ADVERTISEMENT

ദുബായ്∙ നാൽപ്പതാം വയസ്സിലേക്ക് കാലൂന്നിയ ഓസ്ട്രേലിയക്കാരൻ ഷെയ്ൻ വാട്സൻ, 37–ാം വയസ്സിലേക്ക് കടന്ന ദക്ഷിണാഫ്രിക്കക്കാരൻ ഫാഫ് ഡുപ്ലേസി... ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കഴിഞ്ഞ ഞായർ ഈ രണ്ടു ‘വയസ്സൻ’മാരുടേതായിരുന്നു. പരിചയസമ്പത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന പ്രഖ്യാപനത്തോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ഇവർ രണ്ടുപേരും ചേർന്ന് പഞ്ചാബിന്റെ യുവനിരയെ ‘തല്ലിയൊതുക്കി’യത്! ഒട്ടേറെ റെക്കോർഡുകൾ കാറ്റിൽപ്പറത്തിയാണ് ഇരുവരുടെയും അസാമാന്യ കൂട്ടുകെട്ടിന്റെ മികവിൽ ചെന്നൈ സൂപ്പർ കിങ്സ് സീസണിലെ രണ്ടാമത്തെ വിജയം കുറിച്ചത്. ‘ഡാഡ് ആർമി’യെന്ന വിളിപ്പേരിന് പരിഹാസത്തിന്റെ നിറം പകർന്നവർക്കു കൂടിയുള്ള മറുപടിയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ വിജയം.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് നേടിയത്. കരുത്തായത് ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ അർധസെഞ്ചുറി. മറുപടി ബാറ്റിങ്ങിൽ വാട്സനും ഡുപ്ലെസിയും തകർത്തടിച്ചതോടെ 14 പന്തുകൾ ബാക്കിനിർത്തി ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ചെന്നൈ വിജയം കുറിച്ചു. ഇരുവരും നേരിട്ടത് 53 പന്തുകൾ വീതം. നേടിയത് 11 ഫോറുകൾ വീതം. ഇതിൽ ഡുപ്ലെസി ഒരു സിക്സിന്റെ കൂടി അകമ്പടിയോടെ 87 റൺസെടുത്തും വാട്സൻ മൂന്നു സിക്സുകളുടെ കൂടി അകമ്പടിയോടെ 83 റൺസെടുത്തും പുറത്താകാതെ നിന്നു.

ഐപിഎലിലെ 10 വിക്കറ്റ് വിജയങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണ് വാട്സൻ – ഡുപ്ലെസി സഖ്യത്തിന്റെ 181 റൺസ്! 2017ൽ ഗുജറാത്ത് ലയൺസിനെതിരെ കൊൽക്കത്തയ‌്‌ക്കായി ഗൗതം ഗംഭീറും ക്രിസ് ലിന്നും ചേർന്ന് 184 റൺസടിച്ച് ടീമിന് 10 വിക്കറ്റ് വിജയം സമ്മാനിച്ചതാണ് ഒന്നാമത്. 2012ൽ രാജസ്ഥാൻ റോയൽിസനെതിരെ മുംബൈയ്‌ക്കായി സച്ചിൻ തെൻഡുൽക്കർ – ഡ്വെയിൻ സ്മിത്ത് സഖ്യം 163 റൺസെടുത്തും, 2008ൽ ഡെക്കാൻ ചാർജേഴ്സിനുവേണ്ടി ആദം ഗിൽക്രിസ്റ്റ് – വി.വി.എസ്. ലക്ഷ്മൺ സഖ്യം മുംബൈ‌യ്ക്കെതിരെ 155 റൺസെടുത്തും 10 വിക്കറ്റ് വിജയം സമ്മാനിച്ചത് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുണ്ട്. ഐപിഎലിൽ ചെന്നൈയുടെ ഉയർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇതാണ്. 2011ൽ മൈക്ക് ഹസ്സി – മുരളി വിജയ് സഖ്യം റോയൽ ചാലഞ്ചേഴ്സിനെതിരെ നേടിയ 159 റൺസ് കൂട്ടുകെട്ടാണ് രണ്ടാമതായത്.

ഈ ഐപിഎലിലെ ഏറ്റവും മികച്ച ബോളിങ് നിരയുള്ള ടീമുകളിലൊന്നായി ഗണിക്കപ്പെടുന്ന കിങ്സ് ഇലവൻ പഞ്ചാബിനെയാണ് വാട്സനും ഡുപ്ലെസിയും ചേർന്ന് വശംകെടുത്തിയതെന്നതും ഇതിനോടു ചേർത്ത് വായിക്കണം. പേസ് നിരയിൽ പഞ്ചാബിന്റെ മുഹമ്മദ് ഷമി – ഷെൽഡൺ കോട്രൽ വലംകൈ–ഇടംകൈ സഖ്യം ഐപിഎലിലെ തന്നെ ഏറ്റവും മികച്ചത്. സ്പിന്നർമാരുടെ നിരയിൽ ഇന്ത്യയുടെ ഭാവി സൂപ്പർ താരമായി പരിഗണിക്കപ്പെടുന്ന രവി ബിഷ്ണോയിയും. ഇവർ ഉൾപ്പെടെ കിണഞ്ഞു ശ്രമിച്ചിട്ടും ചെന്നൈയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല എന്നത് വാട്സന്റെയും ഡുപ്ലെസിയുടെയും പ്രകടനം ഐതിഹാസികമാക്കുന്നു.

∙ വിമർശനങ്ങൾക്ക് (തൽക്കാലം) വിട

‘ആദ്യമായിട്ടാണ് തുടർച്ചയായി മൂന്നു കളികൾ ഞങ്ങൾ തോൽക്കുന്നത്’ – കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തോൽവി വഴങ്ങിയശേഷം ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി നടത്തിയ ഈ പ്രസ്താവനയിൽ ഏറെ വിഷമം ഉൾച്ചേർന്നിരുന്നു. സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചശേഷം, തുടർച്ചയായി മൂന്നു മത്സരങ്ങളാണ് ധോണിയും സംഘവും തോറ്റത്.

ഈ സീസണിന്റെ തുടക്കം മുതൽ കഷ്ടകാലം വിടാതെ പിന്തുടരുന്ന ടീമാണ് ചെന്നൈ. യുഎഇയിലെത്തിയശേഷം ഇതുവരെ കോവിഡ് ബാധിച്ച താരങ്ങളുള്ള ഒരേയൊരു ടീമാണ് ചെന്നൈ. ഇതിന്റെ ഞെട്ടലേൽപ്പിച്ച ആഘാതത്തിനിടെയാണ് ‘വ്യക്തിപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി സീനിയർ താരം സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. റെയ്നയുടെ മടക്കവുമായി ബന്ധപ്പെട്ട് ടീമിലെ ഒത്തിണക്കത്തെപ്പോലും ചോദ്യചിഹ്നമാക്കി ഒട്ടേറെ വാർത്തകളാണ് പ്രചരിച്ചത്. ഇതിനിടെയാണ് സ്പിന്‍ പ്രതീക്ഷയായിരുന്ന ഹർഭജൻ സിങ്ങും സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കളിക്കാനില്ലെന്ന് അറിയിച്ചത്.

സീണിൽ മികച്ച തുടക്കമായിരുന്നു ചെന്നൈയുടേത്. കഴിഞ്ഞ സീസണിലെ കലാശപ്പോരിൽ വിജയത്തിന്റെ വക്കിൽനിന്നും തോൽവിയിലേക്ക് തള്ളിയിട്ട മുംബൈ ഇന്ത്യൻസിനോട് പകരം വീട്ടിയായിരുന്നു തുടക്കം. എന്നാൽ, ആദ്യ മത്സരത്തിൽ ടീമിന്റെ ഹീറോയായ അമ്പാട്ടി റായുഡു പരുക്കേറ്റ് തിരികെ കയറിയത് ടീമിന്റെ താളം തെറ്റിച്ചു. ഇതോടെ തുടർച്ചയായ മൂന്നു തോൽവികൾ. ഈ തോൽവികളേൽപ്പിച്ച ആഘാതവും വിമർശനങ്ങളും ദൂരെയെറിയുന്നതാണ് ഇന്നലെ ‘ഡാഡ് ആർമി’ ദുബായിൽ സ്വന്തമാക്കിയ വിജയം.

English Summary: Shane Watson and Faf du Plessis register record partnership vs KXIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com