ADVERTISEMENT

റോട്ടർഡാം (നെതർലൻഡ്സ്) ∙ ഷൂട്ടൗട്ട് ഭാഗ്യം ഇത്തവണ ക്രൊയേഷ്യയെ തുണച്ചില്ല. കഴിഞ്ഞ രണ്ടു ലോകപ്പുകളിലായി 4 പെനൽറ്റി ഷൂട്ടൗട്ടുകൾ ജയിച്ച ലൂക്ക മോഡ്രിച്ചിന്റെ ടീം യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനെതിരെ ഷൂട്ടൗട്ടിൽ തന്നെ വീണു. കൃത്യമായി പറഞ്ഞാൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോന്റെ മുന്നിൽ! ഷൂട്ടൗട്ടിൽ കൈ കൊണ്ടും കാലു കൊണ്ടുമായി 2 സേവുകളോടെ കളം നിറഞ്ഞ സിമോന്റെ മികവി‍ൽ സ്പെയിനിന്റെ ജയം 5–4ന്. നിശ്ചിത സമയത്തും അധിക സമയത്തും കളിയിൽ ഗോൾ വന്നില്ല. 2012 യൂറോ കപ്പിനു ശേഷം സ്പെയിനിന്റെ ആദ്യ രാജ്യാന്തര ട്രോഫിയാണിത്. 

ഷൂട്ടൗട്ടിൽ ക്രൊയേഷ്യയുടെ ലോവ്റോ മയെറുടെ നാലാം കിക്ക് കാലു കൊണ്ടു തടഞ്ഞാണ് സിമോൻ സ്പെയിനു മുൻതൂക്കം നൽകിയത്. എന്നാൽ സ്പെയിനു വേണ്ടി 5–ാം കിക്കെടുത്ത അയ്മെറിക് ലപോർട്ട് പന്ത് ക്രോസ് ബാറിലേക്കടിച്ചതോടെ വിധിനിർണയം സഡൻ ഡെത്തിലേക്ക്. ക്രൊയേഷ്യയുടെ ബ്രൂണോ പെറ്റ്കോവിച്ചിന്റെ അടുത്ത കിക്ക് കൈ കൊണ്ടു സേവ് ചെയ്ത് സിമോൻ വീണ്ടും സ്പെയിനെ വിജയത്തിന് അരികിലെത്തിച്ചു. ഇത്തവണ സ്പെയിനിന്റെ കിക്കെടുത്ത ഡാനി കർവഹാലിനു പിഴച്ചില്ല. സ്പെയിനു ജയം. മുപ്പത്തിയേഴുകാരൻ  ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് ഒരു രാജ്യാന്തര ട്രോഫി ഉയർത്തുന്നതു കാണാൻ റോട്ടർഡാമിലെ ഡെ കുയിപ് സ്റ്റേഡിയത്തിലെത്തിയ ക്രൊയേഷ്യൻ ആരാധകർക്ക് കണ്ണീർ മടക്കം.

ഗോൾമുഖത്ത് ലക്ഷ്യമില്ലാതെ പോയതാണ് നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമിനും തിരിച്ചടിയായത്. സ്പെയിൻ 21 ഷോട്ടുകൾ പായിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്കു വന്നത്. 84–ാം മിനിറ്റിൽ അൻസു ഫാറ്റിയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചിനെ മറികടന്നെങ്കിലും ഇവാൻ പെരിസിച്ച് ഗോൾലൈനിനു തൊട്ടു മുൻപ് ക്ലിയർ ചെയ്തു. ക്രൊയേഷ്യയുടെ 12 ഷോട്ടുകളിൽ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോനെ മറികടക്കാനായില്ല.

English Summary: Spain beat Croatia in UEFA Nations League Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com