ADVERTISEMENT

7 മാസം മുൻപ് കരഞ്ഞുകലങ്ങിയ കണ്ണുകളും ഇടറിയ വാക്കുകളുമായാണ് രോഹിത് ശർമ ഏകദിന ലോകകപ്പിന്റെ ഫൈനൽ വേദിയിൽനിന്നു മടങ്ങിയത്. 36–ാം വയസ്സിൽ കയ്യിൽ നിന്നു വഴുതിപ്പോയ ആ ലോകകപ്പ് കിരീടം രോഹിത്തിന്റെ കരിയറിനും അപൂർണ വിരാമമിടുമെന്നു കരുതിയവരും ഏറെയായിരുന്നു. എന്നാൽ കുത്തിയുയർന്നെത്തുന്ന പന്തുകളെ പുൾഷോട്ടിലൂടെ ഗാലറിയിലെത്തിക്കുന്ന ലാഘവത്തോടെ രോഹിത് മുൻവിധികളെ തകർത്തെറിഞ്ഞു.

പ്രായത്തിന്റെ വെല്ലുവിളികളെ പ്രതിഭാത്തിളക്കത്തിൽ മറികടന്ന് ഇന്ത്യയുടെ അമരത്ത് നിലയുറപ്പിച്ചു. ബാർബഡോസിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം കിരീടമുറപ്പിച്ചശേഷം ഗ്രൗണ്ടിൽ മുഖമമർത്തി കരയുന്ന രോഹിത്തിന്റെ ചിത്രം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാകുകയാണ്. 2007ൽ കന്നി ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ പ്രായംകുറഞ്ഞ​ അംഗം, ക്യാപ്റ്റനായി ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20 ലോകകപ്പ് സമ്മാനിച്ചത് കാലത്തിന്റെ നിയോഗമാകാം.

ഉജ്വല വിജയങ്ങളിലൂടെ 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽവരെ ഇന്ത്യയെ നയിച്ചെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റൻസി മികവ് ഏറെ ആഘോഷിക്കപ്പെട്ടില്ല. അതിനു കാരണം കപ്പിനരികെയുള്ള ഇന്ത്യയുടെ വലിയ വീഴ്ചയായിരുന്നു. ഐസിസി കിരീടത്തിനായുള്ള രാജ്യത്തിന്റെ 11 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരുടെ പട്ടികയിലേക്കാണ് രോഹിത് നടന്നുകയറുന്നത്.

CRICKET-WC-2024-T20-IND-RSA
ട്വന്റി20 ലോകകപ്പ് ട്രോഫി വാങ്ങുന്ന രോഹിത് ശർമ. Photo: ChandanKhanna/AFP

2023 ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ അടക്കം 3 ഐസിസി ഫൈനലുകളും ഒരു കിരീടവുമാണ് ഹിറ്റ്മാന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഇതുവരെ കൈവരിച്ച വലിയ നേട്ടങ്ങൾ. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച വിജയശതമാനമുള്ള ക്യാപ്റ്റനെന്ന നേട്ടം ഈ ലോകകപ്പിനിടെ രോഹിത്തിനു സ്വന്തമായിരുന്നു.

ഇത്തവണ ടീം തിരഞ്ഞെടുപ്പ് മുതൽ ജസ്പ്രീത് ബുമ്രയെ ഇന്നലെ 18–ാം ഓവറിൽ പന്തേൽപ്പിച്ചതുവരെ  ലോകകപ്പിൽ ഇന്ത്യയുടെ വിജയങ്ങളിൽ ‘രോഹിത് ബ്രില്യൻസ്’ പ്രകടമായിരുന്നു. ഐപിഎലിന്റെ തിരക്കിനിടയിൽ ചീഫ് സിലക്ടർ അജിത് അഗാർക്കറുമായി 2 തവണ ചർച്ച നടത്തിയതു മുതൽ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ക്യാപ്റ്റൻ ആരംഭിച്ചതാണ്.

30 വയസ്സു തികഞ്ഞ 10 പേരുൾപ്പെട്ട ഇന്ത്യൻ ലോകകപ്പ് സംഘത്തെ വയസ്സൻമാരുടെ പടയെന്നു കളിയാക്കിയവർക്ക് രോഹിത് മറുപടി നൽകിയത് മത്സര വേദിയിൽനിന്നാണ്. ഇന്ത്യ 2 സ്പെഷലിസ്റ്റ് സ്പിന്നർമാരെ പുറത്തിരുത്തി അക്ഷർ പട്ടേലിനു അവസരം നൽകിയ തീരുമാനം ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകി.

വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം. Photo: X@Johns
വിരാട് കോലിയും രോഹിത് ശർമയും ഇന്ത്യൻ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം. Photo: X@Johns
ലോകകപ്പ് വിജയത്തിനു പിന്നാലെ ഗ്രൗണ്ടിൽ അഹ്ലാദത്തോടെ കിടക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. (Photo by CHANDAN KHANNA / AFP)
ലോകകപ്പ് വിജയത്തിനു പിന്നാലെ ഗ്രൗണ്ടിൽ അഹ്ലാദത്തോടെ കിടക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. (Photo by CHANDAN KHANNA / AFP)
വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20 ലോകകപ്പ് കിരീടവുമായി. ചിത്രം: X/BCCI
വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20 ലോകകപ്പ് കിരീടവുമായി. ചിത്രം: X/BCCI
രോഹിത് ശർമയുടെ വിജയാഹ്ലാദം.
രോഹിത് ശർമയുടെ വിജയാഹ്ലാദം.
ദക്ഷിണാഫ്രിക്കയെ തോൽപിച്ച ശേഷം ഗ്രൗണ്ടിലിരുന്ന് കരയുന്ന രോഹിത് ശർമ.  Photo: X@BCCI
ദക്ഷിണാഫ്രിക്കയെ തോൽപിച്ച ശേഷം ഗ്രൗണ്ടിലിരുന്ന് കരയുന്ന രോഹിത് ശർമ. Photo: X@BCCI
English Summary:

How Rohit Sharma lead India to victory? plan and action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com