ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തൊൻപതുകാരനായ കേദാർ ജാദവ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മുതൽ താൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചതായി കണക്കാക്കണമെന്നാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ കേദാർ ജാദവ് കുറിച്ചത്.

‘‘എന്റെ കരിയറിൽ ഉടനീളം നിങ്ങൾ കാട്ടിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇന്നു വൈകിട്ട് മൂന്നു മുതൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും ഞാൻ വിരമിച്ചതായി കണക്കാക്കുക’’– കേദാർ ജാദവ് എക്സ്‌ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

2019ലെ ഏകദിന ലോകകപ്പ് ടീമിൽ അംഗമായിരുന്ന ജാദവ് 2020 ഫെബ്രുവരി എട്ടിനാണ് ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി ഏകദിനം കളിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 73 ഏകദിനങ്ങളും ഒൻപത് ട്വന്റി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തിൽ 42.09 ശരാശരിയിൽ 1389 റൺസും ട്വന്റി20യിൽ 20.33 ശരാശരിയിൽ 122 റൺസും നേടി. ഏകദിനത്തിൽ രണ്ടു സെഞ്ചറിയും ആറ് അർധസെഞ്ചറിയും നേടിയിട്ടുണ്ട്. ട്വന്റി20യിൽ ഒരു അർധസെഞ്ചറിയും കുറിച്ചു.

73 ഏകദിനത്തിൽനന്ന് 27 വിക്കറ്റുകളും സ്വന്തമാക്കി. 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2014ൽ റാഞ്ചിയിൽ ശ്രീലങ്കയ്‍ക്കെതിരായ മത്സരത്തിലൂടെയാണ് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം ജൂലൈ 17ന് ഹരാരെയിൽ സിംബാബ്‍വെയ്‌ക്കെതിരായ മത്സരത്തിലൂടെ രാജ്യാന്തര ട്വന്റി20യിലും അരങ്ങേറി. രഞ്ജി ട്രോഫിയിൽ ഇക്കഴിഞ്ഞ സീസണിലും മരാരാഷ്ട്രയ‌്‌ക്കായി കളിച്ചിരുന്നു.

English Summary:

Kedar Jadhav announces retirement from all forms of cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com