ADVERTISEMENT

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് മനോരമ ഓൺലൈനുമായുള്ള ദീർഘ സംഭാഷണത്തിൽ... കുട്ടിക്കാലവും യൗവനത്തിലെ അനുഭവങ്ങളും പങ്കുവച്ചശേഷം വുക്കൊമനോവിച്ച് പരിശീലകൻ എന്ന റോളിനെക്കുറിച്ചും കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതിനെക്കുറിച്ചും വിവരിക്കുന്നു. വുക്കമനോവിച്ചുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം വായിക്കാം. ഇവാൻ വുക്കൊമനോവിച്ച് സംസാരിക്കുന്നു:

∙ എങ്ങനെ പരിശീലകനായി?

കളിക്കളത്തിൽ സമ്മർദം ഇല്ല. ഫുട്ബോളിൽ സമ്മർദം ഇല്ല. ഉണ്ടാവാൻ പാടില്ല. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ജോലി ചെയ്യുമ്പോൾ മാത്രമാണു സമ്മർദം അനുഭവപ്പെടേണ്ടത്. രാവിലെ എഴുന്നേൽക്കുന്നു, ദിനചര്യകൾ നിർവഹിക്കുന്നു. ജോലിക്കു പോകുന്നു. വരുന്നു. ജീവിതം അങ്ങനെ മുന്നോട്ടുപോകുമ്പോൾ, മാസശമ്പളം കിട്ടുന്നു. കിട്ടുമ്പോൾ സന്തോഷം. 20–ാം തീയതി കയ്യിൽ പണമില്ലാതാകുമ്പോൾ സമ്മർദം ഉണ്ടാകുന്നു എന്നു പറഞ്ഞാൽ ശരിയാണ്. പക്ഷേ കളി ആസ്വദിക്കുകയും അതുതന്നെ ജീവിതമായി കരുതുകയും ചെയ്യുന്നൊരു ഫുട്ബോളർക്ക് എങ്ങനെ സമ്മർദം ഉണ്ടാകാനാണ്? ഞാൻ കളിക്കാരൻ ആയിരുന്നപ്പോൾ ദിവസവും രാവിലെ ദൈവത്തോടു നന്ദി പറഞ്ഞാണു തുടങ്ങുന്നത്. പന്തുകളിക്കാൻ അവസരമുള്ള ജീവിതം നൽകിയതിനാണു നന്ദി പറയുന്നത്.

വിജയകരമായി കളിജീവിതം തുടരുന്ന ഏതൊരു യുവാവിനും ആ ചര്യകൾ 17, അല്ലെങ്കിൽ 18 വർഷം തുടരും. അതിനിടെ നിങ്ങൾ വിവാഹിതനാകും. കുട്ടികളുണ്ടാകും. കുടുംബത്തിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സമ്മർദമുണ്ടാകും. നിങ്ങൾക്കു സാമൂഹിക ജീവിതവുമായി പൊരുത്തപ്പെടേണ്ടിവരും. സാമൂഹിക ജീവിതത്തിലും കുടുംബ ജീവിതത്തിലും നിങ്ങളുടെ സാന്നിധ്യം അളന്ന് അറിയിക്കേണ്ടിവരും. നിങ്ങൾ കരിയർ പടുത്തുയർത്തുകയാണ്. 34 അല്ലെങ്കിൽ 35 അല്ലെങ്കിൽ 37 വയസ്സാകുമ്പോൾ നിങ്ങൾക്കു വിരമിക്കേണ്ടിവരും. ഫുട്ബോളിനു പുറത്തു നിങ്ങൾക്ക് എന്താണുള്ളത്?  പൊടുന്നനെ ഒരു ശൂന്യത വരാൻ സാധ്യതയുണ്ട്.

ivan-vukomanovic-2
ഇവാൻ വുക്കൊമനോവിച്ച് (ട്വിറ്റർ ചിത്രം)

അത്തരമൊരു ഘട്ടത്തിൽ കളിക്കാർ പതറിപ്പോകാറുണ്ട്. 17–18 വയസ്സിനും 34–35 വയസ്സിനുമിടയിൽ ഫുട്ബോൾ കളിക്കാർ ജീവിതം ആസ്വദിക്കുന്നു. 35നുശേഷം  കാലിൽ അണിയുന്ന സോക്സ് ഊരിക്കളയുന്നതുപോലെ ഫുട്ബോൾ എന്ന ജീവിതം ഊരിമാറ്റേണ്ടിവരുന്നു. എന്തു ചെയ്യും? കടുപ്പമായ ചോദ്യം. കോച്ച് ആവുകയെന്നു പറഞ്ഞാൽ എളുപ്പമല്ല. കാരണം, ജീവിതം പിന്നെയും കടുപ്പമായി മാറുകയാണ്.

എന്റെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്നു പറയാം. ബൽജിയത്തിലെ ക്ലബിൽ കളിക്കുമ്പോൾ ‘വിരമിക്കൽ’ എന്ന ചിന്ത മനസ്സിൽ കയറിക്കൂടി. അടുത്ത സീസണിൽ നോട്ടം ചൈനയിലേക്ക് ആയിരുന്നു. ബൽജിയത്തിലെ കോച്ച് പരിശീലകനാവാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചെങ്കിലും ‘ഇല്ല’ എന്നായിരുന്നു എന്റെ ഉത്തരം. പക്ഷേ പെട്ടെന്ന് എനിക്കു കളിക്കളത്തിലെ ഉൽസാഹം നഷ്ടപ്പെട്ടു. ആവേശം നഷ്ടപ്പെട്ടാൽപ്പിന്നെ കളത്തിൽ തുടരുന്നതിൽ അർഥമില്ല. പക്ഷേ ഫുട്ബോളിനോടുള്ള ആവേശം നഷ്ടപ്പെട്ടു എന്നു കരുതരുത്.

ivan-vukomanovic
ഇവാൻ വുക്കൊമനോവിച്ച് (ട്വിറ്റർ ചിത്രം)

കളിക്കാരൻ എന്ന നിലയ്ക്ക് ടീമംഗങ്ങളെ ഉത്തേജിപ്പിക്കാനും ഡ്രസിങ് റൂമിൽ സജീവ സാന്നിധ്യമാകാനും പറ്റില്ലെന്നു തോന്നിയ നിമിഷം ബൂട്ടഴിക്കാൻ തീരുമാനിക്കുകയായിരുന്നു. 34 വയസ് അത്രയ്ക്കൊരു പ്രായമൊന്നുമല്ല എന്നു പറഞ്ഞവരുണ്ട്. പക്ഷേ എന്റെ മനസ്സു പറഞ്ഞു: മതിയാക്കാം. പക്ഷേ പന്തുകളിയുടെ ലോകം വിട്ടുപോകാൻ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ഞാനൊരു പരിശീലകനായി. പരിശീലകൻ ആയില്ലായിരുന്നെങ്കിൽ ഞാനൊരു ഫുട്ബോൾ മാർക്കറ്റിങ് പ്രഫഷനൽ ആയേനെ. 

∙ എന്തുകൊണ്ടു കേരള ബ്ലാസ്റ്റേഴ്സ്?

എന്റെ ജീവിതത്തിൽ എന്നുമൊരു ‘ഗട്ട് ഫീലിങ്’ എന്ന ഘടകത്തിനു സ്ഥാനമുണ്ടായിരുന്നു. ചില കാര്യങ്ങൾ, എങ്ങനെ ചെയ്യണമെന്നും എപ്പോൾ ചെയ്യണമെന്നും എന്റെ മനസ്സു പറയും. ഒട്ടും സമയമെടുക്കാതെതന്നെ വരുന്നൊരു സന്ദേശം. അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ തീരുമാനമെടുക്കും. ഒരു പെൺകുട്ടിയെ കാണുന്ന മാത്രയിൽ, അവളാണോ എന്റെ കാമുകി എന്ന ചോദ്യവും അതിനുള്ള ഉത്തരവും വരാറില്ലേ? അതുപോലെയാണ്. ആദ്യമായി ഞാൻ ഈ ക്ലബിന്റെ ഒരു ഒഫിഷ്യലുമായി സംസാരിച്ചപ്പോൾത്തന്നെ എന്റെ മനസ്സ് ‘ഓക്കെ’ പറഞ്ഞിരുന്നു. അതേസമയം മറ്റു ചില ക്ലബുകളുമായും ചർച്ചകളിൽ ആയിരുന്നു ഞാൻ. പക്ഷേ ബ്ലാസ്റ്റേഴ്സുമായി സംസാരിച്ച നിമിഷം ‘ഗട്ട് ഫീലിങ്’ സന്ദേശം തന്നു.

പിന്നീടാണ് ആരാധകരുടെ വലിയ പിന്തുണ, ഈ ക്ലബിന് കേരളത്തിലും ഇന്ത്യൻ ഫുട്ബോളിലുമുള്ള സ്ഥാനം തുടങ്ങിയവയെക്കുറിച്ച് ഞാൻ അന്വേഷിച്ചതും അറിഞ്ഞതും. പക്ഷേ അതിനു മുൻപുതന്നെ ഞാൻ സ്വയം ‘ഓക്കെ’ പറഞ്ഞിരുന്നു. അതു പിന്നീടു പുറത്തുപറയുകയായിരുന്നു. എന്നെ രക്ഷകനായി ആരാധകർ കാണുന്നു എന്നു പറയുമ്പോൾ എനിക്കു പറയാനുള്ളത് ഇതാണ്:  പ്രോഡക്ടിനേക്കാൾ പ്രധാനം പ്രോസസ് തന്നെ. ട്രോഫികൾ പ്രോസസിനേക്കാൾ പ്രധാനമല്ല.  ഒരു ടീമിനെ പടുത്തുയർത്തുക എന്നതാണു പ്രോസസ് എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത്. ഇന്നു നമ്മൾ തീരുമാനിക്കുന്നു, വിജയിക്കുന്നൊരു ടീമിനെ നാളെ തിരഞ്ഞെടുക്കാം, വളർത്തിയെടുക്കാം. തെറ്റിപ്പോയി. നിങ്ങൾക്ക് ഒരു ദിവസംകൊണ്ട് വിജയിക്കുന്ന ടീമിനെ പടുത്തുയർത്താൻ കഴിയില്ല.

ivan-vukomanovic-1
ഇവാൻ വുക്കൊമനോവിച്ച് (ട്വിറ്റർ ചിത്രം)

ഒരു ഒളിംപിക് ജേതാവിന്റെ തയാറെടുപ്പ് എന്നാൽ ഏറ്റവും കുറഞ്ഞതു 4 വർഷത്തെ അധ്വാനമാണ്. അതില്ലാതെ ആ ജേതാവ് ഇല്ല. ടിവിയിലോ സ്റ്റേഡിയത്തിലോ ഇരുന്നു കളികാണുന്ന ആരാധകർ കാണുന്നതു പ്രോഡക്ട് മാത്രമാണ്. അത് എങ്ങനെ പ്രോസസ് ചെയ്തെടുത്തു എന്ന് ആരാധകർ അറിയുന്നില്ല. അതിന്റെ പിന്നിലുള്ള അധ്വാനം, ആസൂത്രണം ഒന്നും അവർക്ക് എളുപ്പത്തിൽ പിടികിട്ടണമെന്നില്ല. കഴിഞ്ഞ ചാംപ്യൻസ് ലീഗ് ഫൈനലിലെ ചെൽസിയുടെ വിജയം നോക്കുക. എത്രയോ വർഷം അവർ അധ്വാനിച്ചു. ടീമിനെ പടുത്തുയർത്താൻ എല്ലാ വർഷവും നല്ലപോലെ പണം കളത്തിലിറക്കുന്ന ക്ലബാണത്. പക്ഷേ വിജയം കൈവരിക്കാൻ അവർക്ക് ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു.

∙ ഏതു തരം കോച്ച് ?

കളിക്കളത്തിൽ പന്തുകാലിലെടുത്തു നിൽക്കുന്ന ഒരു കളിക്കാരനോട് എങ്ങനെ പന്തു തട്ടണമെന്നു ഞാൻ പറയില്ല. അതെന്റെ രീതിയല്ല. അത് അവൻ സ്വയം തീരുമാനിക്കേണ്ടതാണ്. ആ നിമിഷം അവന്റേതാണ്. ഏതു ദിശയിൽ പന്തു തട്ടണം, ആർക്കു കൊടുക്കണം, എങ്ങനെ നീക്കം സൃഷ്ടിക്കണം എന്നതൊക്കെ അവൻ സ്വയം തീരുമാനിക്കണം, ചെയ്യണം. കോച്ചിന് കളത്തിലിറങ്ങി കളിക്കാനാവില്ല. കോച്ച് ചെയ്യുന്നത്, ചെയ്യേണ്ടത്, മത്സരത്തിനു മുൻപുതന്നെ അവനു പരിശീലനം നൽകുക എന്നതാണ്. പന്തു കിട്ടിയാൽ ചെയ്യേണ്ട ഓപ്ഷനുകൾ അവനെ പഠിപ്പിക്കും. അതിൽനിന്നു മികച്ചത് അവനു തിരഞ്ഞെടുക്കാം, ചെയ്യാം.

കോച്ച് പഠിപ്പിച്ചതിനേക്കാൾ മികച്ച നീക്കങ്ങൾ അവനു സൃഷ്ടിക്കാം. അതു ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത് അവന്റെ പ്രതിഭയാണ്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതും വെല്ലുവിളികളെ അതിജീവിക്കേണ്ടതും കളിക്കാർ തന്നെയാണ്. മാനസികമായ അസ്ഥിരതയെയാണ് കളിക്കാർ ഇല്ലാതാക്കേണ്ടത്. അതിനു സഹായിക്കാൻ എനിക്കു കഴിയും.

ivan-vukomanovic-5
ഇവാൻ വുക്കൊമനോവിച്ച് (ട്വിറ്റർ ചിത്രം)

യുവതാരങ്ങളെ സഹായിക്കുക എന്നതാണ് ഏറെ പ്രധാനം. അവരെ മോട്ടിവേറ്റ് ചെയ്യിക്കാൻ എനിക്കറിയാം. ഞാൻ മോട്ടിവേറ്റർ എന്ന നിലയ്ക്കു ക്ലാസ്സുകൾ എടുക്കാറുണ്ട്. സ്വന്തം അനുഭവം, എന്റെ തലമുറയിൽപ്പെട്ട മറ്റുള്ളവരുടെ അനുഭവം, മുൻതലമുറയുടെ അനുഭവം, ഇപ്പോൾ കാണുന്ന തലമുറയുടെ അനുഭവം തുടങ്ങിയ വിലയിരുത്തി അതു പങ്കുവയ്ക്കുക എന്നതു പ്രധാനമാണ്. ജീവിതം എന്നും പഠനമാണ്. അനുഭവങ്ങളിൽനിന്നു പഠിക്കണം. പുതിയ കാർ കയ്യിൽ വരുമ്പോൾ അതിൽ പഠിക്കാൻ ഒത്തിരിയുണ്ടാകും. പഠിച്ചേ തീരൂ. ഓരോ ദിവസവും ഓരോരുത്തരും എന്തെങ്കിലും പുതിയതു പഠിക്കും.

‘സ്മാർട്’ ആയ ആളുകൾ സ്വന്തം അനുഭവങ്ങളിൽനിന്നു വളരെ വേഗം പഠിക്കും. മണ്ടൻമാർ ‘എനിക്കൊന്നും പഠിക്കാനില്ല, എല്ലാം എനിക്കറിയാം’ എന്ന മനോഭാവത്തിൽ ആയിരിക്കും. പരിശീലനവേളകളിൽ സ്മാർട് പയ്യൻമാരെയും മണ്ടൻമാരെയും നമുക്ക് കാണാൻ സാധിക്കും.

∙ എന്താണു ലക്ഷ്യം?

ഈ വർഷത്തെ ലക്ഷ്യത്തെക്കുറിച്ചു പറയാം. ഞങ്ങളുടെ ലക്ഷ്യം ടീമിനു ശക്തമായ അടിത്തറയുണ്ടാക്കുക എന്നതാണ്. ജയം കൊതിക്കുന്ന, അതിനായി പൊരുതുന്ന മനോഭാവമുള്ള ചെറുപ്പക്കാരാണ് ആ അടിത്തറ. അവരുടെ കരുത്തിന്റെ അടിത്തറയുള്ള ടീമാണു നമുക്കുവേണ്ടത്. അതിനു സമയമെടുക്കും. മാസങ്ങളെടുക്കും. വസ്തുതകൾ മറക്കരുത്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയുടെ താഴേത്തട്ടിൽനിന്നു രണ്ടാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. അതൊരു വസ്തുതയാണ്. ഫുട്ബോളിന്റെ സ്വാഭാവികമായ പരിതസ്ഥിതിയിൽ ഏറ്റവും അടിയിലുള്ള ടീം കയറിവരണമെങ്കിൽ കഠിനാധ്വാനം മാത്രമേയുള്ളൂ മാർഗം. കുറുക്കുവഴികളില്ല. എല്ലാവർക്കും ജയം വേണം. നിങ്ങൾക്കും വേണം, എനിക്കും വേണം. ക്വാളിറ്റിയുള്ള കായികതാരങ്ങൾ ഒരിക്കലും ജയത്തിലേക്കു കുറുക്കുവഴി തേടാറില്ല. നാളെ ഞാൻ കപ്പടിക്കും എന്ന് ക്വാളിറ്റിയുള്ള താരങ്ങൾ പറയാറില്ല.

നമുക്ക് നല്ല യുവതാരങ്ങളുണ്ട്. ഐഎസ്എൽ കളിക്കാത്തവരും ആ കൂട്ടത്തിലുണ്ട്. ടീമിനെ പടുത്തുയർത്തുക എന്ന പ്രോസസിൽ അവരും പങ്കാളികളാണ്. അവർ ഉയർന്ന തലത്തിൽ കളിക്കാൻ പഠിച്ചുവരണം. സമയമെടുക്കും. പരിശീലനമത്സരങ്ങളിൽപ്പോലും തോൽവി ഇഷ്ടമില്ലാത്തയാളാണു ‍ഞാൻ. പക്ഷേ പ്രോസസിന്റെ ഭാഗമായി യുവാക്കൾ കളിക്കുമ്പോൾ ജയിക്കണമെന്നില്ല. പരിശീലന മത്സരങ്ങളിലെ തോൽവി പഠനത്തിന്റെ ഭാഗമാണ്. റോജർ ഫെഡററുടെ ബാക്ക് ഹാൻഡ് ഷോട്ടുകൾ ഏതാനും മാസംകൊണ്ട് ഉണ്ടായതല്ല. പരിശീലിച്ചു നേടിയതാണ്.

ബ്ലാസ്റ്റേഴ്സിലെ 4 യുവാക്കൾ ദേശീയ യൂത്ത് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അഭിമാനം പകരുന്ന കാര്യമാണ്. അവരാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി. നമ്മുടെ യുവാക്കൾ പഠിച്ചു കയറിവരട്ടെ. പന്തുകളിയിൽ സാങ്കേതികമായും തന്ത്രങ്ങളുടെ മേഖലയിലും ശാരീരികമികവിലും മാനസികമായ കരുത്തിലും ഒരുപോലെ വളരണം. ഏതെങ്കിലും ഒന്നിൽ പിന്നാക്കമായാൽ മുൻനിരയിൽ എത്താനാവില്ല. പ്രകടനത്തിനു സ്ഥിരതവേണം. നല്ല പ്രകടനം ഒന്നോ രണ്ടോ കളിയിൽ മാത്രമായാൽപ്പോരാ. സ്ഥിരത തുടരുന്നത് എങ്ങനെയെന്ന് അവർ പഠിക്കണം. അതു ജീവിതത്തിന്റെ ചര്യയാവണം. ഏകാഗ്രത ആവശ്യമാണ്. അതിൽനിന്നേ പോസിറ്റീവ് എനർജി വരൂ.

ivan-vukomanovic-4
ഇവാൻ വുക്കൊമനോവിച്ച് (ട്വിറ്റർ ചിത്രം)

ഫുട്ബോളിൽ ഭാഗ്യം എന്നൊരു ഘടകമുണ്ട്. മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്സിനു ഭാഗ്യത്തിന്റെ കൂട്ട് ഉണ്ടായിരുന്നില്ലെന്നു പറയുന്നവരുണ്ട്. പരുക്ക്, റഫറിയുടെ ചില മോശം തീരുമാനങ്ങൾ എന്നിവയൊക്കെ ടീമിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാവാം. ഭാഗ്യക്കേട് ആണെന്നു പറയാം. പക്ഷേ കായികരംഗത്ത് ഭാഗ്യത്തിന്റെ ഘടകമുണ്ടാകാം. പക്ഷേ പ്രഫഷനൽ സ്പോർട്സിൽ കഠിനാധ്വാനത്തിലൂടെ ഭാഗ്യത്തിനു നിങ്ങൾ അർഹനാകണം. അതാണ് എന്റെ കാഴ്ചപ്പാട്. മഴ മൂലം പരിശീലനം നഷ്ടമാകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്. മഴ പെയ്ത കളത്തിൽനിന്നു പരുക്കുമായി കയറിപ്പോരേണ്ട ഗതികേടും ഉണ്ടാവാം.

പക്ഷേ കഠിനാധ്വാനം എന്നു പറഞ്ഞാൽ, കിട്ടുന്ന സമയത്തു പരമാവധി അധ്വാനിക്കുക എന്നതാണ്. വെറും 6 ആഴ്ച മാത്രം പ്രീസീസൺ ലഭിച്ച അനുഭവം ബൽജിയത്തിൽ എനിക്കുണ്ടായി. ആ 6 ആഴ്ച എങ്ങനെ ഫലപ്രദമായി വിനിയോഗിക്കും എന്നതാണു പ്രധാനം. നല്ല പ്രീസീസൺ ആണു സീസണിലേക്കുള്ള കളിക്കാരുടെ ഇന്ധനം. 5000 കിലോമീറ്റർ ഓടാനുള്ള വണ്ടിയിൽ അതിനുള്ള ഇന്ധനം വേണം. 100 കിലോമീറ്റർ ഓടാനുള്ള ഇന്ധനം നിറച്ചിട്ട് 5000 കിലോമീറ്റർ യാത്ര തുടങ്ങുന്നതുപോലെയാണ് നല്ല പ്രീസീസൺ ഇല്ലാതെ ലീഗിലേക്കു കടക്കുന്നത്. നിങ്ങൾ ഓഫ് സീസണിൽ നാട്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനെ പ്രീസീസൺ എന്നു കണക്കാക്കാനാവില്ല.

ഈ ബ്ലാസ്റ്റേഴ്സ് ടീമിൽ എല്ലാ കളിക്കാരും ഒരേ നിലവാരത്തിലല്ല. പലരും പല തട്ടിൽ നിൽക്കുന്നു. ഓരോരുത്തരെയും വ്യക്തിപരമായി വിലയിരുത്തി, മെച്ചവും പോരായ്മയും പറഞ്ഞുകൊടുക്കുകയാണിപ്പോൾ. കൂടുതൽ മെച്ചപ്പെടാനും പോരായ്മകൾ പരിഹരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവർ ഒത്തൊരുമയുള്ള ടീമായി മാറുന്നതാവും നിർണായകം. അതിനുള്ള സമയം നമുക്ക് ഇപ്പോഴുണ്ട്. ലീഗ് തുടങ്ങാൻ ഇനിയും സമയമുണ്ട്.

English Summary: Interview with KBFC coach Ivan Vukomanovic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com