ADVERTISEMENT

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ്സ് ടേബിളിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഏഴാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 13 മത്സരങ്ങൾ പൂർത്തിയാക്കിയ ലക്നൗവിന് ഇനിയുള്ളത് ഒരു കളി മാത്രം. അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസാണു വെള്ളിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ ലക്നൗവിന്റെ എതിരാളികൾ. ആറു വിജയവും ഏഴു തോൽവിയുമുള്ള ലക്നൗ പ്ലേ ഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി പോരാട്ടത്തിലാണ്.

സാങ്കേതികമായി മാത്രമാണ് ലക്നൗ പോരാട്ടത്തിലുള്ളതെന്നതാണു സത്യം. 12 പോയിന്റുള്ള ലക്നൗവിന് ഇനിയുള്ള കളി ജയിച്ചാലും 14 പോയിന്റിലെത്താം. ചെന്നൈ സൂപ്പർ കിങ്സിനു ഇപ്പോൾ തന്നെ 14 പോയിന്റുണ്ട്. 12 പോയിന്റേ ഉള്ളൂവെങ്കിലും നെറ്റ് റൺറേറ്റിലെ നേട്ടം ആർസിബിക്കും ഗുണം ചെയ്യും. കെ.എൽ. രാഹുൽ നയിക്കുന്ന ലക്നൗവിനു തിരിച്ചടിയാകുന്നതും നെറ്റ് റൺറേറ്റാണ്. –0.787 ആണ് ലക്നൗവിന്റെ നെറ്റ് റണ്‍റേറ്റ്.

മുംബൈ ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്താൽ തന്നെ ലക്നൗ ടൂർണമെന്റിൽനിന്ന് പുറത്താകും. ആദ്യം ബാറ്റിങ്ങിന് ഇറങ്ങി 310 റൺസിന് മുംബൈ ഇന്ത്യൻസിനെ തോൽപിച്ചാലാണ് ലക്നൗവിന് ഇനി പ്ലേ ഓഫിലെത്താൻ സാധ്യതയുള്ളത്. അസാധ്യമായ ഇക്കാര്യം സംഭവിച്ചാല്‍ മാത്രം പോര. ബെംഗളൂരു ചെന്നൈയെ 18 റൺസിനെങ്കിലും തോൽപിക്കുകയും വേണമെന്ന അവസ്ഥയുമുണ്ട്.

സീസണിലെ അവസാന മത്സരം വിജയിച്ചുകൊണ്ട് അവസാനിപ്പിക്കാനാണ് ലക്നൗവിന്റെ ശ്രമം. പുതുമുഖ താരങ്ങൾക്ക് ലക്നൗ പ്ലേയിങ് ഇലവനിൽ അവസരം നൽകിയേക്കും. അവസാന മൂന്നു മത്സരങ്ങളിൽ തോറ്റതാണ് ലക്നൗവിന്റെ പ്ലേ ഓഫ് സാധ്യതകളെ തകിടം മറിച്ചത്. കൊൽക്കത്തയോട് 98 റൺസിനും ഹൈദരബാദിനോട് 10 വിക്കറ്റിനും തോറ്റത് നെറ്റ് റൺറേറ്റിൽ വൻ തിരിച്ചടിയാണുണ്ടാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഡൽ‌ഹിയോട് 19 റൺസിനും ലക്നൗ തോറ്റു.

English Summary:

How Lucknow Super Giants can qualify for the playoffs?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com