ADVERTISEMENT

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പ്രഥമ ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ ആരാധകർ രവീന്ദ്ര ജഡേജയെ കാത്തിരിക്കുമ്പോൾ മിക്കവാറും എതിർഭാഗത്തും കാണും ഒരു രവീന്ദ്ര; ജഡേജയല്ലെന്നു മാത്രം! ഫൈനലിലെ എതിരാളികളായ ന്യൂസീലൻഡ് ഇത്തവണ മറ്റൊരു ഇന്ത്യൻ വംശജനെക്കൂടി അവരുടെ ടീമിൽ പരീക്ഷിക്കുകയാണ്... അദ്ദേഹത്തിന്റെ പേര് രചിൻ രവീന്ദ്ര. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും അതിനു മുൻപേ ഇംഗ്ലണ്ടുമായി നടക്കുന്ന രണ്ടു ടെസ്റ്റിന്റെ പരമ്പരയ്ക്കുമുള്ള ടീമിലാണ് രചിൻ രവീന്ദ്ര ഇടംകണ്ടെത്തിയത്.

ന്യൂസീലൻഡ് ക്രിക്കറ്റിലെ ഭാവി താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്നയാളാണ് ഇരുപത്തൊന്നുകാരനായ ഈ ബാറ്റിങ് ഓൾറൗണ്ടർ. ഇടങ്കയ്യൻ മുൻനിര ബാറ്റ്സ്മാനായ രചിന്റെ ഓഫ് സ്പിന്നും ഫലപ്രദമാണ്. വെല്ലിങ്ടണിൽ താമസിക്കുന്ന ഇന്ത്യൻ ദമ്പതികളുടെ മകനാണ് രചിൻ. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ സിസ്റ്റം ആർക്കിടെക്ടായിരുന്ന രചിന്റെ പിതാവ് രവി കൃഷ്ണമൂർത്തി തൊണ്ണൂറുകളിൽ വെല്ലിങ്ടണിലെത്തിയതാണ്. ഇദ്ദേഹം സ്ഥാപിച്ച ഹട് ഹോക്ക് ക്ലബ് കിവീസ് താരങ്ങൾക്ക് ഇന്ത്യയിൽ ക്രിക്കറ്റ് പരിശീലന സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ 4 വർഷവും ഇന്ത്യയിലെത്തി പരിശീലിച്ചവരിലൊരാളാണ് രചിൻ. ഇത് സ്പിൻ ബോളിങ്ങിനെ നേരിടാൻ പാകപ്പെടുത്തുന്നതായിരുന്നു.

ആന്ധ്രപ്രദേശിലെ അനന്ത്പുരിലെ റൂറൽ ഡവലപ്മെന്റ് ട്രസ്റ്റിലായിരുന്നു പരിശീലനം. ആന്ധ്രപ്രദേശ് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരും രചിന്റെ പ്രകടന മികവ് സാക്ഷ്യപ്പെടുത്തുന്നു. ന്യൂസീലൻഡ് ടീം അംഗങ്ങളായ ജിമ്മി നീഷം, ടോം ബ്ലൻഡൽ എന്നിവരും മുൻപ് ക്ലബ്ബിനൊപ്പം പരിശീലനത്തിന് ഇന്ത്യയിലെത്തിയിട്ടുണ്ട്. 

അണ്ടർ 19 കാലത്തുതന്നെ കിവീസ് ക്രിക്കറ്റ് കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയ താരമാണ് രചിൻ. അണ്ടർ 19 വിഭാഗത്തിൽ 2016, 2018 ലോകകപ്പുകളിൽ ന്യൂസീലൻഡിനായി കളിച്ചിരുന്നു. ന്യൂസീലൻഡിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടീമുകളിലൊന്നായ വെല്ലിങ്ടൺ ഫയർ ബേഡ്സിന്റെ കളിക്കാരനാണ്. കഴിഞ്ഞ വർഷം നവംബറിൽ വെസ്റ്റിൻഡീസിനെതിരായ പരിശീലന മത്സരത്തിൽ ന്യസീലൻഡ് എ ടീമിനായി സെഞ്ചുറി അടിച്ചിരുന്നു. തോളിനേറ്റ പരുക്കിൽനിന്നു മോചിതനായെത്തി കഴിഞ്ഞ മാർച്ചിൽ പ്ലങ്കറ്റ് ഷീൽഡ് ടൂർണമെന്റിൽ നേടിയ സെഞ്ചുറിയും മികച്ച ബോളിങ് പ്രകടനവുമാണ് ടീമിലേക്കു പരിഗണിക്കപ്പെടുന്നതിൽ നിർണായകമായത്.

ന്യൂസീലൻഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡിന് രചിന്റെ മികവിലുള്ള ആത്മവിശ്വാസവും താരത്തിന് മുതൽക്കൂട്ടാണ്. ഓപ്പണറാണെങ്കിലും മധ്യനിരയിലും പരീക്ഷിക്കാവുന്നതാരമാണ് രചിൻ. ക്രിക്കറ്റ് ആരാധകനായ പിതാവ് രവി കൃഷ്ണമൂർത്തി ഇന്ത്യൻ ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും പേരിലെ അക്ഷരങ്ങൾ ചേർത്തു നൽകിയതാണ് രചിൻ രവീന്ദ്ര എന്ന പേര്!

English Summary: Indian-origin Rachin Ravindra picked by New Zealand for WTC final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com