ADVERTISEMENT

കഴിഞ്ഞയാഴ്ചയിലെ വൻ കുതിപ്പിന് സഡൻ ബ്രേക്കിട്ട് സ്വർണ വില തുടർച്ചയായി ഇടിയുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 1,040 രൂപയും ഗ്രാമിന് 130 രൂപയുമാണ് കുറഞ്ഞത്. ഒരാഴ്ചയോളം മുമ്പ് 55,000 രൂപയായിരുന്ന പവൻ വില ഇന്നുള്ളത് 53,960 രൂപയിൽ. ഗ്രാം വില ഇക്കാലയളവിൽ 6,875 രൂപയിൽ നിന്ന് 6,745 രൂപയിലുമെത്തി.

ഇന്നുമാത്രം പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞു. ലൈറ്റ് വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ താഴ്ന്ന് 5,605 രൂപയായി. കഴിഞ്ഞവാരം ഗ്രാമിന് 100 രൂപയായിരുന്ന വെള്ളി വില ഇന്ന് 95 രൂപയിലാണ് വ്യാപാരം. ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞു.

ഉറ്റുനോട്ടം അമേരിക്കയിലേക്ക്
 

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷകൾ. ഈയാഴ്ച ഫെഡറൽ റിസർവിൽ നിന്ന് ഇതിന്‍റെ തുടർ സൂചനകൾ ലഭിക്കും. പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി അമേരിക്കൻ സർക്കാരിന്‍റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് താഴും. ഫലത്തിൽ, കടപ്പത്രങ്ങൾ അനാകർഷകമാകുകയും നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റുകയും ചെയ്യും. ഇത് സ്വർണ വില കൂടാനുമിടയാക്കും.

Image : iStock/ePhotocorp
Image : iStock/ePhotocorp

ഈ ട്രെൻഡായിരുന്നു കഴിഞ്ഞവാരം നിലനിന്നത്. ഒപ്പം ഡോളറിന്‍റെ മൂല്യവർധനയും വിലക്കയറ്റത്തിന് ആക്കംകൂട്ടി. എന്നാൽ, നിലവിൽ ട്രെൻഡ് മാറിയിട്ടുണ്ട്. കഴിഞ്ഞവാരം ഔൺസിന് റെക്കോർഡ് 2,483 ഡോളർ വരെ എത്തിയ രാജ്യാന്തര വില ഇപ്പോഴുള്ളത് 2,399 ഡോളറിൽ. ഒരുവേള വില 2,396 ഡോളറിലേക്ക് താഴ്ന്നിരുന്നു. പലിശനിരക്ക് കുറയാനുള്ള സമയത്തിൽ മാറ്റമുണ്ടാകുമോ എന്ന ഭീതി, ലാഭമെടുപ്പ് എന്നിവയാണ് വിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്. ഒപ്പം, ട്രംപിന് അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ ഏറിയതും കയറ്റിറക്കത്തിന് വഴിവയ്ക്കുന്നു. ട്രംപിന്‍റെ നയങ്ങൾ പൊതുവേ പണപ്പെരുപ്പ വർധനയ്ക്ക് വഴിയൊരുക്കുന്നതാണെന്ന വിലയിരുത്തലുകളുണ്ട്. മാത്രമല്ല, ട്രംപിന്‍റെ കഴിഞ്ഞ ഭരണകാലം ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടേത് കൂടിയായിരുന്നു.

പണപ്പെരുപ്പം ഉയർന്നാൽ പലിശഭാരം കുറയാനുള്ള സാധ്യത മങ്ങും. സ്വർണ വില കുറയും. ഭൗമരാഷ്ട്രീയ സംഘർഷങ്ങളുണ്ടായാൽ സ്വർണ നിക്ഷേപങ്ങൾക്ക് പ്രിയമേറും. വിലയും കൂടും. 

ബജറ്റിലും പ്രതീക്ഷ
 

നിലവിൽ സ്വർണം ഇറക്കുമതിക്ക് തീരുവയും സെസുമടക്കം 15 ശതമാനം നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. പുറമേ മൂന്ന് ശതമാനം ജിഎസ്‍ടിയും 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് ഫീസുമുണ്ട്. സ്വർണം ഇറക്കുമതി തീരുവ 10 ശതമാനത്തിന് താഴെയാക്കണമെന്ന ആവശ്യം ശക്തമാണ്. അതിന് നിർമല തയ്യാറായാൽ സ്വർണ വിലയിൽ വൻ കുറവുണ്ടാകും.

ഇന്നൊരു പവൻ ആഭരണത്തിന്‍റെ വില
 

മൂന്ന് ശതമാനം ജിഎസ്‍ടി, 45 രൂപയും അതിന്‍റെ 18 ശതമാനം ജിഎസ്‍ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5 ശതമാനം) എന്നിവ ചേരുമ്പോൾ കുറഞ്ഞത് 58,412 രൂപ കൊടുത്താൽ ഇന്നൊരു പവൻ സ്വർണാഭരണം വാങ്ങാം. കഴിഞ്ഞവാരം വാങ്ങൽ വില 60,000 രൂപയോളമായിരുന്നു.

English Summary:

Gold prices have seen a notable drop over the past week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com