ADVERTISEMENT

റാവൽപിണ്ടി∙ പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ബംഗ്ലദേശ് ക്രിക്കറ്റ് ടീം. രണ്ടാം ടെസ്റ്റിൽ ആറു വിക്കറ്റ് വിജയമാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ ഉയർത്തിയ 185 റൺസ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 56 ഓവറിലാണ് ബംഗ്ലദേശ് എത്തിയത്. രണ്ടാം വിജയത്തോടെ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ വിജയലക്ഷ്യത്തിലേക്ക് ചെറിയ ദൂരം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും പാക്കിസ്ഥാനെതിരെ വിക്കറ്റ് വലിച്ചെറിയാതെയായിരുന്നു ബംഗ്ലദേശിന്റെ ബാറ്റിങ്. മുൻനിര ബാറ്റർമാരായ സാകിർ ഹസന്‍ (39 പന്തിൽ 40), സദ്മൻ ഇസ്‍ലാം (51 പന്തിൽ 24), നജ്മുൽ ഹുസെയ്ൻ ഷന്റോ (82 പന്തിൽ 38), മൊമിനുൽ ഹഖ് (71 പന്തിൽ 34) എന്നിവർ തിളങ്ങി. മുഷ്ഫിഖർ റഹീമും (51 പന്തിൽ 22), ഷാക്കിബ് അൽ ഹസനും (43 പന്തിൽ 21) പുറത്താകാതെനിന്നു.

CRICKET-PAK-BAN-TEST
ബംഗ്ലദേശ് ബാറ്റർമാരായ മൊമീനുൽ ഹഖും മുഷ്ഫിഖുർ റഹീമും ബാറ്റിങ്ങിനിടെ. Photo: AAMIR QURESHI/AFP

മത്സരത്തിന്റെ അഞ്ചാം ദിനം വിക്കറ്റ് പോകാതെ 42 റണ്‍സെന്ന നിലയിലാണ് ബംഗ്ലദേശ് ബാറ്റിങ് തുടങ്ങിയത്. അവസാനദിനം ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 143 റൺസായിരുന്നു. പാക്ക് ബോളര്‍മാർ നാലു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ബംഗ്ലദേശിന്റെ വിജയം തടയാൻ അതുമതിയായിരുന്നില്ല. നേരത്തേ യുവപേസർമാരായ ഹസൻ മഹ്മൂദ് (5–43) നഹീദ് റാണ (4–44) എന്നിവരുടെ മികവിൽ ബംഗ്ലദേശ് ആതിഥേയരെ രണ്ടാം ഇന്നിങ്സിൽ 172 റൺസിനു പുറത്താക്കിയിരുന്നു.

ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ 274 റൺസും ബംഗ്ലദേശ് 262 റൺസും എടുത്തു പുറത്തായി. ആദ്യ ടെസ്റ്റ് ബംഗ്ലദേശ് 10 വിക്കറ്റിനാണു വിജയിച്ചത്. പാക്കിസ്ഥാനെതിരെ ബംഗ്ലദേശിന്റെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്. രണ്ടാം ടെസ്റ്റിൽ പേസർ ഷഹീൻ അഫ്രീദിയെ പുറത്തിരുത്തി പാക്കിസ്ഥാൻ ടീമിൽ മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും അതും ഫലം കണ്ടില്ല.

English Summary:

Bangladesh vs Pakistan second test updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com