ADVERTISEMENT

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ തന്നെ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഗംഭീര പ്രകടനം നടത്തുന്ന സഞ്ജു, ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നും ഹർഭജന്‍ സിങ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. സഞ്ജു സാംസണും ഋഷഭ് പന്തുമാണ് ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. വാഹനാപകടത്തിലുണ്ടായ പരുക്കുമാറി തിരിച്ചെത്തിയ ഋഷഭ് പന്തിനെയും ബിസിസിഐ ടീമിലെടുക്കുകയായിരുന്നു.

‘‘ഐപിഎല്ലിൽ ഋഷഭ് പന്ത് നന്നായി തന്നെ കളിച്ചിട്ടുണ്ട്. അതു ശരിയാണ്. മികച്ച രീതിയിൽ കീപ്പിങ് ചെയ്യുന്നുമുണ്ട്. എന്നാൽ എന്തുകൊണ്ടും പന്തിനേക്കാൾ ഗംഭീര പ്രകടനമാണു സഞ്ജുവിന്റേത്. അദ്ഭുതപ്പെടുത്തുന്ന സ്ഥിരതയാണ് സഞ്ജുവിനുള്ളത്. മുപ്പതോ, നാൽപ്പതോ റൺസെടുത്തു പുറത്താകുന്ന പഴയ സഞ്ജുവല്ല ഇത്. അതുകൊണ്ട് ഋഷഭ് പന്തിനെ ടീമിലെടുക്കുന്നതിന് അധികം ധൃതി കാണിക്കേണ്ടതില്ല.’’– ഹർഭജൻ സിങ് വ്യക്തമാക്കി.

ലോകകപ്പ് ടീമിൽ നാലു സ്പിന്നർമാരുടെ ആവശ്യമില്ലായിരുന്നെന്നും ഹർഭജൻ സിങ് പറഞ്ഞു. ‘‘ഇന്ത്യൻ ടീമിൽ നാലു സ്പിന്നർമാരെ ആവശ്യമില്ല. നാലുപേർ ഒരുമിച്ച് എന്തായാലും പ്ലേയിങ് ഇലവനിൽ കളിക്കാൻ പോകുന്നില്ല. ടീമിൽ കുറവുള്ളത് ഒരു പേസ് ബോളറായിരുന്നു. സ്പിന്നര്‍മാരിൽ ഒരാളെ മാറ്റിനിർത്തി വൻ സ്കോർ കണ്ടെത്താന്‍ കഴിവുള്ള റിങ്കു സിങ്ങിനെ എടുക്കാമായിരുന്നു.’’– ഹർഭജൻ സിങ് പറഞ്ഞു.

13 മത്സരങ്ങൾ കളിച്ച ഋഷഭ് പന്ത് 446 റണ്‍സാണ് ഐപിഎല്ലി‍ൽ നേടിയത്. ഒരു മത്സരം ബിസിസിഐയുടെ വിലക്കു കാരണം താരത്തിനു നഷ്ടമായിരുന്നു. സീസണിൽ മൂന്ന് അർധ സെഞ്ചറികൾ താരം നേടി. അതേസമയം ഇനിയും മത്സരങ്ങൾ ബാക്കിയുള്ള സഞ്ജു സാംസൺ റൺവേട്ടക്കാരുടെ പട്ടികയിൽ ഏഴാമതുണ്ട്. 14 കളികളിൽനിന്ന് 504 റൺസ് സഞ്ജു നേടി. അഞ്ച് അർധ സെഞ്ചറികൾ താരം ഇതുവരെ അടിച്ചിട്ടുണ്ട്.

English Summary:

Sanju Samson ahead of Rishabh Pant, Harbhajan Singh's prediction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com