ADVERTISEMENT

ഒൻപതാം വയസ്സിൽ ലിവർപൂൾ ക്ലബ്ബിന്റെ പടികയറിയ ഒരാൾ. കരിയറിലെ ഏറ്റവും മനോഹരമായ 17 വർഷക്കാലം ശ്വസിച്ചതും ജീവിച്ചതും അതേ ക്ലബ്ബിൽ. 6 വർഷം മുൻപ് വീണ്ടും വരുമെന്ന വാക്കുനൽകി യാത്ര പറഞ്ഞ സ്റ്റീവൻ ജോർജ് ജെറാർദ് ഇതാ ശനിയാഴ്ച ഇടക്കാല സന്ദർശനത്തിന് ആൻഫീൽഡ് സ്റ്റേഡിയത്തിലെത്തുന്നു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ലിവർപൂളിന്റെ ഇതിഹാസതാരമെന്നു പലവട്ടം വിശേഷിപ്പിക്കപ്പെട്ട സ്റ്റീവൻ ജെറാർദ് ഇത്തവണ വരുന്നതു വെറുമൊരു സന്ദർശകനായല്ല. പ്രിമിയർ ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ ആസ്റ്റൻ വില്ലയുടെ പരിശീലകനായാണ്. ശനി ഇന്ത്യൻ സമയം രാത്രി 8.30നാണ് കിക്കോഫ്.

എത്ര വേണ്ടെന്നു വച്ചാലും, മനസ്സെത്ര കടുപ്പമുള്ളതാകയാലും ജെറാർദിന് കഴിഞ്ഞ കാലത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ കഴിയില്ലെന്നുറപ്പ്. തന്റെ ഓരോ ഗോളിനുമൊപ്പം ആരവം മുഴക്കിയ പ്രിയ ഗാലറികൾക്കു നേരെ നോക്കുമ്പോൾ ആരാധകരുടെ കുപ്പായത്തിലെ ചുവപ്പ് ജെറാർദിന്റെ കണ്ണുകളിലും പടരുമെന്നുറപ്പ്. കാരണം, താൻ ഒരിക്കലും വിട്ടുപോകരുതെന്ന് ആശിച്ച ഒരിടമാണിത്. തന്റെ അർധസഹോദരന്റെ ഓർമകൾ ജീവിക്കുന്നയിടം. കളിക്കാരന്റെയും ക്യാപ്റ്റന്റെയും കുപ്പായമഴിച്ചുവച്ച് 2015ൽ ലിവർപൂളിൽനിന്നു മടങ്ങുമ്പോൾ ജെറാർദ് പറഞ്ഞ വാക്കുകൾ ഓർമയിലുള്ള ആരാധകരുണ്ട്: ‘ഞാൻ തിരിച്ചുവരും. പരിശീലകനായി ഇവിടേക്കു തന്നെ മടങ്ങിവരും. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ഇതിഹാസ പരിശീലകരായിരുന്ന സർ അലക്സ് ഫെർഗൂസനെയും ആർസീൻ വെഗംറെയും ചേർത്തുവച്ചൊരു കോച്ചായിരിക്കും അപ്പോൾ ഞാൻ.’ ആ വാക്കുകൾ ഏറെക്കുറെ സത്യമായിത്തുടങ്ങുകയാണ്. 

സ്കോട്‌ലൻഡ് ക്ലബ് റേഞ്ചേഴ്സിനെ കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും തോൽവിയറിയാതെ ലീഗ് കിരീടത്തിലേക്കു നയിച്ചാണ് ജെറാർദ് ആദ്യം പേരെടുത്തത്. പിന്നാലെ, ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ മോശം പ്രകടനത്തിന്റെ പേരിൽ കോച്ച് ഡീൻ സ്മിത്തിനെ പുറത്താക്കിയ ഉടൻ ആസ്റ്റൻ വില്ല ജെറാർദുമായി കരാർ ഉറപ്പിച്ചു. ജെറാർദ് വന്നതിനു ശേഷം ആസ്റ്റൻ വില്ലയുടെ കളിശൈലിയിൽ കാതലായ മാറ്റങ്ങളുണ്ടായി. ശനിയാഴ്ച രാത്രി ലിവർപൂളിനെ കീഴടക്കാൻ സാധിച്ചാൽ, ഈ സീസണിൽ വേറൊരു കിരീടം ആസ്റ്റൻ വില്ലയ്ക്കു നേടിക്കൊടുത്തില്ലെങ്കിലും ജെറാർദിനു പരിശീലകന്റെ കസേരയിൽ ധൈര്യമായി കൈയും കെട്ടിയിരിക്കാം. 

സ്കോട്ടിഷ് ലീഗിൽ തുടർച്ചയായ 9 വർഷം ജേതാക്കളായിരുന്ന സെൽറ്റിക്കിനെ അട്ടിമറിച്ചാണു കഴിഞ്ഞ വർഷം ജെറാർദിന്റെ ടീമായ റേഞ്ചേഴ്സ് ജേതാക്കളായത്. ഒരു കളി പോലും തോൽക്കാതെയായിരുന്നു കിരീടധാരണം. ഇതുവഴി താരപദവിയിലേക്കുയർന്ന ജെറാർദ്, യുർഗൻ ക്ലോപ്പിന്റെ പിൻഗാമിയായി തന്റെ പഴയ ക്ലബ് ലിവർപൂളിലേക്ക് എത്തുമെന്നായിരുന്നു സകലരും കരുതിയിരുന്നത്. ബർമിങ്ങാമിലുള്ള ആസ്റ്റൻ വില്ല ക്ലബ്ബിലേക്കുള്ള വരവ് ലിവർപൂളിലേക്കുള്ള യാത്രയുടെ ദൂരം കുറച്ചു എന്നു കരുതുന്നവരാണ് അധികവും.

ലിവർപൂളിന്റെ 8–ാം നമ്പർ ജഴ്സിയിൽ സെൻട്രൽ മിഡ്ഫീൽഡറായി കളത്തിലേക്കു വന്ന സ്റ്റീവൻ ജെറാർദ് കളിക്കാത്ത പൊസിഷനുകളില്ല. 2–ാം സ്ട്രൈക്കറായി കളത്തിലിറങ്ങിയാണു ലിവർപൂളിനു യുവേഫ ചാംപ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ 3–0നു മുന്നിൽ നിന്ന എസി മിലാനെ മൂന്നെണ്ണം തിരിച്ചടിച്ചു സമനിലയിലാക്കി, പെനൽറ്റി ഷൂട്ടൗട്ടിൽ വീഴിച്ചു നേടിയ കിരീടത്തിനു ക്ലബ് കടപ്പെട്ടിരിക്കുന്നതു ജെറാർദിനോടു മാത്രമാണ്! ഹോൾഡിങ് മിഡ്ഫീൽഡർ, അറ്റാക്കിങ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക്, റൈറ്റ് വിങ്ങർ എന്നീ പൊസിഷനുകളിലും ജെറാർദ് കളിച്ചു. 1998–2015 കാലത്തിനിടെ ലിവർപൂളിനായി എഴുന്നൂറോളം മത്സരങ്ങൾക്കിറങ്ങി.

ജെറാർദിന്റെ അർധസഹോദരൻ ജോൺ പോളിന്റെ ആത്മാവുറങ്ങുന്ന മണ്ണാണ് ആൻഫീൽഡിലേത്. 1989ൽ ലോകത്തെ നടുക്കിയ ഹിൽസ്ബ്രോ സ്റ്റേഡിയം ദുരന്തത്തിലെ രക്തസാക്ഷിയാണു ജോൺ പോൾ. എഫ്എ കപ്പ് സെമിഫൈനലിൽ, ലിവർപൂളും നോട്ടിങ്ങാം ഫോറസ്റ്റും തമ്മിലുള്ള കളിക്കിടെ 96 പേർ മരിച്ച തിക്കിലും തിരക്കിലുമാണ് പത്തു വയസ്സുകാരൻ ജോൺ പോളിനു ജീവിതം നഷ്ടപ്പെട്ടത്. അന്ന് എട്ടു വയസ്സുകാരൻ ജെറാർദിനു താങ്ങാവുന്നതിലും അധികമായിരുന്നു അത്.

ആ മരണം സൃഷ്ടിച്ച വേദനയുടെ ഓർമയുമായാണു പിറ്റേവർഷം ജെറാർദ് ലിവർപൂളിന്റെ യൂത്ത് അക്കാദമിയിലേക്കു വന്നത്. ജോൺ പോളിന്റെ ഇഷ്ട ക്ലബ്ബിലായിരിക്കും തന്റെ കളിജീവിതമെന്ന് അന്നു തീരുമാനിച്ചതായി തന്റെ ആത്മകഥയിൽ ജെറാർദ് പറഞ്ഞിട്ടുണ്ട്. തീരുമാനം തെറ്റിയില്ല. ലിവർപൂളിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇങ്ങനെയൊരു കളിക്കാരൻ ഉണ്ടായിട്ടില്ല. ഫ്രാൻസിന്റെ ഇതിഹാസതാരം സിനദിൻ സിദാൻ പറഞ്ഞിട്ടുണ്ട്: ജെറാർദിനെപ്പോലെ ഒരു കളിക്കാരനെ ഞാൻ വേറെ കണ്ടിട്ടില്ല.

ജെറാർദിന്റെ കരിയർ ഇവിടെ പക്ഷേ, അവസാനിക്കുന്നില്ല. ആസ്റ്റൻ വില്ല പരിശീലകനായുള്ള തിരിച്ചുവരവ് ഒരു തുടക്കം മാത്രമാണ്. ജർമൻകാരൻ പരിശീലകൻ യുർഗൻ ക്ലോപ്പ് എന്നു ക്ലബ് വിടുന്നുവോ അന്നു ലിവർപൂൾ ആദ്യം വിളിക്കുക ജെറാർദിനെയായിരിക്കുമെന്ന് ഉറപ്പ്. ജെറാർദിനോടുള്ള വ്യക്തിപരമായ ഇഷ്ടം കൊണ്ടല്ല അത്. പ്രഫഷനൽ പരിശീലകനെന്ന നിലയ്ക്ക് ലിവർപൂളിനെ തോളിലേറ്റാൻ പറ്റിയൊരാൾ വേറെയധികമില്ലെന്ന് ആരാധകർക്കും ക്ലബ് മാനേജ്മെന്റിനും അത്രമേൽ അറിയാം. 

ശനിയാഴ്ച രാത്രി ജെറാർദിനെ വീണ്ടും കാണാൻ ചെമ്പടപ്രേമികൾ കാത്തിരിക്കുന്നു. പ്രിയ സ്റ്റീവൻ, ബാക്കി കളത്തിലാവട്ടെ കളി! 

English Summary: Steven Gerrard returns to Anfield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com