ADVERTISEMENT

കൊൽക്കത്ത∙ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചു തുറന്നു പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മെന്റർ ഗൗതം ഗംഭീർ. സിലക്ടര്‍മാരുടെ കാലു പിടിക്കാൻ പോകാത്തതുകൊണ്ടാണു തന്നെ ടീമിൽനിന്ന് ഒഴിവാക്കിയതെന്നാണ് ഗംഭീറിന്റെ അവകാശവാദം. രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് താരം ആർ. അശ്വിന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഗംഭീർ താൻ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ആരെയും തന്റെ കാലുപിടിക്കാൻ അനുവദിക്കില്ലെന്ന് പ്രതി‍ജ്ഞ ചെയ്തിട്ടുണ്ടെന്നും ഗംഭീർ വ്യക്തമാക്കി.

‘‘എനിക്കു 13 വയസ്സൊക്കെ ഉള്ളപ്പോഴാണ് അണ്ടർ 14 ടീമിലേക്കു സിലക്ഷൻ ലഭിക്കാതെ പോകുന്നത്. സിലക്ടർമാരുടെ കാല് പിടിക്കാൻ ഞാൻ തയാറായില്ലെന്നതാണു കാരണം. ആരുടേയും കാലു പിടിക്കില്ലെന്ന് അന്നു മുതൽ ഞാൻ ഉറപ്പിച്ചതാണ്. ആരെയും എന്റെ കാലിൽ തൊടാനും വിടില്ല.അണ്ടർ 16, രഞ്ജി ട്രോഫി തുടങ്ങി കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ പരാജയപ്പെട്ടപ്പോഴെല്ലാം ആളുകൾ ഉപദേശങ്ങളുമായി വരാറുണ്ടായിരുന്നു.’’

‘‘നീയൊരു വലിയ കുടുംബത്തിലെ അംഗമാണ്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കേണ്ട കാര്യമില്ല. നിനക്കു മുന്നിൽ വേറെയും വഴികളുണ്ട്. പിതാവിന്റെ കൂടെ ബിസിനസിന്റെ ഭാഗമാകാം. എന്നൊക്കെയാണു പറയാറ്. ഞാൻ ജോലി ചെയ്തിട്ടുള്ളതിൽ ഏറ്റവും മികച്ച ടീം ഉടമ ഷാറുഖ് ഖാനാണ്. അതുകൊണ്ടാണ് ഞാൻ കൊൽക്കത്തയിലേക്കു തന്നെ മടങ്ങിയെത്തിയത്.’’

‘‘ഏഴു വർഷത്തോളം ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി ഇരുന്നിട്ടുണ്ട്. 70 സെക്കൻഡുപോലും ഷാറുഖ് ഖാൻ എന്നോട് ക്രിക്കറ്റിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടാകില്ല. ക്രിക്കറ്റിനെപ്പറ്റി ഒരു ചോദ്യം പോലും അദ്ദേഹം എന്നോടു ചോദിച്ചിട്ടില്ല. നിങ്ങൾക്ക് അത് ചിന്തിക്കാൻ സാധിക്കുന്നുണ്ടോ? ’’– ഗൗതം ഗംഭീർ അശ്വിനോടു പറഞ്ഞു. 2024 സീസണിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് കൊൽക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചത്. രാഹുൽ ദ്രാവിഡിനു ശേഷം ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഗംഭീറിനെയും പരിഗണിക്കുന്നുണ്ട്.

English Summary:

I Did Not Touch Selector's Feet, So Got Rejected: Gautam Gambhir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com