ADVERTISEMENT

കൊളംബോ∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യയോടേറ്റ കനത്ത തോൽ‌വി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ തകർത്തു കളഞ്ഞെന്ന് പാക്ക് മുൻ ക്യാപ്റ്റൻ റമീസ് രാജ. ഇന്ത്യയോടേറ്റ തോൽവിയുടെ ആഘാതവുമായി ഇറങ്ങിയത് ശ്രീലങ്കയ്ക്കെതിരായ കളിയിൽ പ്രകടമായിരുന്നെന്ന് റമീസ് രാജ യൂട്യൂബ് വിഡിയോയിൽ പറഞ്ഞു. ‘‘ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ തോൽവി അവരെ മാനസികമായി ശരിക്കും തളർത്തിക്കളഞ്ഞു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും തോൽവിയുടെ പരാജയ ഭാരവുമായാണ് പാക്കിസ്ഥാൻ ടീം കളിക്കാനിറങ്ങിയത്.’’– റമീസ് രാജ പറഞ്ഞു.

‘‘ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ ഭയത്തോടെയാണു കളിച്ചത്. അമിതമായ കരുതൽ പാക്കിസ്ഥാന്റെ കളിയിൽനിന്നു മനസ്സിലാകും. അതുകൊണ്ടു തന്നെ അവർക്ക് കളി വിജയകരമായി അവസാനിപ്പിക്കാൻ സാധിച്ചില്ല. ബാബര്‍ അസം ഉൾപ്പെടെയുള്ള മുൻ നിര കരുതലില്ലാതെ കളിച്ചത് ഇന്ത്യയ്ക്കെതിരായ തോൽവിക്കു കാരണമായി.’’– റമീസ് രാജ ആരോപിച്ചു.

‘‘പാക്ക് താരം ഫഖർ സമാന്റെ ശരീര ഭാഷയാണ് എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. അദ്ദേഹം കളിക്കാൻ പലപ്പോഴും മടി കാണിക്കുന്നതായി തോന്നി. ഒന്നോ രണ്ടോ ഇന്നിസ് ഒഴിച്ചുനിർത്തിയാൽ പാക്കിസ്ഥാൻ ക്യാപ്റ്റന്‍ ബാബർ അസമിനും പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അവസരത്തിനൊത്തുയരാന്‍ ബാബര്‍ തയാറാകണം. ആധികാരികമായി തീരുമാനങ്ങള്‍ എടുക്കണം.’’– റമീസ് രാജ വിഡ‍ിയോയിൽ പറഞ്ഞു.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലദേശിനും പിന്നിൽ നാലാം സ്ഥാനക്കാരായാണ് ആതിഥേയരായ പാക്കിസ്ഥാന്‍ ടൂർണമെന്റ് പൂർത്തിയാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.

English Summary: Ramiz Raja Believes Massive Defeat Against India Has Given A Psychological Dent To Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com