ADVERTISEMENT

തിരുവനന്തപുരം ∙ 2008ൽ പ്രഥമ ഐപിഎലിലെ ഉദ്ഘാടന മത്സരം തന്നെ വെടിക്കെട്ടുത്സവമാക്കി മാറ്റിയ ബ്രണ്ടൻ മക്കല്ലത്തിന്റെ കേരള പതിപ്പായിരുന്നു ഇന്നലെ മുഹമ്മദ് അസ്ഹറുദീൻ. ‘കേരള അസ്ഹർ’ തീർത്ത ബാറ്റിങ് വെടിക്കെട്ടോടെ ‘കേരള ഐപിഎൽ’ ആയ കെസിഎല്ലിന് ആവേശ കൊടിയേറ്റം. 47 പന്തിൽ 9 സിക്സറുകളും 3 ഫോറുകളുമായി ക്യാപ്റ്റൻ  അസ്ഹറുദീൻ അടിച്ചുകൂട്ടിയ 92 റൺസിന്റെ കരുത്തിൽ ഉദ്ഘാടന മത്സരത്തിൽ ആലപ്പി റിപ്പിൾസ്, തൃശൂർ ടൈറ്റൻസിനെ അനായാസം കീഴടക്കി. 9 പന്ത് ശേഷിക്കെ 5 വിക്കറ്റ് ജയം. സ്കോർ: തൃശൂർ ടൈറ്റൻസ്: 20 ഓവറിൽ 8–161. ആലപ്പി റിപ്പിൾസ് 18.3 ഓവറിൽ 5–163. 

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത റിപ്പിൾസിന്റെ കണക്കുകൂട്ടൽ ശരിവച്ച് ആദ്യ പന്തിൽ തന്നെ ഓപ്പണർ അഭിഷേക് പ്രതാപിന്റെ വിക്കറ്റ് ഫായിസ് ഫനൂസ് സ്വന്തമാക്കി. ക്യാപ്റ്റൻ വരുൺ നായനാരും  മടങ്ങിയതോടെ രണ്ടിന് 6 എന്ന നിലയിലായി ടൈറ്റൻസ്. അക്ഷയ് മനോഹറാണ് (57) ടീമിനെ കരകയറ്റിയത്. 3 വിക്കറ്റ് കൊയ്ത ആനന്ദ് ജോസഫും രണ്ടു വിക്കറ്റു നേടിയ ഫനൂസുമാണ് റിപ്പിൾസിന്റെ മികച്ച വിക്കറ്റ് വേട്ടക്കാർ.

സ്പിൻ ആക്രമണവുമായി പ്രതിരോധം തുടങ്ങിയ ടൈറ്റൻസിന് ആവേശമായി ആദ്യ ഓവറിലെ അവസാന പന്തിൽ തന്നെ പി.കെ.മിഥുൻ കൃഷ്ണപ്രസാദിന്റെ സ്റ്റംപ് ഇളക്കി. പക്ഷേ തുടക്കത്തിൽ ഒരു ക്യാച്ച് അവസരത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട അസ്ഹറുദീൻ ആക്രമണം തുടങ്ങിയതോടെ അവരുടെ പിടി അയഞ്ഞു. എം.വിനൂപ് (30), ടി.കെ.അക്ഷയ് (18) എന്നിവരുമായി ചേർന്ന് സമ്മർദമേതുമില്ലാതെ ടീമിനെ വിജയ തീരത്ത് എത്തിച്ച ശേഷമാണ് സെ‍ഞ്ചറിക്കരികെ അസ്ഹറുദീൻ മടങ്ങിയത്. 

സെഞ്ചറി നഷ്ടമായതിൽ വിഷമം ഉണ്ടെങ്കിലും ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ ടീം ജയിച്ചുവെന്നത് അതിനെല്ലാം അപ്പുറമുള്ള സന്തോഷമാണ്. 180 റൺസ് വരെ അനായാസം സ്കോർ ചെയ്യാൻ കഴിയുന്ന നല്ല വിക്കറ്റായിരുന്നു. അവിടെ ടൈറ്റൻസിനെ 161 റൺസിൽ ഒതുക്കാൻ സഹായിച്ചത് ആനന്ദ് ജോസഫിന്റെ മികച്ച സ്പെൽ കൊണ്ടാണ്’ 

മുഹമ്മദ് അസ്ഹറുദീൻ (പ്ലെയർ ഓഫ് ദ് മാച്ച്)

English Summary:

Alleppey Ripples won by 5 wickets in the the Kerala Cricket League first match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com