ADVERTISEMENT

വിനോദ സഞ്ചാര, പൈതൃക വിനോദ സഞ്ചാര മേഖലകളിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റിൽ കേരളം കാത്തിരിക്കുന്നത്. മുസിരിസ് പദ്ധതിയെ ഹംപി മാതൃകയിൽ ‘രാജ്യാന്തര ഹെറിറ്റേജ് ടൂറിസം ഡെസ്റ്റിനേഷൻ’ ആക്കി മാറ്റിയാൽ അത് സംസ്ഥാനത്തെ ടൂറിസം രംഗത്തിനു വലിയ മുതൽക്കൂട്ടാകും.

നാഗപട്ടണം വലിയപള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തന്നെ നിർദേശം വച്ചിട്ടുണ്ട്. വേളാങ്കണ്ണി, ഡിണ്ടിഗൽ, മംഗളാദേവി, മലയാറ്റൂർ പള്ളി, അൽഫോൻസാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ കൂടി ഉൾപ്പെടുന്ന സർക്കീറ്റ് ആണ് ഇത്. കൊച്ചിയിലെ ജൂതപ്പള്ളി ഇതിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്ന് മന്ത്രി പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം, കേന്ദ്രത്തിൽ നിന്ന് ഈ തീർഥാടക പദ്ധതിക്ക് എന്തെങ്കിലും തരത്തിൽ ഉറപ്പു ലഭിച്ചിട്ടുണ്ടെന്നുള്ളതിന്റെ സൂചനയായാണ് കേരളം കാണുന്നത്.

അമൃത് പദ്ധതിയുടെ മാതൃകയിൽ ഗുരുവായൂർ അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിലും തീർഥാടകനഗരങ്ങളിലും പശ്ചാത്തല സൗകര്യ വികസനത്തിനു വലിയ പദ്ധതികൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഗുരുവായൂരിലും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയത് ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.

കൊടുങ്ങല്ലൂർ ചേരമാൻ ജുമ മസ്ജിദ്, വടക്കുന്നാഥ ക്ഷേത്രം, പാലയൂർ പള്ളി തുടങ്ങിയ ആരാധനാലയങ്ങൾക്കിടയിൽ ഒരു പിൽഗ്രിം ടൂറിസം സർക്കീറ്റ് വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. 

വലിയ തീർഥാടക കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള റെയിൽവേ പദ്ധതികളുടെ പ്രഖ്യാപനമാണു കേരളം പ്രതീക്ഷിക്കുന്ന മറ്റൊന്ന്. ശബരി റെയിൽവേക്ക് വേഗം വയ്ക്കുമോ എന്നതാണ് മധ്യതിരുവിതാംകൂർ ഉറ്റുനോക്കുന്നത്. 

ഇരിങ്ങാലക്കുടയിൽ നിന്ന് ഗുരുവായൂരിലെത്തി അവിടെ നിന്ന് പൊന്നാനി– തിരൂർ വരെയെത്തുന്ന ഒരു റെയിൽ പദ്ധതി പ്രചാരണ സമയത്തുതന്നെ മന്ത്രി സുരേഷ് ഗോപി കേന്ദ്രത്തിനു മുന്നിൽവച്ചിട്ടുണ്ടെന്നതാണ് മധ്യകേരളത്തിന്റെ പ്രതീക്ഷ.

എയിംസ് സംസ്ഥാനത്ത് അനുയോജ്യമായ സ്ഥലത്ത് വരുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയതും സംസ്ഥാനത്തിനു പ്രതീക്ഷ നൽകുന്നതാണ്. എയിംസിനു വേണ്ടി വിവിധ ജില്ലകളുടെ അവകാശവാദം ഉയർന്നുകഴിഞ്ഞു. ഇതുവഴിയുള്ള തൊഴിലവസരങ്ങൾ പ്രാദേശിക വികസനത്തിനും വഴിയൊരുക്കും. 

ബജറ്റിൽ പ്രഖ്യാപനം ഉണ്ടായാൽ പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിന് ലഭിക്കുന്ന വലിയ പദ്ധതികളുടെ പട്ടികയിൽ അത് ഇടം പിടിക്കും.

English Summary:

There is a lot of hope for Kerala in the tourism region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com