ADVERTISEMENT

അഹമ്മദാബാദ് ∙ സീസണിലെ രണ്ടാം പകുതിയിൽ നടത്തിയ അപരാജിത കുതിപ്പിന്റെ ആത്മവിശ്വാസത്തിലെത്തിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒടുവിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ അടിതെറ്റി. ജയപരാജയം മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിൽ ബെംഗളൂരുവിനെ 4 വിക്കറ്റിന് തോൽപിച്ച സഞ്ജു സാംസണും സംഘവും നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിനു ടിക്കറ്റെടുത്തു. സൺറൈസേഴ്സ് ഹൈദരാബാദാണ് നാളത്തെ മത്സരത്തിൽ രാജസ്ഥാന്റെ എതിരാളി. സ്കോർ: ബെംഗളൂരു 20 ഓവറിൽ 8ന് 172. രാജസ്ഥാൻ 19 ഓവറിൽ 6ന് 174.

റോയൽ ഷോ

ബെംഗളൂരുവിനെ 172 റൺസിൽ പിടിച്ചുനിർത്തിയ ആത്മവിശ്വാസത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഒന്നാം വിക്കറ്റിൽ 5.3 ഓവറിൽ 46 റൺസ് കൂട്ടിച്ചേർത്ത യശസ്വി ജയ്‌സ്വാൾ (30 പന്തിൽ 45)– ടോം കൊലെർ കാഡ്മോർ (15 പന്തിൽ 20) സഖ്യം മികച്ച തുടക്കം നൽകി. കാഡ്മോർ പുറത്തായതോടെ ക്യാപ്റ്റൻ സഞ്ജു സാംസണെ (13 പന്തിൽ 17) കൂട്ടുപിടിച്ച് ജയ്സ്വാൾ സ്കോറിങ് അനായാസം മുന്നോട്ടുനീക്കി. എന്നാൽ ജയ്സ്വാളിനെയും സഞ്ജുവിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ബെംഗളൂരു തിരിച്ചടിച്ചു. വൈകാതെ ധ്രുവ് ജുറേലും (8 പന്തിൽ 8) പുറത്തായതോടെ 4ന് 112 എന്ന നിലയിലായി രാജസ്ഥാൻ. അ‍ഞ്ചാം വിക്കറ്റിൽ ഒന്നിച്ച റിയാൻ പരാഗ് (26 പന്തിൽ 35)– ഷിമ്രോൺ ഹെറ്റ്മെയർ (14 പന്തിൽ 16) സഖ്യമാണ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 23 പന്തിൽ 42 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പരാഗിനെയും ഹെറ്റ്മെയറിനെയും മുഹമ്മദ് സിറാജ് മടക്കിയെങ്കിലും റോവ്മൻ പവൽ (8 പന്തിൽ 16 നോട്ടൗട്ട്) മറ്റു നഷ്ടങ്ങളില്ലാതെ രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

പൊരുതി ബെംഗളൂരു

പേസ് ബോളർമാർക്ക് സഹായം ലഭിക്കുന്ന പിച്ചിൽ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് രാജസ്ഥാൻ ബോളർമാർ തുടങ്ങിയത്. പവർപ്ലേയിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെ (14 പന്തിൽ 17) പുറത്താക്കിയ ട്രെന്റ് ബോൾട്ട് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രാജസ്ഥാനു മേൽക്കൈ നൽകി. തന്റെ ആദ്യ 3 ഓവറുകളി‍ൽ വെറും 6 റൺസാണ് ബോൾട്ട് 

രാജസ്ഥാനെതിരെ മഹിപാല്‍ ലോംറോറിന്റെ ബാറ്റിങ്. Photo: X@IPL
രാജസ്ഥാനെതിരെ മഹിപാല്‍ ലോംറോറിന്റെ ബാറ്റിങ്. Photo: X@IPL

വിട്ടുനൽകിയത്. എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന വിരാട് കോലി (24 പന്തിൽ 33) പവർപ്ലേയിൽ ടീം സ്കോർ 50ൽ എത്തിച്ചു. യുസ്‌വേന്ദ്ര ചെഹലിന്റെ പന്തിൽ സിക്സ് നേടാനുള്ള ശ്രമത്തിനിടെ കോലി പുറത്തായതോടെ 7.2 ഓവറിൽ 2ന് 56 എന്ന നിലയിലേക്കു ബെംഗളൂരു വീണു. മൂന്നാം വിക്കറ്റിൽ 31 പന്തിൽ 41 റൺസ് കൂട്ടിച്ചേർത്ത കാമറൂൺ ഗ്രീൻ (21 പന്തിൽ 27)– രജത് 

പാട്ടിദാർ (22 പന്തിൽ 34) സഖ്യം ബെംഗളൂരുവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഗ്രീനിനെയും ഗ്ലെൻ മാക്സ്‌വെലിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ആർ.അശ്വിൻ രാജസ്ഥാന് ആധിപത്യം നൽകി. ആവേശ് ഖാന്റെ പന്തിൽ പാട്ടിദാറും പുറത്തായതോടെ ബെംഗളൂരുവിന്റെ നില പരുങ്ങലിലായി.

ഒരു ഘട്ടത്തിൽ 140ൽ താഴെ ഒതുങ്ങുമെന്നു കരുതിയ ബെംഗളൂരു ടോട്ടൽ 173ൽ എത്തിച്ചത് 6–ാം വിക്കറ്റിൽ മഹിപാൽ ലോംറോറും (17 പന്തിൽ 32) ദിനേശ് കാർത്തിക്കും (13 പന്തിൽ 11 ) നടത്തിയ പ്രകടനമാണ്. 24 പന്തിൽ 32 റൺസ് ഇരുവരും ചേർന്നു നേടി. 4 ഓവറിൽ 44 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും 4 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത ആർ.അശ്വിനുമാണ് രാജസ്ഥാൻ ബോളിങ് നിരയിൽ തിളങ്ങിയത്.

English Summary:

Rajasthan Royals won against Royal Challengers Bengaluru in IPL eliminator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com