ADVERTISEMENT

ട്രിനിഡാഡ് ∙ പതിറ്റാണ്ടുകളായി അലട്ടിയ സെമിഫൈനൽ ശാപം ഒടുവിൽ ദക്ഷിണാഫ്രിക്ക മറികടന്നിരിക്കുന്നു! ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന സെമി പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റ് ജയവുമായി എയ്ഡൻ മാർക്രവും സംഘവും ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തു. ഏകദിന, ട്വന്റി20 ലോകകപ്പുകളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനെ 56 റൺസിൽ പുറത്താക്കിയ ദക്ഷിണാഫ്രിക്ക, 8.5 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: അഫ്ഗാനിസ്ഥാൻ 11.5 ഓവറിൽ 56. ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ 1ന് 60.

അടിതെറ്റി അഫ്ഗാൻ

ഗ്രൂപ്പ് ഘട്ടത്തിലെ ആധികാരിക വിജയങ്ങൾ നൽകിയ പിൻബലവുമായി സെമിഫൈനലിന് ഇറങ്ങിയ അഫ്ഗാനിസ്ഥാനു പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നു പൊരുതിനോക്കാൻ പോലും സാധിച്ചില്ല. ടോസ് നേടി  ബാറ്റിങ്ങിനിറങ്ങിയ അവർക്ക് ആദ്യ ഓവറിൽ തന്നെ റഹ്മാനുല്ല ഗുർബാസിനെ (0) നഷ്ടമായി. പിന്നാലെ ഇബ്രാഹിം സദ്രാനും (5 പന്തിൽ 2) മടങ്ങിയതോടെ അഫ്ഗാൻ അപകടം മണത്തു. അഫ്ഗാൻ നിരയിൽ അസ്മത്തുല്ല ഒമർസായി (12 പന്തിൽ 10) ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. ഒരു ഘട്ടത്തിൽ 6ന് 28 എന്ന നിലയിലേക്കു വീണ അഫ്ഗാനെ 50 കടത്തിയത് 7–ാം വിക്കറ്റിൽ 22 റൺസ് കൂട്ടിച്ചേർത്ത് കരിം ജനത്ത് (8)– റാഷിദ് ഖാൻ (8) സഖ്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ യാൻസനും തബരേസ് ഷംസിയും 3 വിക്കറ്റ് വീതം വീഴ്ത്തി. യാൻസനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ഈസി ആഫ്രിക്ക

57 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ അഫ്ഗാൻ ബോളിങ് നിരയ്ക്കു സാധിച്ചില്ല. ഓപ്പണർ ക്വിന്റൻ ഡികോക്കിനെ (8 പന്തിൽ 5) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 44 പന്തിൽ 55 റൺസ് കൂട്ടിച്ചേർത്ത് റീസ ഹെൻഡ്രിക്സ് (25 പന്തിൽ 29 നോട്ടൗട്ട്)– എയ്ഡൻ മാർക്രം (21 പന്തിൽ 23) സഖ്യം ദക്ഷിണാഫ്രിക്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ലോകകപ്പ് നോക്കൗട്ടുകളിൽ ദക്ഷിണാഫ്രിക്ക

∙ 1992 ഏകദിന ലോകകപ്പ്: സെമിയിൽ ഇംഗ്ലണ്ടിനെതിരെ 19 റൺസ് തോൽവി (മഴ നിയമപ്രകാരം)

∙ 1996 ഏകദിന ലോകകപ്പ്: ക്വാർട്ടറിൽ വെസ്റ്റിൻഡീസിനെതിരെ 19 റൺസ് തോൽവി

∙ 1999 ഏകദിന ലോകകപ്പ്: സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ടൈ ആയി. സൂപ്പർ സിക്സ് വിജയത്തിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിൽ

∙ 2007 ഏകദിന ലോകകപ്പ്: സെമിയിൽ ഓസ്ട്രേലിയയോട് 7 വിക്കറ്റ് തോൽവി.

∙ 2009 ട്വന്റി20 ലോകകപ്പ്: സെമിയിൽ പാക്കിസ്ഥാനെതിരെ 7 റൺസ് തോൽവി

∙ 2011 ഏകദിന ലോകകപ്പ്: ക്വാർട്ടറിൽ ന്യൂസീലൻഡിനെതിരെ 49 റൺസ് തോൽവി

∙ 2013 ചാംപ്യൻസ് ട്രോഫി: സെമിയിൽ ഇംഗ്ലണ്ടിനെതിരെ 7 വിക്കറ്റ് തോൽവി

∙ 2014 ട്വന്റി20 ലോകകപ്പ്: സെമിയിൽ ഇന്ത്യയ്ക്കെതിരെ 6 വിക്കറ്റ് തോൽവി

∙ 2015 ഏകദിന ലോകകപ്പ്: സെമിയിൽ ന്യൂസീലൻഡിനോട് 4 വിക്കറ്റ് തോൽവി (മഴ നിയമപ്രകാരം)

∙ 2022 ട്വന്റി20 ലോകകപ്പ്: സൂപ്പർ 12ൽ നെതർലൻ‍ഡ്സിനെതിരെ 13 റൺസ് തോൽവി

∙ 2023 ഏകദിന ലോകകപ്പ്: സെമിയിൽ ഓസ്ട്രേലിയയോട് 3 വിക്കറ്റ് തോൽവി

67

67 പന്തുകൾ ബാക്കിനിൽക്കെയാണ് അഫ്ഗാനിസ്ഥാനെതിരായ സെമിയി‍ൽ ദക്ഷിണാഫ്രിക്ക ജയമുറപ്പിച്ചത്. അവശേഷിക്കുന്ന പന്തുകളുടെ കണക്കിൽ ട്വന്റി20യിൽ അവരുടെ ഉയർന്ന വിജയമാണിത്.

English Summary:

South Africa Smashes Afghanistan, Reaches Maiden World Cup Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com