ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഡേ–നൈറ്റ് ആയി കളിക്കാമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിർദേശത്തിന് ബംഗ്ലദേശ് ക്രിക്കറ്റ് ടീം മാനേജ്മെന്റ് ഏറെ ആലോചിച്ചശേഷമാണു മറുപടി നൽ‌കിയത്. പിങ്ക് ബോളിൽ പകലും രാത്രിയും കളിക്കാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തത് മത്സരത്തിന് മൂന്നാഴ്ച മുൻപു മാത്രം. അതായത് പര്യടനത്തിനായി ടീം ധാക്കയിൽ നിന്നു പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ്. ഇതിനിടെ ആഞ്ഞടിച്ച ബുൾബുൾ ചുഴലിക്കാറ്റും ബംഗ്ലദേശിന്റെ തയാറെടുപ്പുകളെ കാര്യമായി ബാധിച്ചു.

മൂന്ന് വര്‍ഷം മുൻപ് ഈഡൻ ഗാർഡൻസിൽ നടന്ന സിഎബി സൂപ്പർ ലീഗ് ഫൈനലില്‍ ഉപയോഗിച്ചത് പിങ്ക് ബോളായിരുന്നു. വെള്ളിയാഴ്ച ഇതേ മൈതാനത്ത് ഇന്ത്യയും ബംഗ്ലദേശും ആദ്യ പിങ്ക് ബോൾ‌ ടെസ്റ്റ് കളിക്കുമ്പോൾ പിച്ച് ഒരുക്കുന്ന തിരക്കിലാണ് ക്യുറേറ്റർ സുജൻ മുഖർജിയും സംഘവും. ബിസിസിഐ ചീഫ് ക്യുറേറ്റർ ആഷിഷ് ഭൗമിക് ഒരാഴ്ച മുൻപേ സ്റ്റേഡിയത്തിലെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം ബിസിസിഐ വീണ്ടും ഗ്രൗണ്ട് പരിശോധിക്കും.

പിങ്ക് ബോൾ ടെസ്റ്റിനായി ഈ‍ഡൻ ഗാർഡൻസ് തന്നെ തിരഞ്ഞെടുത്ത ഗാംഗുലിയുടെ മികവിനെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് രംഗത്തെ വിദഗ്ധർ. കാരണം ഡേ–നൈറ്റ് ടെസ്റ്റ് മത്സരം വിജയമാകുന്നതിന് ആവശ്യമായതെല്ലാം കൊൽക്കത്തയിലെ സ്റ്റേഡിയത്തിലുണ്ട്. ക്രിക്കറ്റില്‍ പിങ്ക് ബോളിന് വലിയ ജനകീയതയില്ല. ഇന്ത്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ചില വസ്തുതകളും ഇക്കാര്യത്തിൽ ഉണ്ട് താനും. ദുലീപ് ട്രോഫി ടൂർണമെന്റിന്റെ മത്സരങ്ങളില്‍ കൂകാബുറ പന്തുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ബംഗ്ലദേശ്– ഇന്ത്യ ടെസ്റ്റിൽ ഉപയോഗിക്കുന്നതാകട്ടെ സാൻസ്പെറെയ്ൽസ് ഗ്രീൻലാൻഡ്സ് കമ്പനിയുടെ പന്തുകളും.

Bangladesh
പിങ്ക് പന്തുകൾ ഉപയോഗിച്ച് പരിശീലിക്കുന്ന ബംഗ്ലദേശ് താരങ്ങള്‍

പ്രധാന പ്രശ്നം ദീർഘായുസ്സ്

ക്രിക്കറ്റ് പന്തിന്റെ ആയുസ്സാണ് പിങ്ക് ബോളുകളുടെ പ്രധാന പ്രശ്നം, പരമ്പരാഗതമായി ഉപയോഗിക്കുന്ന ചുവന്ന പന്തുകള്‍ക്കു കൂടുതൽ നിറം ലഭിക്കുന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന ലെതറിൽനിന്നാണ്. എന്നാല്‍ പിങ്ക് ബോൾ എന്നതു പ്രാഥമികമായി ഒരു നിറം ചാർത്തിയ വസ്തുവാണ്. അതായത് പന്ത് കൂടുതൽ ഉപയോഗിക്കുന്തോറും അതിന്റെ യഥാർഥ നിറം കുറഞ്ഞുകുറഞ്ഞു വരും. തിളങ്ങുന്ന പുറംമോടിയാണ് പിങ്ക് ബോളുകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ പന്തുകൾക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഗ്രൗണ്ടിൽ എത്രത്തോളം പുല്ല് ഉണ്ടെന്നതും പന്തിന്റെ നിലനില്‍പിനെ ഏറെ സ്വാധീനിക്കും.

എന്നാൽ ഇക്കാര്യത്തിൽ ഈഡൻ ഗാർഡൻസിൽ ആശങ്കകൾ വേണ്ടെന്നാണ് ക്രിക്കറ്റ് ഗവേഷകർ പറയുന്നത്. മികച്ച പിച്ചും അതിനു പുറത്തുള്ള പുൽപ്രതലവും പന്തിനു വലിയ പ്രശ്നങ്ങളില്ലാതെ സംരക്ഷിക്കും. കൂടാതെ കൊൽക്കത്തയിലെ ഗുണമേന്മയുള്ള കറുത്ത മണ്ണ് ഗ്രൗണ്ടിന്റെ പ്രതലത്തെ മിനുസ്സമുള്ളതാക്കും. ദുലീപ് ട്രോഫി മത്സരങ്ങൾക്കിടെ പന്തിന്റെ നിറം നഷ്ടപ്പെടുന്നതായി പരാതി ഉയർന്നിരുന്നു.  എന്നാൽ ഈഡൻ ഗാർഡൻസിൽ അങ്ങനെയൊരു പ്രശ്നമുണ്ടാകില്ലെന്നാണു വിദഗ്ധർ പറയുന്നത്. പിങ്ക് ബോൾ ക്രിക്കറ്റിന് ലഭ്യമായ പിച്ചുകളിൽ ഏറ്റവും മികച്ചത് ഈഡൻ ഗാർഡൻസിലേതാണ്.

കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയം
കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയം

ടോസ് നിര്‍ണായകം

ഈഡൻ ഗാർഡന്‍സിൽ ടോസ് നേടിക്കഴിഞ്ഞാല്‍‌ ബാറ്റിങ് തിരഞ്ഞെടുക്കാൻ ക്യാപ്റ്റന് അധികം ആലോചിക്കേണ്ടിവരില്ല. കാരണം ഉച്ചയ്ക്ക് 1 മണിക്കു തുടങ്ങുന്ന മത്സരത്തിൽ ബാറ്റ് ചെയ്യാൻ ഏറ്റവും മികച്ച സമയം അതാണ്. ഈഡൻ ഗാർഡൻസിലെ ചരിത്രം കൂടി പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തൽ. ടെസ്റ്റ് മത്സരത്തിന്റെ ഫലം എന്തായാലും ഇന്ത്യ– ബംഗ്ലദേശ് ഡേ– നൈറ്റ് ടെസ്റ്റിൽ രണ്ടു കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ സാധിക്കും. വെള്ളിയാഴ്ചത്തെ മത്സരത്തിൽ സ്പിന്നർമാർക്കു വലിയ റോൾ ഉണ്ടായിരിക്കില്ല. കൂടാതെ റിവേഴ്സ് സ്വിങ്ങും ലഭിക്കില്ല.

പന്തുകളുടെ പകരം വയ്ക്കൽ

ഒരു പക്ഷേ മത്സരത്തിനിടെ പന്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ മാറ്റിയെടുക്കുന്ന കാര്യത്തിലും ബുദ്ധിമുട്ടുണ്ട്. ആവശ്യമുള്ളത്ര പഴയ പിങ്ക് ബോളുകൾ ലഭിക്കില്ലെന്നതുതന്നെ പ്രധാന പ്രശ്നം. ഇൻഡോറിലെ പരിശീലനത്തിൽ ഇരു ടീമുകളും ഉപയോഗിച്ച പന്തുകളായിരിക്കും കൊൽക്കത്തയിൽ ‘പകരക്കാരുടെ’ റോളിൽ ഗ്രൗണ്ടിലെത്തുക.

പ്രതീക്ഷകൾ ഇങ്ങനെ

∙ ഈഡൻ ഗാർഡൻസിലെ പിച്ചിൽ സ്പിന്നര്‍മാർക്കു കാര്യമായ പ്രതീക്ഷ വേണ്ട, റിവേഴ്സ് സ്വിങ്ങും ലഭിക്കില്ല

∙ ആദ്യ സെഷനാണ് ബാറ്റിങ്ങിന് വേണ്ടിയുള്ള മികച്ച സമയം, സ്വിങ് ലഭിക്കില്ല.

∙ അവസാന സെഷനിൽ പിച്ച് പരുക്കനാണെങ്കിൽ ബാറ്റിങ് കൂടുതൽ ദുഷ്കരമാകും.

English Summary: Why Eden Gardens is best suited for pink ball cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com