ADVERTISEMENT

കൊച്ചി ∙ എക്കാലത്തെയും ഔന്നത്യത്തിലെത്തിനിൽക്കുന്ന ഓഹരി വില സൂചികകൾക്കു കൂടുതൽ ഉയരത്തിലേക്കു കുതിക്കാൻ കരുത്തേകുന്നതാകുമോ ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ നിർദേശങ്ങൾ? അതോ വിപണിയിലെ വേലിയേറ്റത്തിനു വിരാമമാകാനാണോ അവ ഇടയാക്കുക? ബജറ്റ് നിർദേശങ്ങളറിയാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുന്നതു 16 കോടിയിലധികം വരുന്ന ഓഹരി നിക്ഷേപകരാണ്. ഇന്ത്യൻ വിപണിയിൽ തൽപരരായ വിദേശ ധനസ്ഥാപനങ്ങളും ഒപ്പമുണ്ട്.

കഴിഞ്ഞ 10 വർഷങ്ങളിലെ ഓഹരി വിപണിയുടെ ബജറ്റ് ദിന പ്രതികരണം പരിശോധിച്ചാൽ സെൻസെക്സ് ആറു തവണ ഉയർച്ച രേഖപ്പെടുത്തിയതായി കാണാം. നിഫ്റ്റിക്കാകട്ടെ അഞ്ചു തവണ മാത്രമായിരുന്നു വർധന. കഴിഞ്ഞ വർഷത്തെ ബജറ്റ് ദിനത്തിലാണു സെൻസെക്സും നിഫ്റ്റിയും വിരുദ്ധമായി പ്രതികരിച്ചത്.

10 വർഷത്തിനിടയിൽ സെൻസെക്സും നിഫ്റ്റിയും ഏറ്റവും വലിയ നേട്ടം കൈവരിച്ച ബജറ്റ് ദിനം 2021ൽ ആയിരുന്നു. സെൻസെക്സ് 2315 പോയിന്റ് വർധന കൈവരിച്ചപ്പോൾ നിഫ്റ്റി 647 പോയിന്റാണു കുതിച്ചുയർന്നത്.

ഈ വർഷം ഇതു രണ്ടാമത്തെ ബജറ്റാണ്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത് ഇടക്കാല ബജറ്റായിരുന്നതിനാലാണ് ഇപ്പോൾ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. ആഘോഷിക്കാൻ കച്ചകെട്ടിയിരുന്ന ഓഹരി വിപണിക്കു പൊതു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങൾ ഒട്ടും പ്രചോദനമേകുന്നതായിരുന്നില്ല. പൊതു മേഖലയിലെ ബാങ്കുകളുടെ ഓഹരികളിൽ പ്രകടമായ പ്രസരിപ്പൊഴിച്ചാൽ വ്യാപാരത്തിന്റെ ആറേകാൽ മണിക്കൂറിലും വിപണി ആകെ ശോകമൂകമായിരുന്നു. ഓഹരികളുടെയും മറ്റും ഇടപാടുകളുമായി ബന്ധപ്പെട്ട സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്സ് (എസ്ടിടി) ഉപേക്ഷിക്കാൻ ധനമന്ത്രി തയാറാകുമെന്നു വിപണി പ്രതീക്ഷിച്ചിരുന്നു. മൂലധന വർധന നികുതി യുക്തിസഹമാക്കിയേക്കുമെന്നും പ്രതീക്ഷിക്കാതിരുന്നില്ല. നികുതികളിലൊന്നും കൈവയ്ക്കുന്നില്ലെന്ന പ്രഖ്യാപനമാണു നിരാശയ്ക്കിടയാക്കിയത്.

ഓഹരി വില സൂചികകളിലെ ബജറ്റ് ദിന പ്രതികരണം

  സെൻസെക്സ് നിഫ്റ്റി

2014 -72.00 -17.00

2015 +141,38 +57.25

2016 -152 -42.70

2017 +485.68 +55.10

2018 -58.36 -10.8

2019 +213.00 +63.00

2020 -988.00 -392.00

2021 +2315.00 +647

2022 +848.40 +237

2023 +158.18 -45.85

2024  (ഇടക്കാല ബജറ്റ്) -106.81 -28.25

ഇന്ന് ? ?

English Summary:

Share market movements in the union budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com