ADVERTISEMENT

നവംബർ 19ന്  അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏങ്ങലടിച്ച മൗനം ഇന്നലെ ബാർബഡോസിൽ ആനന്ദാശ്രുവായി പെയ്തിറങ്ങി. നഷ്ടപ്പെട്ടതിനു പകരമാകില്ലെങ്കിലും അർഹിച്ചതും ആഗ്രഹിച്ചതുമായ ലോകകിരീടം ഒടുവിൽ രോഹിത് ശർമയുടെയും സംഘത്തിന്റെയും കൈകളിൽ വന്നുചേർന്നു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 20–ാം ഓവറിലെ അവസാന പന്ത് ആൻറിച് നോർട്യ മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടപ്പോൾ, പന്തിനു പകരം ഓർമകൾക്കു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ ഓടിയത്.

ഐസിസി നോക്കൗട്ടുകളിൽ തുടർച്ചയായി കാലിടറി കണ്ണീർവാർത്തവർക്ക് അതിനേ സാധിക്കുമായിരുന്നുള്ളൂ. ‘അച്ഛൻ മുറിയിലുണ്ട്. അദ്ദേഹം നിരാശനാണ്. പക്ഷേ, ഒരു മാസത്തിനുള്ളിൽ അദ്ദേഹം പഴയപടിയാകും’– ഏകദിന ലോകകപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ, രോഹിത്തിനെക്കുറിച്ചു ചോദിച്ച ഒരു മാധ്യമപ്രവർത്തകനോട് മകൾ 5 വയസ്സുകാരി സമൈറ പറഞ്ഞത് ഇപ്രകാരമായിരുന്നു. ഫൈനൽ തോൽവി രോഹിത്തിനെ എത്രമാത്രം തകർത്തുകളഞ്ഞെന്നു മനസ്സിലാക്കാൻ ഈ വാക്കുകൾ മാത്രം മതി.

ഇതിനു പിന്നാലെ രോഹിത് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് രോഹിത്തിന്റെ നേതൃത്വത്തിലാകും ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ ഇറങ്ങുകയെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. ഈ ടീമിലും ക്യാപ്റ്റൻ രോഹിത് ശർമയിലും പരിശീലകൻ രാഹുൽ ദ്രാവിഡിലും ടീം മാനേജ്മെന്റും ബിസിസിഐയും അർപ്പിച്ച വിശ്വാസമായിരുന്നു അത്. ഇന്നലെ ബാർബഡോസിൽ ട്വന്റി20 ലോകകപ്പ് നെഞ്ചോടുചേർക്കുമ്പോൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തതിന്റെ ചാരിതാർഥ്യം രോഹിത്തിന്റെയും ദ്രാവിഡിന്റെയും മുഖത്തുണ്ടായിരുന്നു.

ഏകദിന ലോകകപ്പിൽ എവിടെയെല്ലാം പിഴച്ചു എന്നതിനെക്കുറിച്ച് കൃത്യമായ ഗൃഹപാഠം നടത്തിയ ശേഷമാണ് ടീം ഇന്ത്യ ട്വന്റി20 ലോകകപ്പിലേക്ക് ചുവടുവച്ചത്. ടീം തിരഞ്ഞെടുപ്പു മുതൽ ആദ്യ ഇലവൻ നിർണയിക്കുന്നതു വരെ ഇതു പ്രകടമായിരുന്നു. ടീമിൽ 4 സ്പിന്നർമാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘അത് രഹസ്യമാണ്, ടൂർണമെന്റ് കഴിയുമ്പോൾ നിങ്ങൾക്കു മനസ്സിലാകും’ എന്നായിരുന്നു ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞത്. ആ ‘രഹസ്യം’ സൂപ്പർ 8 ന്റെ തുടക്കത്തിൽ തന്നെ ആരാധകർക്ക് മനസ്സിലായി.

യുഎസിൽ പേസർമാർക്ക് ആധിപത്യമുള്ള പിച്ചുകളിൽ 3 പേസർമാരെയും ടൂർണമെന്റ് വെസ്റ്റിൻഡീസിലേക്കു മാറിയതോടെ 3 സ്പിന്നർമാരെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. ബോളർമാരുടെ സർവാധിപത്യം കണ്ട ടൂർണമെന്റിൽ ഈ ബോളിങ് പരീക്ഷണം തുടക്കം മുതൽ ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ബാറ്റിങ്ങിൽ ഓരോരുത്തർ‌ക്കും തങ്ങളുടെ റോൾ കൃത്യമായി അറിയാമായിരുന്നു. 

രോഹിത് ശർമയുടെ വിജയാഹ്ലാദം.
രോഹിത് ശർമയുടെ വിജയാഹ്ലാദം.

ഓപ്പണിങ്ങിൽ രോഹിത് നൽകുന്ന തുടക്കവും മധ്യഓവറുകളിൽ സൂര്യകുമാർ യാദവ് നൽകുന്ന സ്ഥിരതയും ഫിനിഷിങ്ങിൽ ഹാർദിക് പാണ്ഡ്യയുടെ ഫൈനൽ ടെച്ചും ടൂർണമെന്റിൽ ഉടനീളം ഇന്ത്യയ്ക്ക് കരുത്തായി. സൂപ്പർ താരം വിരാട് കോലി തീർത്തും നിറംമങ്ങിയിട്ടും ആ കുറവ് ടീമിനെ ബാധിക്കാത്തതിനു കാരണം ഇതാണ്. ഈ ജനറേഷനിലെ ഏറ്റവും മികച്ച ബോളർമാർ താനാണ് ജസ്പ്രീത് ബുമ്ര ഒരിക്കൽ കൂടി തെളിയിച്ചു.

2011 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബോളർ സഹീർ ഖാൻ ആയിരുന്നെങ്കിൽ ഈ ലോകകപ്പിൽ ആ റോൾ ഭംഗിയാക്കിയത് ബുമ്രയായിരുന്നു. മത്സരത്തിന്റെ ഗതി തിരിക്കുന്ന സ്പെല്ലുകളുമായി ബുമ്ര തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞുനിന്നു. കുൽദീപ് യാദവിന്റെ സ്പിൻ മാജിക്കിനും ഒരു പെർഫക്ട് ഓൾറൗണ്ടറിലേക്കുള്ള അക്ഷർ പട്ടേലിന്റെ വളർച്ചയ്ക്കും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. 

English Summary:

Fans can forget the defeat of Indian Cricket team in ODI final seven months ago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com