ADVERTISEMENT

അഹമ്മദാബാദ്∙ കുതിച്ചൊഴുകിയ പുഴയ്ക്കു കുറുകെ ഡാം കെട്ടിയ പോലെയാണ് നിലവിൽ രാജസ്ഥാന്റെ അവസ്ഥ. തുടർ വിജയങ്ങളുമായി പ്ലേഓഫിലേക്ക് ഓടിയടുത്ത രാജസ്ഥാൻ, അവസാന 5 മത്സരങ്ങളിൽ വിജയതീരം കണ്ടിട്ടില്ല. പരാജയങ്ങളിൽ പതറിനിൽക്കുന്ന ടീമിന് തിരിച്ചടിയായി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ബ‌ട്‌ലറിന് പകരക്കാരനായി എത്തിയ ടോം കോലെർ കാഡ്മോർ ആദ്യ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. 

ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ഫോമിലും രാജസ്ഥാന് ആശങ്കയുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസൺ, റിയാൻ പരാഗ് എന്നിവരാണ് രാജസ്ഥാന്റെ ബാറ്റിങ് കരുത്ത്. ഫിനിഷർ ഷിമ്രോൺ ഹെറ്റ്മെയറിന്റെ പരുക്കും സഞ്ജുവിനെയും സംഘത്തെയും അലട്ടുന്നു. ബോളിങ് നിരയിൽ ട്രെന്റ് ബോൾട്ട് ഒഴികെ മറ്റാരും സ്ഥിരത പുലർത്താത്തതും രാജസ്ഥാനെ പ്രതിരോധത്തിലാക്കുന്നു.

ലീഗ് ഘട്ടത്തിൽ അഹമ്മദാബാദിൽ നടക്കേണ്ട അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. അഥവാ മഴ പെയ്ത് മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയ രാജസ്ഥാൻ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും.

കുതിപ്പുതുടരാൻ ബെംഗളൂരു

തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ച് ടൂർണമെന്റിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ബെംഗളൂരുവിന്റെ വരവ്. ഐപിഎൽ ആദ്യ പകുതിയിൽ കണ്ട ടീം ആയിരുന്നില്ല രണ്ടാം പകുതിയിൽ ബെംഗളൂരു. ഈ പോരാട്ടവീര്യം തുടർന്നാൽ രാജസ്ഥാനെ മറികടക്കുക ഫാഫ് ഡുപ്ലെസിക്കും സംഘത്തിനും എളുപ്പം. സൂപ്പർ താരം വിരാട് കോലി നയിക്കുന്ന ബാറ്റിങ് നിര തന്നെയാണ് ബെംഗളൂരുവിന്റെ കരുത്ത്. 

മധ്യനിരയിൽ രജത് പാട്ടിദാറിന്റെ സാന്നിധ്യവും ഫിനിഷർ റോളിൽ ദിനേശ് കാർത്തികിന്റെ മികവും ബെംഗളൂരുവിനെ അപകടകാരികളാക്കുന്നു. സീസൺ രണ്ടാം പകുതിയിൽ അവസരത്തിനൊത്തുയർന്ന ബോളിങ് നിര, മികവു തുടരുമെന്നാണ് ബെംഗളൂരു ആരാധകരുടെ പ്രതീക്ഷ.

English Summary:

IPL 2024 Eliminator, Royal Challengers Bengaluru vs Rajasthan Royals Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com