ADVERTISEMENT

സെഞ്ചൂറിയൻ (ദക്ഷിണാഫ്രിക്ക) ∙ 83 പന്തിൽ 13 വീതം സിക്സും ഫോറുമടക്കം 209.64 സ്ട്രൈക്ക് റേറ്റിൽ 174 റൺസ്! ഏകദിന ക്രിക്കറ്റിലെ അവിസ്മരണീയ ഇന്നിങ്സുകളിൽ ഒന്നിനാണ് കഴിഞ്ഞ ദിവസം സെഞ്ചൂറിയൻ ക്രിക്കറ്റ് ഗ്രൗണ്ടിലെ കാണികൾ സാക്ഷ്യം വഹിച്ചത്. ഓസ്ട്രേലിയൻ ബോളർമാരെ നിഷ്പ്രഭരാക്കി ഹെയ്ൻറിച്ച് ക്ലാസൻ കത്തിക്കയറിയ നാലാം ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 164 റൺസ് ജയം.

ക്ലാസന്റെ സെഞ്ചറിയുടെയും ഡേവിഡ് മില്ലർ (42 പന്തിൽ 85 നോട്ടൗട്ട്), റാസീ വൻഡർദസൻ (65 പന്തിൽ 62) എന്നിവരുടെ അർധ സെഞ്ചറികളുടെയും ബലത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 417 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ പോരാട്ടം 34.5 ഓവറിൽ 252 റൺസിൽ അവസാനിച്ചു. 99 റൺസ് നേടിയ അലക്സ് ക്യാരിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 5 മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയ്ക്ക് ഒപ്പമെത്തി (2–2). ഇന്നാണ് പരമ്പരയിലെ അവസാന ഏകദിനം.

മത്സരത്തിൽ പിറന്ന റെക്കോർഡുകൾ

ഏകദിന ക്രിക്കറ്റിൽ അഞ്ചാം നമ്പറിലോ അതിനു ശേഷമോ ബാറ്റിങ്ങിനിറങ്ങുന്ന താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് കഴിഞ്ഞ ദിവസം ക്ലാസൻ നേടിയത്. 1983 ലോകകപ്പിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് നേടിയ 175 റൺസാണ് ഒന്നാമത്.

14.47 റൺറേറ്റിലാണ് ക്ലാസൻ– മില്ലർ സഖ്യം അഞ്ചാം വിക്കറ്റിൽ 222 റൺസ് കൂട്ടിച്ചേ‍ർത്തത്. ഏകദിന ക്രിക്കറ്റിൽ 200 റൺസിനു മുകളിലുള്ള കൂട്ടുകെട്ടുകളിലെ ഏറ്റവും ഉയർന്ന റൺറേറ്റാണിത്.

അവസാന 10 ഓവറിൽ ദക്ഷിണാഫ്രിക്ക നേടിയത് 173 റൺസ്! ഏകദിന ക്രിക്കറ്റിൽ അവസാന 10 ഓവറിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.

20 സിക്സറുകളാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക നേടിയത്. ഒരു ഏകദിന മത്സരത്തിൽ ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക 20 സിക്സ് നേടുന്നത്. 2015ൽ ഇന്ത്യയ്ക്കെതിരെയായിരുന്നു ആദ്യത്തേത്.

ഏകദിന ക്രിക്കറ്റിൽ ഏഴാം തവണയാണ് ദക്ഷിണാഫ്രിക്ക 400നു മുകളിൽ സ്കോർ നേടുന്നത്. 6 തവണ ഈ നേട്ടം കൈവരിച്ച ഇന്ത്യയെ മറികടന്നു.

10 ഓവറിൽ 113 റൺസാണ് ഇന്നലെ ഓസീസ് സ്പിന്നർ ആദം സാംപ വഴങ്ങിയത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന ബോളർ എന്ന റെക്കോർഡിൽ സാംപ, മുൻ ഓസ്ട്രേലിയൻ താരം മിക് ലൂയിസിനൊപ്പമെത്തി (2006ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ).

English Summary : South Africa vs Australia cricket match update 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com