ADVERTISEMENT

അഹമ്മദാബാദ് ∙ ഐപിഎൽ 17–ാം സീസണിലെ ഏറ്റവും സന്തുലിതമായ ടീം തങ്ങൾ തന്നെയാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരിക്കൽ കൂടി തെളിയിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും കൊൽക്കത്തയുടെ സർവാധിപത്യം കണ്ട ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തോൽപിച്ച ശ്രേയസ് അയ്യരും സംഘവും ഫൈനൽ പോരാട്ടത്തിന് ടിക്കറ്റെടുത്തു. 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ, ഇന്നു നടക്കുന്ന എലിമിനേറ്ററിലെ വിജയികളെ ഹൈദരാബാദ് നേരിടും. സ്കോർ: ഹൈദരാബാദ് 19.3 ഓവറിൽ 159ന് പുറത്ത്. കൊൽക്കത്ത 13.4 ഓവറിൽ 2ന് 164.

കിടിലൻ കൊൽക്കത്ത

ഹൈദരാബാദ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഒരു ഘട്ടത്തിൽപോലും കൊൽക്കത്തയ്ക്ക് വെല്ലുവിളിയായില്ല. റഹ്മാനുല്ല ഗുർബാസ് (14 പന്തിൽ 23)– സുനിൽ നരെയ്ൻ (16 പന്തിൽ 21) സഖ്യം ഒന്നാം വിക്കറ്റിൽ 20 പന്തിൽ 42 റൺസ് ചേർത്ത് കൊൽക്കത്തയ്ക്ക് ആശിച്ച തുടക്കം നൽകി. ഇരുവരും പുറത്തായതിനു പിന്നാലെ മൂന്നാം വിക്കറ്റിൽ 44 പന്തിൽ 97 റൺസ് ചേർത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ (24 പന്തിൽ 58 നോട്ടൗട്ട്)– വെങ്കടേഷ് അയ്യർ (28 പന്തിൽ 51 നോട്ടൗട്ട്) സഖ്യം കൊൽക്കത്തയെ അനായാസം വിജയലക്ഷ്യത്തിലെത്തിച്ചു.

സ്റ്റാർക്ക് സ്റ്റാർ

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ എറിഞ്ഞൊതുക്കിയത് മിച്ചൽ സ്റ്റാർക്കിന്റെ സ്പെല്ലായിരുന്നു. 4 ഓവറിൽ 34 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത സ്റ്റാർക്ക് ഹൈദരാബാദ് ബാറ്റിങ് നിരയെ വരി‍ഞ്ഞുകെട്ടി. 

  ഹൈദരാബാദ് ബാറ്റിങ്ങിന്റെ നട്ടെല്ലായ ട്രാവിസ് ഹെഡിന്റെ (0) മിഡിൽ സ്റ്റംപ് ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ പിഴുതെടുത്ത സ്റ്റാർക്ക് തുടക്കത്തിൽ തന്നെ ഹൈദരാബാദിനെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ വൈഭവ് അറോറയ്ക്ക് വിക്കറ്റ് നൽകി അഭിഷേക് ശർമയും (3) മടങ്ങിയതോടെ ഹൈദരാബാദ് തളർന്നു. 

പവർപ്ലേ അവസാനിക്കും മുൻപ് നിതീഷ് റെഡ്ഡിയെയും (9) ഷഹബാസ് അഹമ്മദിനെയും (0) കൂടി സ്റ്റാർക്ക് തിരിച്ചയച്ചതോടെ 6 ഓവറിൽ 4ന് 45 എന്ന നിലയിലായി ഹൈദരാബാദ്. ഒരു കൂട്ടത്തകർച്ച മണത്ത ഹൈദരാബാദിനെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത് അഞ്ചാം വിക്കറ്റിലെ രാഹുൽ ത്രിപാഠി (35 പന്തിൽ 55)– ഹെയ്ൻറിച് ക്ലാസൻ (21 പന്തിൽ 32) കൂട്ടുകെട്ടാണ്. 37 പന്തിൽ 62 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ക്ലാസനെ മടക്കിയ വരുൺ ചക്രവർത്തിയാണ് കൊൽക്കത്തയ്ക്കു മത്സരത്തിൽ വീണ്ടും ആധിപത്യം നേടിക്കൊടുത്തത്. പിന്നാലെ ത്രിപാഠി റണ്ണൗട്ട് ആയതോടെ ഹൈദരാബാദ് വീണ്ടും പ്രതിരോധത്തിലായി. 

ക്ലാസനും ത്രിപാഠിയും പുറത്തായതോടെ ഹൈദരാബാദ് ഇന്നിങ്സ് 130ൽ താഴെ അവസാനിക്കുമെന്ന കൊൽക്കത്തയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ചെറുത്തുനിൽപാണ്. 

24 പന്തിൽ രണ്ടുവീതം സിക്സും ഫോറും അടക്കം 30 റൺസ് നേടിയ കമിൻസ് ഹൈദരാബാദിന് പൊരുതാവുന്ന ടോട്ടൽ നേടിക്കൊടുത്തു. പത്താം വിക്കറ്റിൽ വി.വിയാസ്കാന്തിനൊപ്പം (5 പന്തിൽ 7 നോട്ടൗട്ട്) 21 പന്തിൽ 33 റൺസ് കമിൻസ് കൂട്ടിച്ചേർത്തത്. 

English Summary:

kolkata knight riders won against sunrisers hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com