ADVERTISEMENT

ഇസ്‍ലാബാമാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദ് രംഗത്ത്. തീർത്തും പക്ഷപാതപരമായ സമീപനമാണ് പിസിബിയുടേതെന്ന് ആരോപിച്ച്, ഡൊമെസ്റ്റിക് ക്രിക്കറ്റ് ചാംപ്യൻസ് കപ്പിൽനിന്ന് താരം പിൻമാറുകയാണെന്നും പ്രഖ്യാപിച്ചു. ഒരു കാലത്ത് ഇന്ത്യൻ സൂപ്പർതാരം വിരാട് കോലിയുമായിപ്പോലും താരതമ്യം ചെയ്യപ്പെട്ട താരമാണ് മുപ്പത്തിരണ്ടുകാരനായ അഹമ്മദ് ഷെഹ്സാദ്. പാക്കിസ്ഥാനായി ഇതുവരെ 13 ടെസ്റ്റുകളും 81 ഏകദിനങ്ങളും 59 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഷെഹ്സാദ്, 2019നു ശേഷം പാക്ക് ജഴ്സി അണിഞ്ഞിട്ടില്ല.

‘‘ഹൃദയം നിറഞ്ഞ വേദനയോടെ ഡൊമെസ്റ്റിക് ക്രിക്കറ്റ് ചാംപ്യൻസ് കപ്പിൽനിന്ന് ഞാൻ പിൻമാറുന്നു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പക്ഷപാതപരമായ സമീപനവും വ്യാജ വാഗ്ദാനങ്ങളും ആഭ്യന്തര ക്രിക്കറ്റ് താരങ്ങളോടു കാട്ടുന്ന അനീതിയും അംഗീകരിക്കാനാകില്ല. രാജ്യം വിലക്കയറ്റവും പട്ടിണിയും കനത്ത വൈദ്യുത ബില്ലുകളും നിമിത്തം വലയുന്ന ഘട്ടത്തിൽ, പ്രത്യേകിച്ച് ഒരു ജോലിയുമില്ലാത്ത മെന്റർമാർക്കായി പാക്ക് ക്രിക്കറ്റ് ബോർഡ് 50 ലക്ഷം രൂപയും പാക്കിസ്ഥാൻ ക്രിക്കറ്റിനെ എക്കാലത്തെയും മോശം അവസ്ഥയിലെത്തിച്ച ഇപ്പോഴത്തെ ടീമിലെ പരാജയപ്പെട്ട താരങ്ങൾക്കായി വൻ തുകയും പാഴാക്കുന്നു.

‘‘ഇതിനു പുറമേയാണ് ആഭ്യന്തര ക്രിക്കറ്റ് താരങ്ങളെ പരിഹസിക്കുന്ന നിലപാടുകൾ. യാതൊരുവിധ മൂല്യവും ശേഷിക്കാത്ത ഈ സംവിധാനത്തെ പിന്തുണയ്ക്കാൻ ഒരു പാക്കിസ്ഥാൻ പൗരൻ എന്ന നിലയിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിലും എനിക്കാകില്ല. ഈ സംവിധാനത്തിന്റെ ഭാഗമാകാൻ ഞാൻ തയാറല്ല.’ – ഷെഹ്സാദ് എക്സിൽ കുറിച്ചു.

English Summary:

Ahmed Shehzad criticizes PCB and announces his withdrawal from the Domestic Cricket Champions Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com