ADVERTISEMENT

വി ഗാർഡ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ് ,ജിയോജിത് ഓഹരി വിപണിയിൽ തിളങ്ങുന്ന കേരള കമ്പനികളുടെ ഓഹരികൾ കൂടുകയാണ്. ഇന്ന് രാവിലെ വി ഗാർഡ് ഇൻഡസ്ട്രീസ് ഓഹരി  52 ആഴ്ചയിലെ ഉയർന്ന വിലയായ 434  രൂപയിലെത്തി. ഒരു വർഷത്തിൽ 57  ശതമാനമാണ് ഈ ഓഹരി ഉയർന്നിരിക്കുന്നത്. നാലാം പാദ ഫലം പുറത്തു വന്നപ്പോൾ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ ഓഹരിക്ക് ബൈ റേറ്റിങ് നൽകിയിരുന്നു.

കേരളത്തിൽ നിന്നുള്ള ഫെഡറൽ ബാങ്കും 52  ആഴ്ചയിലെ ഉയർന്ന നിലവാരത്തിനോടടുത്താണ്. 178  രൂപയിലാണ്  ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്.ഫെഡറൽ ബാങ്കിന് പുതിയ എം ഡിയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി ഉയരുന്നത് എന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. നോമുറ ഫെഡറൽ ബാങ്കിന് ബൈ റേറ്റിങ് നൽകിയിട്ടുണ്ട്.

പൊതുമേഖലാ ഓഹരികൾ ഉയരുന്ന പ്രവണതക്കൊപ്പം ഉയരുകയാണ് കേരളത്തിന്റെ കൊച്ചിൻ ഷിപ്പ്‌യാർഡും. ഒരു വർഷത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 668  ശതമാനത്തിലധികമാണ് വളർന്നിരിക്കുന്നത്. 2018 നു ശേഷം കൊച്ചിൻ ഷിപ്പ്‌യാർഡ് 15 പ്രാവശ്യമാണ് ലാഭ വിഹിതം നൽകിയിരിക്കുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് പല ബ്രോക്കറേജുകളും ബൈ റേറ്റിങ് നൽകിയിട്ടുണ്ട്. 

ലാഭ വിഹിതം നൽകുന്നതിൽ വി ഗാർഡ് ഇൻഡസ്ട്രീസും ഫെഡറൽ ബാങ്കും കൊച്ചിൻ ഷിപ്പ്‌യാർഡും വീഴ്ച വരുത്താറില്ല. കൂടാതെ പല മ്യൂച്ചൽ ഫണ്ട് ഹൗസുകളും ഈ ഓഹരികളെ അവരുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മ്യൂച്ചൽ ഫണ്ടുകൾ മാത്രമല്ല, വിദേശ നിക്ഷേപകർക്കും, ഇടിഎഫുകൾക്കും ചെറുകിട നിക്ഷേപകർക്കും പ്രിയപ്പെട്ടതാണ് ഈ മൂന്നു ഓഹരികളും.

ജിയോജിത്തിന്റെ  ഓഹരി വിലയും കഴിഞ്ഞ ദിവസം 52 ആഴ്ചയിലെ ഉയന്ന വിലയായ 116 രൂപയിലെത്തിയിരുന്നു. ഇപ്പോൾ ലാഭമെടുക്കലിലെ തുടർന്ന് വില 104 ലേയ്ക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ജിയോജിത്തിന്റെ നാലാം പാദ ഫലങ്ങൾ വന്നപ്പോൾ മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം 36.73 ശതമാനം വർധിക്കുകയും ലാഭം 37.11 ശതമാനം  വർധിക്കുകയും ചെയ്തു. ഉയർന്ന വില വച്ച് നോക്കിയാൽ കഴിഞ്ഞ ആറു മാസത്തിൽ 41 ശതമാനം ഉയർച്ച ജിയോജിത് ഓഹരിയിലുണ്ടായിട്ടുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ചെറുകിട നിക്ഷേപകർ കൂടുതലായി എത്തുന്നത് ജിയോജിത് പോലുള്ള ബ്രോക്കറേജ് കമ്പനികളുടെ വളർച്ചക്ക് അനുകൂലമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com