ADVERTISEMENT

സെന്റ്ലൂസിയ∙ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ വമ്പൻ വിജയവുമായി വെസ്റ്റിൻഡീസ്. സി ഗ്രൂപ്പിൽനിന്ന് സൂപ്പർ 8 റൗണ്ടിൽ കടന്ന ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ വിൻഡീസ് നേടിയത് 104 റൺ‌സ് വിജയം. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ 16.2 ഓവറില്‍ 114 റൺസെടുത്ത് അഫ്ഗാൻ പുറത്തായി.

53 പന്തിൽ 98 റൺസെടുത്ത നിക്കോളാസ് പുരാനാണു കളിയിലെ താരം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ തന്നെ ഓപ്പണർ ബ്രാൻഡൻ കിങ്ങിനെ (ആറു പന്തിൽ ഏഴ്) നഷ്ടമായിരുന്നു. എന്നാൽ ജോൺസൺ ചാൾസിനെ കൂട്ടുപിടിച്ച് പുരാൻ വെടിക്കെട്ടിന് തുടക്കമിട്ടതോടെ വിൻഡീസ് സ്കോർ കുതിച്ചുയർന്നു. എട്ട് സിക്സറുകളും ആറു ഫോറുകളുമാണ് വിൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ അടിച്ചുപറത്തിയത്.

ട്വന്റി20 ക്രിക്കറ്റിൽ വിൻഡീസിനായി കൂടുതല്‍ സിക്സറുകൾ നേടിയ റെക്കോർഡിൽ ഇതിഹാസ താരം ക്രിസ് ഗെയ്‍ലിനെ പുരാന്‍ മറികടന്നു. ഗെയ്ൽ 124 സിക്സുകൾ നേടിയപ്പോൾ, പുരാന്റെ സിക്സുകൾ 128 ആയി. 27 പന്തുകൾ നേരിട്ട ജോൺസൺ ചാൾസ് 43 റൺസെടുത്തു പുറത്തായി. ഷായ് ഹോപ് (17 പന്തിൽ 25), ക്യാപ്റ്റൻ റോവ്മൻ പവൽ (15 പന്തിൽ 26) എന്നിവരും തിളങ്ങി.

അഫ്ഗാൻ ഓൾ റൗണ്ടർ അസ്മത്തുല്ല ഒമർസായി ഒരോവറിൽ 36 റണ്‍സാണു വഴങ്ങിയത്. പുരാന്‍ മൂന്നു വീതം സിക്സുകളും ഫോറുകളും അടിച്ചു. ഒരു നോബോളും അതിലൊരു ബൗണ്ടറിയും വഴങ്ങി. വൈഡുകളെറിഞ്ഞ് ഒമർസായി അഞ്ച് റൺസ് വഴങ്ങി.

പന്തെറിഞ്ഞ വിൻഡീസ് താരങ്ങൾക്കെല്ലാം വിക്കറ്റു ലഭിച്ചതോടെ മറുപടി ബാറ്റിങ്ങിൽ അഫ്ഗാൻ പതറി. 38 റൺസെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. അസ്മത്തുല്ല ഒമർസായി (23), കരിം ജനത് (14), റാഷിദ് ഖാൻ (18) എന്നിവരും രണ്ടക്കം കടന്നു. വിൻഡീസിനായി ഒബെദ് മക്കോയി മൂന്നു വിക്കറ്റും ഗുഡകേഷ് മോത്തി, അകീൽ ഹുസെയ്ൻ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

English Summary:

West Indies beat Afghanistan in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com