ADVERTISEMENT

കൊച്ചി∙ ജംഷഡ്പൂരിനെ കീഴടക്കി ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളത്തിന്റെ കൊമ്പൻമാർ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരള ബ്ലാസ്റ്റേഴ്സിന്റെ എട്ടാം വിജയം. 12 കളികൾ പൂർത്തിയാക്കുമ്പോൾ മൂന്നെണ്ണം മാത്രം തോറ്റ ബ്ലാസ്റ്റേഴ്സിന് 25 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സിനായി അപ്പോസ്തലസ് ജിയാനു (9–ാം മിനിറ്റ്), ദിമിത്രിയോസ് ഡയമെന്റകോസ് (31, പെനൽറ്റി), അഡ്രിയൻ ലൂണ (65) എന്നിവർ ഗോളുകൾ നേടി. ജംഷഡ്പൂരിന്റെ ഏകഗോൾ നൈജീരിയൻ താരം ഡാനിയൽ ചിമ സ്വന്തമാക്കി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോഴും ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു (1–0)

ഗോളുകൾ വന്ന വഴി

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ– ഒൻപതാം മിനിറ്റിൽ ഗ്രീക്ക്– ഓസ്ട്രേലിയ സഖ്യനീക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളെത്തിച്ചത്. ദിമിത്രിയോസ് ഡയമെന്റകോസിന്റെ അസിസ്റ്റിൽ‍ ജിയാനുവിന്റെ തകർപ്പൻ നീക്കം ജംഷഡ്പൂർ വലയിൽ. ജിയാനുവിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഇടം കാൽ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തി. അതുവരെ ഗോള്‍ നേടുന്നതിനായി ബ്ലാസ്റ്റേഴ്സ് നടത്തിയ നിരന്തര പരിശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തി.

ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടം ആഘോഷിക്കുന്ന താരങ്ങൾ
ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേട്ടം ആഘോഷിക്കുന്ന താരങ്ങൾ. Photo: FB@ISL

17–ാം മിനിറ്റിലെ സമനില ഗോൾ– ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിതയുടെ മുന്നേറ്റം കയറിയെത്തിയ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ തട്ടിയകറ്റി. എന്നാൽ റീബൗണ്ട് കിട്ടിയ പന്ത് ഡാനിയൽ ചിമ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തട്ടിയിട്ടു. ചിമയുടെ ഇടം കാൽ ഷോട്ട് ചാടി തടുക്കാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ലെസ്കോ ശ്രമിച്ചു. പക്ഷേ ലെസ്കോയുടെ കാലില്‍ തട്ടി പന്ത് വലയിൽ. സ്കോർ 1–1.

ബ്ലാസ്റ്റേഴ്സിന്റെ പെനൽറ്റി ഗോൾ– 31–ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റം തടയുന്നതിനിടെ പെനൽറ്റി ഏരിയയിൽ ജംഷഡ്പൂർ താരം ബോറിസ് സിങ്ങിന്റെ ഹാൻഡ് ബോൾ. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചതോടെ റഫറി പെനൽറ്റി അനുവദിച്ചു. ദിമിത്രിയോസിന്റെ ഇടം കാൽ കിക്ക് വലയുടെ ഇടതുമൂലയിൽ ചെന്നുവീണു.

ലൂണയുടെ ഗോൾ– ജംഷഡ്പൂർ ബോക്സിൽ ലൂണയുടെ തകർപ്പൻ കളി. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കു പാസ് നല്‍കി ജംഷഡ്പൂർ ബോക്സിലെത്തിയ ലൂണയ്ക്കു ഷോട്ടെടുക്കുംമുൻപ് അടിക്കാൻ പാകത്തിൽ വച്ചു നൽകിയത് അപോസ്തലസ് ജിയാനു. ബോക്സിന്റെ മധ്യത്തിൽനിന്ന് ലൂണയുടെ ഇടം കാൽ ഷോട്ട് ജംഷഡ്പൂർ വലയുടെ ഇടതുമൂലയിൽ പതിച്ച് ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലെ ഏക ഗോളും ലൂണയുടേതാണ്. സ്കോര്‍ 3–1

അടി, തിരിച്ചടി, പെനൽറ്റി...

അപ്പോസ്തലസ് ജിയാനുവിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും ദാനിയൽ ചീമയിലൂടെ ജംഷഡ്പൂർ സമനില കാണുകയും, ദിമിയുടെ പെനൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡ് പിടിക്കുകയും ചെയ്തതാണ് ആദ്യ പകുതിയുടെ ആകെത്തുക. നിരന്തരമായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ജംഷഡ്പൂർ മുന്നേറ്റങ്ങൾ ഏതാനും കൗണ്ടറുകളിൽ ഒതുങ്ങി. മത്സരത്തിന്റെ ആദ്യ സെക്കൻഡില്‍ തന്നെ പന്ത് ജംഷഡ്പൂ‍ർ ബോക്സിലേക്ക് എത്തിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ കർണെയ്റോയുടെ ശ്രമം ത്രോ ഇന്നിൽ അവസാനിച്ചു. മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണർ കിക്കെടുത്ത അഡ്രിയൻ ലൂണ പന്ത് സഹലിന് നൽകിയെങ്കിലും മികച്ചൊരു മുന്നേറ്റം സാധ്യമായില്ല. പിന്നാലെയെത്തിയ രണ്ട് കോ‍ർണറുകളും ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തിച്ചില്ല.

22-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് യുവതാരം കെ.പി. രാഹുലിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 34-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളിനായുള്ള ശ്രമം പുറത്തേക്കുപോയി. ജിയാനു ബോക്സിനു മധ്യത്തിൽനിന്നെടുത്ത ഇടം കാൽ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലൂടെ പുറത്തേക്കു പോയി. 44–ാം മിനിറ്റിൽ സഹല്‍ അബ്ദുൽ സമദിന്റെ ഷോട്ട് ജംഷഡ്പുർ ഗോൾ വലയ്ക്കു ഭീഷണിയാകാതെ പുറത്തേക്കുപോയതും ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നിരാശയായി. രണ്ടു മിനിറ്റായിരുന്നു ആദ്യ പകുതിയുടെ അധിക സമയം. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം കെ.പി. രാഹുലിനെ ഫൗൾ ചെയ്തതിന്, ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ താരങ്ങൾ തമ്മില്‍ കയ്യാങ്കളിയുണ്ടായി. റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.

ലൂണ ഗോൾ പിറന്ന രണ്ടാം പകുതി

ജംഷഡ്പൂരിന്റെ ഇന്ത്യന്‍ യുവതാരം ഇഷാൻ പണ്ഡിതയുടെ മുന്നേറ്റം രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിനെ കുറച്ചൊന്നു പ്രതിരോധത്തിലാക്കി. ജംഷഡ്പൂർ താരം ദാനിയൽ ചീമയെ ലക്ഷ്യമാക്കിയുള്ള പണ്ഡിതയുടെ ക്രോസ് പക്ഷേ പരാജയപ്പെട്ടുപോയി. 59–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരം സന്ദീപ് സിങ്ങിന്റെ പവർഫുൾ ഷോട്ട് ജംഷ‍ഡ്പൂർ ഗോളി പണിപ്പെട്ട് ബാറിനു മുകളിലേക്കു തട്ടിയിട്ട് രക്ഷപെടുത്തി. തുടര്‍ന്ന് സമനില ഗോൾ നേടാനുള്ള ജംഷഡ്പൂരിന്റെ ഏതാനും നീക്കങ്ങളും കൊച്ചിയിൽ കണ്ടു. എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധത്തിലും കോട്ട കെട്ടിയതോടെ അവയെല്ലാം പാഴായി.

അഡ്രിയൻ ലൂണയിലൂടെ മൂന്നാം ഗോൾ വഴങ്ങിയതോടെ ജംഷഡ്പൂർ എഫ്സി ആദ്യ മാറ്റം കൊണ്ടുവന്നു. മുഹമ്മദ് ഉവൈസിനു പകരം ലാൽദിൻപുയും ബോറിസ് സിങ്ങിനു പകരം റിത്വിക് ദാസും വന്നു. തൊട്ടുപിന്നാലെ ഇരട്ട സബ്സ്റ്റിറ്റ്യൂഷനുമായി കേരള ബ്ലാസ്റ്റേഴ്സുമെത്തി. സഹലും ജിയാനുവും പുറത്തേക്കു പോയപ്പോൾ പകരം വന്നത് നിഹാൽ സുധീഷും വിക്ടർ മോംഗിലും. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പകരക്കാരൻ യുവതാരം നിഹാൽ സുധീഷിന്റെ മിന്നൽ നീക്കങ്ങൾ ജംഷഡ്പൂരിനെ കൂടുതൽ സമ്മർദത്തിലാക്കി.

72–ാം മിനിറ്റിൽ ജംഷഡ്പൂർ താരം ലാൽദിൻലിയാന റെന്ത്ലിയുടെ ബോക്സിനു വെളിയിൽനിന്നുള്ള വലം കാൽ ഷോട്ട് മിസ്സിൽ കലാശിച്ചു. 77–ാം മിനിറ്റിൽ നിഷുകുമാറിന്റെ പാസിൽ മലയാളി ബ്ലാസ്റ്റേഴ്സ് താരം രാഹുലിന്റെ മികച്ചൊരു ഷോട്ടും പാഴായി. ബോക്സിനു മധ്യത്തിൽനിന്നുള്ള ഇടം കാൽ ഷോട്ട് ഉയർന്നു പൊങ്ങി പുറത്തേക്കുപോയി. കളിയുടെ വേഗത വർധിപ്പിക്കുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന്‍ വുക്കൊമാനോവിച്ച് രാഹുലിനെ പിൻവലിച്ചു, പകരം വന്നത് മിന്നൽ നീക്കങ്ങൾക്കു പേരുകേട്ട ബ്രൈസ് മിറാൻഡയാണ്. മത്സരം അവസാന മിനിറ്റിലെത്തിയതോടെ പന്ത് പിടിച്ച് കളിക്കുകയെന്നതായി ബ്ലാസ്റ്റേഴ്സിന്റെ തന്ത്രം. അഞ്ച് മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ കളി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. സീസണിലെ തങ്കത്തിളക്കമുള്ള മറ്റൊരു വിജയം.

English Summary: Indian Super League 2022, Kerala Blasters vs Jamshedpur FC Match Live Updates 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com