ADVERTISEMENT

മുംബൈ ∙ ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നു മണി. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ട്വന്റി20 മത്സരത്തിൽ മിന്നുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം, ഇംഗ്ലണ്ട് എ ടീമിനെ 3 റൺസിന് തോൽപിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടാനേ സാധിച്ചുള്ളൂ. അർധ സെ‍ഞ്ചറിയുമായി ഇംഗ്ലണ്ടിനെ വിജയപ്രതീക്ഷ നൽകിയ ഹോളി ആർമിറ്റജിനെ (52) പുറത്താക്കിയ മിന്നുവിന്റെ ഓവറാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 4 ഓവറിൽ 28 റൺസ് വിട്ടുകൊടുത്താണ് മിന്നു ഒരു വിക്കറ്റ് നേടിയത്. 4 ഓവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ശ്രയങ്ക പാട്ടീലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഡിസംബർ ഒന്നിന് വാങ്കഡെയിൽ തന്നെയാണ് അടുത്ത മത്സരം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു തുടക്കത്തിലേ ഓപ്പണർ ഉമ ഛേത്രിയെ (9) നഷ്ടമായി. മധ്യനിരയിൽ ദിനേശ് വൃദ്ധ (22), ദിഷ കസറ്റ് (25), ജി.ദിവ്യ (22) എന്നിവർ നടത്തിയ ചെറുത്തുനിൽപാണ് ടീം സ്കോർ 130 കടക്കാൻ സഹായിച്ചത്. എട്ടാമതായി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റൻ മിന്നുവിനു 3 പന്തിൽ 2 റൺസ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത് 4–ാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത ആർമിറ്റജ്– സേറൻ സ്മേൽ (31) സഖ്യമാണ്. എന്നാൽ ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ശ്രയങ്ക പാട്ടീൽ എറിഞ്ഞ അവസാന ഓവറിൽ, 4 വിക്കറ്റ് കയ്യിലിരിക്കെ 12 റൺസായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാൻ ആവശ്യം. ആദ്യ പന്ത് വൈഡ് ഫോർ. 6 പന്തിൽ 7 റൺസ്.  അടുത്ത 4 പന്തുകളിൽ 3 റൺസ്. അവസാന 2 പന്തുകളിൽ വിക്കറ്റ് നേടിയ ശ്രയങ്ക ഇന്ത്യയെ വിജയത്തിലെത്തിച്ചു.

മിന്നിച്ച സ്പെൽ

വിജയത്തിലേക്ക് അനായാസം കുതിച്ച ഇംഗ്ലണ്ടിനെ കൂച്ചുവിലങ്ങിട്ടു നിർത്തിയത് മിന്നു മണി എറിഞ്ഞ 17–ാം ഓവറായിരുന്നു. 16 ഓവറിൽ 3ന് 107 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യൻ ബോളർമാരെ അനായാസം നേരിട്ടു മുന്നേറിയ അർമിറ്റജും സേറനും ക്രീസിൽ നിൽക്കെ ഇംഗ്ലണ്ടിന് അടുത്ത 4 ഓവറിൽ ആവശ്യം 28 റൺസ്. മിന്നുവിന്റെ ആദ്യ 4 പന്തിൽ 3 റൺസ് മാത്രമേ ഇംഗ്ലണ്ടിനു നേടാനായുള്ളൂ. ഇതോടെ സമ്മർദത്തിലായ ആർമിറ്റജ് ബൗണ്ടറിക്കു ശ്രമിച്ചു. എന്നാൽ റിട്ടേൺ ക്യാച്ച് കൈപ്പിടിയിലൊതുക്കിയ മിന്നു ഇന്ത്യയെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നു. ആർമിറ്റജ് പുറത്തായതോടെ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ താളംതെറ്റുകയും തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. ഇതാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

മിന്നുവിന്റെ വിജയമാഘോഷിക്കാൻ വീട്ടിൽ പായസവിതരണം 

മാനന്തവാടി ∙ ഇന്നലെ രാവിലെ പതിവു പോലെ മണിയെ ഫോണിൽ വിളിക്കുമ്പോൾ മിന്നുവിന്റെ ശബ്ദം പതിവില്ലാതെ ഇടറിയിരുന്നു. ‘അച്ഛാ പ്രാർഥിക്കണേ.. ഞാൻ ഗ്രൗണ്ടിലേക്ക്  പോകുകയാ; ഇനി കളി കഴിഞ്ഞ് വിളിക്കാം’ എന്ന് പറഞ്ഞൊപ്പിച്ചത് തന്നെ പ്രയാസപ്പെട്ടായിരുന്നു. ഇംഗ്ലണ്ട് എ ടീമിനെതിരെ ക്യാപ്റ്റനായി കളിക്കിറങ്ങുന്നതിന്റെ സമ്മർദം മകൾക്കുണ്ടായിരുന്നെന്നും പ്രാർഥിക്കാമെന്ന് ഉറപ്പ് നൽകിയാണ് സംഭാഷണം അവസാനിപ്പിച്ചതെന്നും പിതാവ് മണി പറഞ്ഞു. 

ശബരിമലയ്ക്കു പോകാൻ മാലയിട്ട് വ്രതം നോക്കുന്ന മണി മകൾ ക്യാപ്റ്റനായി നേടിയ കന്നി വിജയം സ്വാമിക്കു സമർപ്പിക്കുകയാണ്. ഇന്ത്യ എ ടീം 3 റൺസ് വിജയം നേടിയ ഉടൻ വീടിന് സമീപത്തെ തറവാട് ക്ഷേത്രത്തിലും മണി നന്ദി പറയാനെത്തി. മകൾ നയിച്ച ഇന്ത്യയുടെ വിജയം ആഘോഷിക്കാൻ അമ്മ വസന്ത പായസവുമൊരുക്കി. അയൽക്കാരും ബന്ധുക്കളും വിജയമാഘോഷിക്കാൻ മിന്നു മണിയുടെ വീട്ടിലെത്തിയിരുന്നു. സന്ധ്യയോടെ മണിയുടെ ഫോണിലേക്കു മകൾ വിളിച്ചു. നമ്മൾ കളി ജയിച്ചു അച്ഛാ എന്ന് മാത്രം പറഞ്ഞ് മിന്നു വിങ്ങിപ്പൊട്ടിയെന്ന് മണി പറഞ്ഞു. മിന്നുവിലെ പ്രതിഭയെ കണ്ടെത്തിയവരോടും വളർത്തിയവരോടും പ്രോത്സാഹിപ്പിക്കുന്നവരോടുമെല്ലാം നന്ദിയുണ്ടെന്നു മണി പറഞ്ഞു.

English Summary:

Minnu Mani leads India to victory against England A

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com