സാൻ ഫെർണാണ്ടോ മടങ്ങി, വിഴിഞ്ഞം തുറമുഖം തീരമണഞ്ഞ് രണ്ടാം കപ്പൽ
Mail This Article
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്ത് രണ്ടാമത്തെ കണ്ടെയ്നർ കപ്പൽ ‘മാറിൻ അസൂർ’ ബെർത്ത് തൊട്ടു. ആദ്യമെത്തിയ കണ്ടെയ്നർ കപ്പൽ സാൻ ഫെർണാണ്ടോ ഇന്നലെ തീരം വിട്ടു കൊളംബോയിലേക്ക് യാത്രയായി. മാറിൻ അസൂർ ബെർത്തിലെത്തിയതിനു പിന്നാലെ കപ്പലിൽ നിന്നു കണ്ടെയ്നറുകൾ ഇറക്കിത്തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.22നാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞം തീരത്തോടു യാത്ര പറഞ്ഞത്. ഓഷ്യൻ പ്രസ്റ്റീജ് ടഗ്ഗിനൊപ്പം 3 ഡോൾഫിൻ ടഗുകളുടെ കൂടി അകമ്പടിയോടെ നീങ്ങിയ സാൻ ഫെർണാണ്ടോയെ ഇവിടെ നിന്നുള്ള 2 ക്യാപ്റ്റന്മാർ നിയന്ത്രിച്ചു. പുറംകടലിലെത്തിയ ശേഷം ഇറങ്ങിയ ക്യാപ്റ്റന്മാർ സമീപത്തു നങ്കൂരമിട്ടു കിടന്ന മാറിൻ അസൂറിലേക്ക് കയറി, കപ്പലിനെ വിഴിഞ്ഞം ബെർത്തിലേക്കു നയിച്ചു. ഉച്ചയ്ക്ക് 2ന് ബെർത്തിൽ അടുപ്പിച്ചു. മാറിൻ അസൂറിൽ നിന്ന് 338 കണ്ടെയ്നറുകൾ ഇവിടെ ഇറക്കുകയും 798 എണ്ണം തിരികെ കയറ്റുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. കപ്പലിൽ കയറ്റുന്ന കണ്ടെയ്നറുകൾ മുംബൈ ഉൾപ്പെടെ വിവിധ തുറമുഖങ്ങളിലേക്കു കൊണ്ടുപോകും. സാൻ ഫെർണാണ്ടോയിൽ എത്തിയതിൽ 1789 കണ്ടെയ്നറുകൾ ഇവിടെ ഇറക്കുകയും 607 എണ്ണം പുറത്തിറക്കി ക്രമീകരിച്ചതായും അധികൃതർ പറഞ്ഞു. 11ന് എത്തിയ സാൻ ഫെർണാണ്ടോ 12 ലെ സ്വീകരണ ചടങ്ങിനു പിന്നാലെ മടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കണ്ടെയ്നറുകൾ ഇറക്കുന്ന ദൗത്യം 3 ദിവസം നീണ്ടു. ട്രയൽ റൺ എന്ന നിലയ്ക്ക് അതീവ ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയതാണ് വേഗം കുറയാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചിരുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ലോകത്തെ വലുപ്പമേറിയ കണ്ടെയ്നർ കപ്പലുകളിലൊന്നും ചെറുകപ്പലുകളും വിഴിഞ്ഞത്തെത്തും.
മാറിൻ അസൂർ
സാൻ ഫെർണാണ്ടോ എന്ന മദർ ഷിപ്പിന് നീളം 300 മീറ്ററാണെങ്കിൽ ഇന്നലെയെത്തിയ മാറിൻ അസൂറിന്റെ നീളം 250 മീറ്റർ. വീതി 38 മീറ്റർ. ക്യാപ്റ്റനുൾപ്പെടെ 8 ക്രൂ അംഗങ്ങൾ കൊറിയയിൽ നിന്നുള്ളവരാണ്.13 പേർ ഫിലിപ്പീൻസുകാരും.