ കമ്പനികളുടെ ഓഹരിക്കുതിപ്പ്. 2023-24ൽ റെയിൽവേക്കുള്ള ബജറ്റ് വിഹിതം 2.40 ലക്ഷം കോടി രൂപയായിരുന്നത് 2024-25ൽ 2.55 ലക്ഷം കോടി രൂപയാക്കാനായിരുന്നു കഴിഞ്ഞ മോദി സർക്കാരിന്‍റെ തീരുമാനം. സമ്പൂർണ ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയേക്കും.

ട്രാക്ക് വിപുലീകരണം, വൈദ്യുതീകരണം, പുതിയ ട്രെയിനുകളുടെ നിർമാണം, സ്റ്റേഷനുകളുടെ ആധുനികവൽകരണം, പാലങ്ങളുടെ നിർമാണം എന്നിങ്ങനെ റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിൽ ഊന്നലുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ. അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെ 5 വർഷത്തിനകം 5,000 പുതിയ ട്രെയിനുകളാണ് റെയിൽവേ ഉന്നമിടുന്നത്.

ഓഹരിക്കുതിപ്പ്
 

ഇർകോൺ, ആർവിഎൻഎൽ, ഐ‍ആ‍ര്‍എഫ്‍സി, ടെക്സ്മാകോ റെയിൽ, റെയിൽടെൽ തുടങ്ങിയവയെല്ലാം ഇന്ന് 52-ആഴ്ചയിലെ ഉയരം കണ്ടു. ഇർകോൺ ഓഹരി 334 രൂപവരെ ഉയർന്നെങ്കിലും വ്യാപാരം പുരോഗമിക്കുന്നത് 5.18 ശതമാനം നേട്ടത്തോടെ 323.70 രൂപയിൽ. 206 രൂപവരെ ഉയർന്ന ഐ‍ആ‍ര്‍എഫ്‍സി ഓഹരിയുള്ളത് 6 ശതമാനം നേട്ടവുമായി 199.65 രൂപയിലാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

11.78 ശതമാനം കുതിച്ച് 548.90 രൂപയിലാണ് ആർവിഎൻഎൽ ഓഹരിയുള്ളത്. ഒരുവേള ഓഹരി 15 ശതമാനത്തിലധികം മുന്നേറി 567.50 രൂപയിലെത്തിയിരുന്നു. 1,049 രൂപവരെ ഉയർന്ന ഐആർസിടിസി ഓഹരികളിൽ വ്യാപാരം പുരോഗമിക്കുന്ന് 1.64 ശതമാനം നേട്ടവുമായി 1,043.05 രൂപയിൽ.

295.50 രൂപയെന്ന 52-ആഴ്ചത്തെ ഉയരം ഇന്ന് തൊട്ട ടെക്സ്മാകോ റെയിൽ ആൻഡ് എൻജിനിയറിംഗ് (ടെക്സ്റെയിൽ) ഓഹരി ഇപ്പോഴുള്ളത് 3.79 ശതമാനം കുതിച്ച് 283.70 രൂപയിൽ. 5 ശതമാനം നേട്ടവുമായി 323 രൂപയിലാണ് ഇർകോണുള്ളത്. ഇൻട്രാ-ഡേയിൽ  344.50 രൂപയിലെത്തിയിരുന്നു. ഒരുവേള 559.40 രൂപവരെ എത്തിയ റെയിൽടെൽ ഓഹരി നിലവിലുള്ളത് രണ്ടര ശതമാനം ഉയർന്ന് 533.15 രൂപയിൽ.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Railway stocks experienced a significant surge, with RVNL leading the pack with a 15% jump.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com