ADVERTISEMENT

കൊച്ചി ∙ ആഗോളതലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഓഹരി വില സൂചികകളിലൊന്നായ എഫ്‌ടിഎസ്‌ഇയുടെ ഓൾ വേൾഡ് ഇൻഡക്‌സിൽ കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരികൾക്കും സ്‌ഥാനം. ഷിപ്‌യാഡിന്റേതുൾപ്പെടെ ഇന്ത്യയിലെ 13 കമ്പനികളുടെ ഓഹരികളെ ഉൾപ്പെടുത്തിയാണു സൂചിക പരിഷ്‌കരിച്ചിരിക്കുന്നത്.

‘ഫുട്‌സി’ എന്ന അനൗപചാരിക വിശേഷണവും എഫ്‌ടിഎസ്‌ഇ എന്ന ചുരുക്കപ്പേരുമുള്ള ഫിനാൻഷ്യൽ ടൈംസ് സ്‌റ്റോക്ക് എക്സ്ചേഞ്ച് ഇൻഡക്‌സിന്റെ അനുബന്ധ സൂചികയാണ് ഓൾ വേൾഡ് ഇൻഡക്സ്. എഫ്‌ടിഎസ്‌ഇ ഗ്ലോബൽ ഇക്വിറ്റി ഇൻഡക്സ് ശൃംഖലയിൽനിന്നു വിപണി മൂല്യത്തിന്റെ അടിസ്‌ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വൻകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾക്കാണ് ഓൾ വേൾഡ് ഇൻഡക്‌സിൽ പ്രാതിനിധ്യം അനുവദിക്കുക.

വികസിത, വികസ്വര വിപണികളിലെ ഓഹരികളുടെ നിക്ഷേപാർഹത നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്നായി ആഗോളതലത്തിൽ ആശ്രയിക്കപ്പെടുന്ന സൂചികയാണ് എഫ്‌ടിഎസ്‌ഇയുടേത്. സൂചികയിൽ പ്രാതിനിധ്യം ലഭിക്കുന്നതു വലിയ അംഗീകാരമായി കണക്കാക്കുന്നു. 

ഇന്ത്യയിൽനിന്നുള്ള 13 കമ്പനികളുടെ ഓഹരികൾക്കു സൂചികയിൽ പ്രാതിനിധ്യം ലഭിച്ചതു രാജ്യത്തെ ആകമാന വിപണിക്കുള്ള അംഗീകാരംകൂടിയാണ്. തയ്‌വാനിൽനിന്നുള്ള ആറു കമ്പനികളുടെ ഓഹരികൾക്കു മാത്രമാണു സൂചിക പരിഷ്കരണത്തിന്റെ ഭാഗമായി പ്രാതിനിധ്യം നൽകിയത്. 

ഹോങ്കോങ്ങിൽനിന്നും ദക്ഷിണ കൊറിയയിൽനിന്നുമുള്ള രണ്ടു കമ്പനികൾക്കു വീതവും ഓസ്‌ട്രേലിയയിൽനിന്നുള്ള ഒരു കമ്പനിക്കും സൂചികയിൽ ഇടം നൽകിയിട്ടുണ്ട്.

കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരികൾക്കൊപ്പം ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഭാരത് ഡൈനാമിക്‌സ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഹഡ്‌കോ തുടങ്ങിയവയ്‌ക്കാണു സൂചികയിൽ സാന്നിധ്യമായിരിക്കുന്നത്.

English Summary:

Cochin shipyard in the FTSE All World Index

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com