ADVERTISEMENT

തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറിമറിഞ്ഞ ചൊവ്വാഴ്ച നേട്ടങ്ങളെല്ലാം നഷ്ടമായി തകർന്നടിഞ്ഞ ഇന്ത്യൻ വിപണി മോദി സർക്കാർ വീണ്ടും അധികാരമേൽക്കുന്ന സാഹചര്യത്തിൽ തിരിച്ചുകയറി ‘’പാളിപ്പോയ’’ എക്സിറ്റ് പോൾ നൽകിയ ഉയരത്തിൽ തന്നെ തിരിച്ചെത്തി. മുൻ ആഴ്ചയിൽ 22530 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഈയാഴ്ച തിരഞ്ഞെടുപ്പ് തകർച്ചക്ക് ശേഷം 23290 പോയിന്റിലാണ് ക്ളോസ് ചെയ്തത്.

അതേസമയം എക്സിറ്റ് പോൾ ദിനത്തിൽ76468 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് തിരിച്ചു കയറി 76795 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 2% നേട്ടത്തിൽ 76693 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഉറപ്പോടെ കേന്ദ്ര സർക്കാർ
 

‘ഇന്ത്യ ബ്ളോക്’ പ്രതിപക്ഷത്തിരിക്കാൻ തയ്യാറാകുകയും, എൻഡിഎ സർക്കാർ നിലവിൽ വരികയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ സർക്കാരിന്റേത് പോലെ തന്നെ ചടുലമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകാൻ ഇത്തവണത്തെ ‘’കൂട്ടുകക്ഷി’’ മന്ത്രിസഭക്കാവുമെന്ന വിശ്വാസമാണ് ഇന്ത്യൻ വിപണിയുടെ തിരിച്ചുവരവിന് അടിസ്ഥാനമിട്ടത്. അതിപ്രാധാന്യമുള്ള പ്രതിരോധം, ധനം, റെയിൽവേ പോലുള്ള മന്ത്രിസ്ഥാനങ്ങൾ ബിജെപി തന്നെ കൈയാളുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ആഴ്ചയിൽ വിപണിയിൽ ഓളമുണ്ടാക്കി.

share-market

മുന്നണി സർക്കാരായതിനാൽ സ്വാഭാവികമായും തീരുമാനങ്ങൾ വൈകുമെങ്കിലും ഇന്ത്യയുടെ കുതിപ്പിനും, ഉല്പാദനമേഖലയിലെ വളർച്ചക്കും മാറ്റമുണ്ടാകില്ല എന്ന പ്രത്യാശയിലാണ് വിപണി. ഭൂരിപക്ഷം കുറഞ്ഞതോടെ മോദിയുടെ പ്രഭാവത്തിലും, കേന്ദ്ര സർക്കാരിന്റെ വേഗതയിലും കുറവ് വരുമെന്നും, ലോകത്തിന്റെ ഉല്പാദകരെന്ന ചൈനയുടെ സ്ഥാനത്തിന് തടസമാകാൻ ഇന്ത്യ വരില്ല എന്ന ചൈനയുടെ ആശ്വാസത്തിന് ആയുസ്സുണ്ടാകില്ല എന്നും വിപണി പ്രതീക്ഷിക്കുന്നു.

ജിഡിപി മുന്നേറ്റം പ്രവചിച്ച് ആർബിഐ
 

തുടർച്ചയായ എട്ടാമത്തെ നയാവലോകനയോഗത്തിലും അടിസ്ഥാനപലിശ നിരക്കുകളിൽ മാറ്റം വരുത്താതിരുന്ന ആർബിഐ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 7.2% വളർച്ച പ്രവചിച്ചതും  ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച 4.5%ൽ തന്നെ 2024-25 സാമ്പത്തികവർഷത്തിൽ ക്രമപ്പെടുമെന്നും ആർബിഐ കണക്കുകൂട്ടുന്നു.

Old structure of Share market Bombay Stock Exchange Building.
Old structure of Share market Bombay Stock Exchange Building.

ബാങ്ക് ഓഫ് കാനഡയും, യൂറോപ്യൻ കേന്ദ്ര ബാങ്കും നിരക്കുകൾ കുറച്ചു തുടങ്ങിയിട്ടും നിരക്കുകളിൽ മാറ്റം വരുത്താത്ത ആർബിഐ അമേരിക്കൻ ഫെഡിനൊപ്പം നിരക്കുകൾ കുറച്ചേക്കാമെന്നും കരുതുന്നു. ആർബിഐ ഫെഡിനെ പിന്തുടരുകയാണോ എന്ന സംശയത്തിന് ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ആർബിഐ മുന്നോട്ട് പോകുന്നതെന്നും വെള്ളിയാഴ്ച ശക്തികാന്ത ദാസ് മറുപടി നൽകി. ഇന്ത്യയുടെ ഫോറെക്സ് റിസേർവ് 651.5 ബില്യൺ ഡോളറെന്ന റെക്കോർഡ് ഉയരത്തിലേക്ക് ഉയർന്നു.

ഫെഡ് യോഗം അടുത്ത ആഴ്ച
 

ഫെഡ് യോഗം അടുത്ത ആഴ്ചയിൽ നടക്കാനിരിക്കെ മെയ് മാസത്തിൽ അമേരിക്കൻ തൊഴിൽ വിപണിയിലെ മുന്നേറ്റം അമേരിക്കൻ ബോണ്ട് യീൽഡിന് വീണ്ടും മുന്നേറ്റം നൽകിയത് വെള്ളിയാഴ്ച അമേരിക്കൻ വിപണിക്കും തിരുത്തൽ നൽകി. എങ്കിലും നാസ്ഡാക് കഴിഞ്ഞ ആഴ്ചയിൽ 2.36%വും, എസ്&പി 1%വും നേട്ടമുണ്ടാക്കിയപ്പോൾ ഡൗ ജോൺസും നഷ്ടമൊഴിവാക്കി.

ബുധാഴ്ച അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരുന്നതിന് പിന്നാലെ തന്നെ ഫെഡ് റിസേർവിന്റെ യോഗ തീരുമാനങ്ങളും പ്രഖ്യാപിക്കപ്പെടുന്നത് അമേരിക്കൻ വിപണിയിൽ വലിയ ചാഞ്ചാട്ടത്തിനും വഴിവെച്ചേക്കാം. അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം 3.4% വാർഷിക വളർച്ചയിൽ തന്നെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന വിപണി ഫെഡ് റിസേർവ് സെപ്തംബർ മുതൽ നിരക്ക് കുറച്ചു തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.

ലോകവിപണിയിൽ അടുത്ത വാരം
 

ചൊവ്വാഴ്ച ആരംഭിക്കുന്ന ഫെഡ് നയാവലോകനയോഗം ബുധനാഴ്ച യോഗ തീരുമാനങ്ങൾ പുറത്ത് വിടുന്നതും, ഫെഡ് ചെയർമാന്റെ പ്രസ്താവനകളും, അന്ന് തന്നെ വരുന്ന അമേരിക്കൻ സിപിഐ ഡേറ്റയും വിപണിക്ക് പ്രധാനമാണ്.

ചൈനയുടെയും, ഇന്ത്യയുടേയും മെയ് മാസത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകൾ ബുധനാഴ്ച വരുന്നത് ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്. നാളെ വരുന്ന ജാപ്പനീസ് ജിഡിപി കണക്കുകളും ഏഷ്യൻ വിപണികൾക്ക് പ്രധാനമാണ്.  വെള്ളിയാഴ്ചയാണ് ബാങ്ക് ഓഫ് ജപ്പാൻ പുതിയ നയങ്ങളും, പലിശ നിരക്കും പ്രഖ്യാപിക്കുന്നത്.

share-market

സിപിഐ ഡേറ്റക്കൊപ്പം ഇന്ത്യയുടെ വ്യവസായികോല്പാദനകണക്കുകളും ബുധനാഴ്ച തന്നെ വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റകണക്കുകളും, ഭക്ഷ്യ വിലക്കയറ്റവും പുറത്ത് വരുന്നത്. ഇന്ത്യയുടെ മെയ് മാസത്തിലെ രാജ്യാന്തര വ്യാപാര കണക്കുകളും വെള്ളിയാഴ്ച തന്നെപുറത്ത് വരുന്നത്.

ഓഹരികളും സെക്ടറുകളും

സർക്കാർ നിലവിൽ വരാൻ മറ്റ് തടസങ്ങളൊന്നുമില്ല എന്ന വിപണിധാരണ ശക്തമായതോടെ യൂണിയൻ ബജറ്റ് മുന്നിൽക്കണ്ട് വിപണിയും മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞു. മുന്നണി സമ്പ്രദായത്തിൽ കാർഷിക മേഖലക്ക് അർഹമായ പരിഗണന ലഭ്യമാകുമെന്ന പ്രതീക്ഷയിൽ വളം, കീടനാശിനി, കാർഷിക ഓഹരികൾ ഇനിയും മുന്നേറിയയേക്കാം. വളം ഓഹരികളിൽ നിക്ഷേപം തുടരാവുന്നതാണ്.

റെയിൽ, ഡിഫെൻസ് മന്ത്രാലയങ്ങൾ ബിജെപി തന്നെ കൈകാര്യം ചെയ്യുമെന്ന പ്രഖ്യാപനം ഇരു സെക്ടറുകൾക്കും തിരിച്ചു വരവ് നൽകി. ബജറ്റ് മുന്നിൽക്കണ്ട് റെയിൽ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.

തിരഞ്ഞെടുപ്പ് സർക്കാരിന്റെ നയവ്യതിയാനത്തിന് കാരണമാകുന്നില്ലെന്നതിനാൽ ജെ പി മോർഗൻ ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളിലും വളരെ പ്രതീക്ഷയിലാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കൊട്ടക്ക് മഹിന്ദ്ര ബാങ്ക് മുതലായ ബാങ്കിങ് ഓഹരികൾ നിക്ഷേപകസ്ഥാപനം മുന്നോട്ട് വയ്ക്കുന്നു.

share-market

തിരഞ്ഞെടുപ്പ് ദിനത്തിൽ എല്ലാ സെക്ടറുകളും തകർന്നപ്പോളും നേട്ടം കുറിച്ച എഫ്എംസിജി സെക്ടറും, ഐടി, ഫാർമ സെക്ടറുകളും ഇന്ത്യൻ രാഷ്ട്രീയ സമ്മർദ്ദങ്ങൾ അതി ജീവിക്കും എന്ന വിപണി ധാരണ സജീവമാകുന്നത് ഓഹരികൾക്ക് അനുകൂലമാണ്.

അമേരിക്കൻ ഫെഡ് യോഗം അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്നതും, അമേരിക്കൻ പണപ്പെരുപ്പം ബുധനാഴ്ച വരുന്നതും ഐടി സെക്ടറിൽ ഒരു വാങ്ങൽ അവസരം കൂടി സൃഷ്ടിച്ചേക്കാം. ഐടി ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്.

റെക്കോർഡ് ഉയരത്തിലേക്കെത്തിയ ഫാർമ സെക്ടർ വീണ്ടും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഫാർമ ഓഹരികൾ നാലാം പാദ റിസൾട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന് പരിഗണിക്കാം. ഇൻഫ്രാ, ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളും ദീർഘകാല മുന്നേറ്റം തുടർന്നേക്കും. എൽ&ടി, എബിബി, സീമെൻസ് സീമെൻസ്, ഭെൽ, ബിഇഎംഎൽ തുടങ്ങിയ ഓഹരികൾ ശ്രദ്ധിക്കാം.

സിഎൽഎസ്എ റേറ്റിങ് കുറച്ചെങ്കിലും മോത്തിലാൽ ഒസ്വാൾ അടക്കമുള്ള ഇന്ത്യൻ ബ്രോക്കർമാർ വാങ്ങൽ നിർദ്ദേശിച്ചത് ഭാരത് ഇലെക്ട്രോണിക്സിന് മുന്നേറ്റം നൽകി. തിരഞ്ഞെടുപ്പ് തകർച്ചക്കിടയിലും പുതിയ ഓർഡറുകൾ നേടിയ ആർവിഎൻഎൽ റെയിൽവേ ഓഹരികളുടെ തിരിച്ചു വരവിന് വഴിവെച്ചു. ആർവിഎൻഎൽ അടക്കമുള്ള റെയിൽവേ ഓഹരികൾ നഷ്ടത്തിൽ പാതിയും തിരിച്ചു പിടിച്ചു.

സനോഫി ഇന്ത്യയുടെ വിഭജനത്തെ തുടർന്ന് ബിഎസ്ഇയുടെ വിവിധ സൂചികകളിൽ നിന്നും ഓഹരിയെ ഒഴിവാക്കി ജിയോ ഫിനാൻഷ്യൽ സർവീസസിനെ ഉൾപ്പെടുത്തുന്നത് ഓഹരിക്ക് അനുകൂലമാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജൂൺ പതിനൊന്നിന് അവകാശ ഓഹരികളിറക്കുന്നതിലൂടെ മൂലധനസമാഹരണം തീരുമാനിക്കാനായി ചേരുന്നത് ഓഹരിക്ക് അനുകൂലമാണ്.

chandrababu-naidu

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ വിജയം ഹെറിറ്റേജ് ഫുഡിനും കുതിപ്പ് നൽകി. കഴിഞ്ഞ ആഴ്ചയിൽ മാത്രം 55% മുന്നേറ്റം സ്വന്തമാക്കിയ ചന്ദ്രബാബു നായിഡുവിന്റെ പാൽ കമ്പനി നായിഡു കുടുംബത്തിന്റെ ആസ്തിയിലും മൂന്ന് ദിനം കൊണ്ട് പാതിയിലധികം വളർച്ച നൽകി.

ക്വീൻഫിഷർ ബിയർ അവതരിപ്പിച്ച് യുണൈറ്റഡ് ബ്രൂവറീസ് പുതിയ സെഗ്‌മെന്റിന് തുടക്കമിട്ടത് ഓഹരിക്ക് അനുകൂലമാണ്.

ക്രൂഡ് ഓയിൽ
 

അമേരിക്കൻ നോൺഫാം പേ റോൾ ഡേറ്റ പ്രകാരം മെയ്  മാസത്തിൽ അമേരിക്കയിൽ തൊഴിൽ ലഭിച്ചവരുടെ എണ്ണത്തിൽ വിപണി പ്രതീക്ഷിച്ചതിലും വളർച്ചയുണ്ടായത് ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷയെ ബാധിച്ചത് ക്രൂഡ് ഓയിലിനും തിരുത്തൽ നൽകി. വെള്ളിയാഴ്ചത്തെ തിരുത്തലോടെ ക്രൂഡ് ഓയിൽ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിലും നഷ്ടം കുറിച്ചു.

LONG BEACH, CALIFORNIA - APRIL 28: An aerial view shows oil tankers anchored near the ports of Long Beach and Los Angeles amid the coronavirus pandemic on April 28, 2020 off the coast of Long Beach, California. Around three dozen oil tankers are currently anchored off the California coast as the spread of COVID-19 impacts global demand for crude oil.   Mario Tama/Getty Images/AFP (Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)
LONG BEACH, CALIFORNIA - APRIL 28: An aerial view shows oil tankers anchored near the ports of Long Beach and Los Angeles amid the coronavirus pandemic on April 28, 2020 off the coast of Long Beach, California. Around three dozen oil tankers are currently anchored off the California coast as the spread of COVID-19 impacts global demand for crude oil. Mario Tama/Getty Images/AFP (Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)

വിലക്കുറവിൽ അമേരിക്ക സ്ട്രാറ്റജിക് പെട്രോളിയം റിസേർവിലേക്ക് ക്രൂഡ് ഓയിൽ വാങ്ങുന്നത് ത്വരിതപ്പെടുത്തിയതും, ചൊവ്വാഴ്ച ഒപെക് റിപ്പോർട്ട് വരാനിരിക്കുന്നതും ക്രൂഡ് ഓയിലിന് പ്രധാനമാണ്.

സ്വർണം
 

അമേരിക്കൻ നോൺഫാം പേറോൾ ഡേറ്റ പ്രതികൂലമായതോടെ വെള്ളിയാഴ്ച 2400 ഡോളറിന് മുകളിൽ നിന്നും വീണ രാജ്യാന്തര സ്വർണ വില 3.33% നഷ്ടം കുറിച്ച് 2311 ഡോളറിലാണ് ക്ളോസ് ചെയ്തത്. 1.65% ആഴ്ചനഷ്ടം കുറിച്ച സ്വർണത്തിന് അമേരിക്കൻ സിപിഐ ഡേറ്റയും, ഫെഡ് ചെയർമാന്റെ പ്രസ്താവനകളും അടുത്ത ആഴ്ചയിൽ അതിപ്രധാനമാണ്.

ഐപിഒ
 

മികച്ച  നിക്ഷേപകപിന്തുണ നേടി 118 ഇരട്ടി അപേക്ഷകൾ  സ്വന്തമാക്കിയ ക്രോണോക്സ് ലാബ് സയൻസ് തിങ്കളാഴ്ചയാണ് ലിസ്റ്റ് ചെയ്യുന്നത്. ഓഹരിയുടെ ഇഷ്യൂ വില 136 രൂപയാണ്. ട്രാവൽ ബുക്കിങ് പ്ലാറ്റ് ഫോമായ ഇക്സിഗോയുടെ ഐപിഓയും തിങ്കളഴ്ചയാണ് ആരംഭിക്കുന്നത്. ഡൽഹി ആസ്ഥാനമായ ലെ ട്രവേന്യൂസ് ടെക്‌നോളജിയുടെ ഐപിഓ വില നിലവാരം 88-93 രൂപയാണ്.

English Summary:

Indian Market Resurgence: How Political Stability and Economic Forecasts are Driving Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com