ADVERTISEMENT

ഗ്രേറ്റർ നോയിഡ ∙ ഒരു തുള്ളി മഴപോലുമില്ലാതെ മാനം തെളിഞ്ഞുനിന്നിട്ടും തുടർച്ചയായ രണ്ടാം ദിവസവും ഗ്രേറ്റർ നോയി‍ഡ സ്റ്റേഡിയത്തിലെ ടെസ്റ്റ് മത്സരം ‘കുളമായി’. അഫ്ഗാനിസ്ഥാനും ന്യൂസീലൻഡും തമ്മിലുള്ള ഏക ക്രിക്കറ്റ് ടെസ്റ്റാണ് ഗ്രൗണ്ടിലെ ഈർപ്പം മാറാത്തതിനെത്തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ഉപേക്ഷിക്കേണ്ടിവന്നത്. മത്സരത്തിന്റെ ടോസ് പോലും ഇതുവരെ നടന്നിട്ടില്ല. തലേന്നു രാത്രി പെയ്ത മഴയെത്തുടർന്ന് ഗ്രൗണ്ടിലുണ്ടായ വെള്ളക്കെട്ട് പൂർണമായും നീക്കാ‍ൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. വർഷങ്ങളായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഗ്രേറ്റർ നോയിഡ സ്റ്റേഡിയത്തിൽ 4 വർഷത്തിനുശേഷമാണ് ഒരു രാജ്യാന്തര മത്സരം നടക്കുന്നത്.

‍പകൽ മഴയൊഴിഞ്ഞിട്ടും സ്റ്റേഡിയം മത്സരയോഗ്യമാക്കാൻ കഴിയാതെ വന്നതോടെ അസൗകര്യങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നു. ഡ്രെയിനേജ് സംവിധാനത്തിന്റെ പോരായ്മയാണ്, തലേന്നു പെയ്ത മഴയിലെ വെള്ളം ഒഴുകിപ്പോകാതെ ഗ്രൗണ്ടി‍ൽ കെട്ടിക്കിടക്കാൻ കാരണം. ഗ്രൗണ്ടിലെ ഈർപ്പം മാറ്റാൻ ആധുനിക സംവിധാനങ്ങളും ഇവിടെയില്ല. പകരം ഫാനും കൃത്രിമ പുല്ലും ഉപയോഗിച്ച് ഈർപ്പം നീക്കാൻ ശ്രമിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിച്ച് മൂടാൻ ഉപയോഗിച്ച, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റിനുണ്ടായ ചോർച്ച മഴവെള്ളം പിച്ചിലേക്ക് ഇറങ്ങുന്നതിനും കാരണമായി.

ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള  ഈ സ്റ്റേഡിയത്തിൽ ബിസിസിഐ മത്സരങ്ങൾ നടത്താറില്ല. എന്നാൽ നാട്ടിലെ സ്റ്റേ‍ഡിയങ്ങളുടെ പരിമിതി മൂലം 2014 മുതൽ അഫ്ഗാനിസ്ഥാൻ കളിക്കുന്നുണ്ട്. ഇവിടെ രാജ്യാന്തര മത്സരങ്ങൾക്ക് ഐസിസി ഇനിവിലക്കേർപ്പെടുത്താനാണ് സാധ്യത. മാച്ച് റഫറി ജവഗൽ ശ്രീനാഥിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

English Summary:

The second day of the one-off Test between Afghanistan and New Zealand was abandoned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com